/sathyam/media/media_files/2025/03/31/1eqHOIoI1rPp18ink8q6.jpg)
കൊച്ചി: എമ്പുരാനിൽ ഗോധ്ര കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച് ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് പൃഥിരാജിനെതിരെ ഉറഞ്ഞ് തുള്ളി ആർ.എസ്.എസ്.
സിനിമ ഹിന്ദു വിരുദ്ധമെന്നും രാജ്യ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസ് ഉറഞ്ഞ് തുള്ളുന്നത്. ഇക്കഴിഞ്ഞ മൂന്നുദിവസമായി പൃഥിരാജിനെതിരെ നിരന്തരം സംഘപരിവാറിന്റെ മുഖമാസിക ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.
സിനിമയെ സംബന്ധിക്കുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്ന മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥിരാജ് ഷെയർ ചെയ്ത ശേഷവും പൃഥിരാജിനെതിരായ ആക്രമണം ആർ.എസ്.എസ് കടുപ്പിക്കുകയാണ്.
ദ്വീപുകളെ വർഗീയമായി ചിത്രീകരിച്ച് ആധുനിക വൽക്കരിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുരോഗമന നടപടികളെ എതിർക്കാൻ ശ്രമിച്ച 'സേവ് ലക്ഷദ്വീപ്' എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ് എന്നാണ് ഇന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നത്.
സിഎഎ പ്രതിഷേധത്തിനിടെ ജാമിയ വിദ്യാർത്ഥികളെ പിന്തുണച്ചു. കൂടാതെ, ഡൽഹി പോലീസിനെ നേരിടുന്ന ആയിഷ റെന്നയെ പിന്തുണച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഇന്ദ്രജിത്ത് സുകുമാരൻ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് സി.എ.എ പ്രതിഷേധങ്ങൾ നടത്തിയതെന്നും ലേഖനം പറഞ്ഞ് വെയ്ക്കുന്നു.
ഭാരതത്തിൽ താമസിക്കുന്ന മുസ്ലീങ്ങളുടെ പൗരത്വത്തിന് കുഴപ്പം വരില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടും, തെറ്റായ വിവരങ്ങൾ പ്രചരിച്ചു. അത്തരമൊരു പ്രതിഷേധത്തിന് പൃഥ്വിരാജ് പിന്തുണ നൽകിയത് അദ്ദേഹത്തിന്റെ ഭാരത വിരുദ്ധ നിലപാടിനെ വ്യക്തമാക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു.
എന്നാൽ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായിട്ടും ആർ.എസ്.എസ് കടുത്ത ഭാഷയിൽ വിമർശനവുമായി ഇറങ്ങിയിട്ടും ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളീ ഗോപി ഇതിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്.
മോഹൻലാലിന്റെ ഖേദപ്രകടനം ഫേസ്ബുക്കിൽ പങ്ക്‌വെയ്ക്കാൻ പൃഥിരാജ് തയ്യാറായിട്ടും അത്തരം ഒരു നടപടിക്കും മുരളീ ഗോപി മുതിർന്നിട്ടില്ല.
സിനിമയിൽ നിന്നും ചില ഭാഗങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനത്തിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന സൂചനകളാണ് ചില റിപ്പോർട്ടുകളിലൂടെ പുറത്ത് വരുന്നത്. വിവാദം ചൂടുപിടിച്ചിട്ടും ഇതുവരെ ഒരു പ്രതികരണത്തിനും മുരളീ ഗോപി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.