/sathyam/media/media_files/2025/09/06/untitled-2025-09-06-15-36-47.jpg)
കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. 2025 നവംബർ 8ന് വത്തിക്കാനിൽ മാർപാപ്പ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.
ധന്യയായ മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിച്ച വിദഗ്ധര്‍ അംഗീകരിച്ചിരുന്നു. ഇത് മാർപാപ്പയ്ക്കു സമര്‍പ്പിച്ചിരുന്നു.
ഇത് പാപ്പാ കൂടി അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നത്. നവംബർ 8ന് വല്ലാർപ്പാടം ബസലിക്കയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും.
1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം.
ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു മദർ ഏലീശ്വ. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു.
മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു.
എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി.
ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരുന്നു അവരുടെ ആത്മീയ ഗുരു.
അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരുന്നു.