/sathyam/media/media_files/2025/01/16/KeiR7pmnW6OAwDAmvt8n.jpg)
കുറവിലങ്ങാട് : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തിലെ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നാളെ നാലിന് പള്ളി യോഗശാലയില്‍ ചേരുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
പാല ആര്‍ഡിഒ കെ.പി ദീപയാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ദൂരസ്ഥലങ്ങളില്‍ നിന്നടക്കം പതിനായിരക്കണക്കായ തീര്‍ഥാടകര്‍ എത്തുന്ന തിരുനാള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍തലത്തില്‍ ക്രമീകരണങ്ങള്‍ ക്രോഡീകരിച്ച് നടപ്പിലാക്കുന്നത്.
പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, റവന്യൂ, പൊതുമരാമത്ത്, ആരോഗ്യം, മൃഗസംരക്ഷണം, കെഎസ്ആര്‍ടിസി, അളവുകളും തൂക്കങ്ങളും, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
തിരുനാള്‍ ദിനങ്ങളില്‍ എത്തുന്നവര്‍ക്കായി ഈ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. കുറവിലങ്ങാട് ഇടവക അതിര്‍ത്തിയിലുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
ആര്‍ച്ച് പ്രീസ്റ്റ് റവ ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ ആമുഖപ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us