കൊച്ചി: സാങ്കേതിക മികവാര്‍ന്ന അന്വേഷണത്തിലൂടെ വ്യാജ നമ്പര്‍ പതിച്ച മോഷണ വാഹനം പിടിച്ച കഥ ഫേസ്ബുക്കില്‍ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്.
കുന്നത്തൂര്‍ സബ് ആര്‍ ടി ഓഫീസിന്‍ പരിധിയില്‍ യാത്ര ചെയ്ത KL04 AH 5423 എന്ന നമ്പറിലുള്ള വാഹനത്തിന് 25/1/25 ല്‍ ഇ ചലാന്‍ തയ്യാറാക്കിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ള നമ്പറിലേക്ക് മെസേജ് പോവുകയും ചെയ്തു.
വാഹന ഉടമ പരിശോധന നടത്തിയ എംവിഐ മുഹമ്മദ് സുജീറിനെ ബന്ധപ്പെടുകയും തന്റെ വാഹനം ആ വഴി പോയില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ മുന്‍കാല ചലാനുകളും എ ഐ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോകളും വിശദമായി പരിശോധിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് ഉള്ള വ്യക്തികളില്‍ നിന്ന് ഓടിച്ച ആളിനെ തിരിച്ചറിയുകയും. വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഈ വാഹനത്തിന്റെ ചേസിസ് നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ നമ്പര്‍ വ്യാജമാണെന്നും പ്രസ്തുത വാഹനം ഒരു വര്‍ഷം മുന്‍പ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷണം പോയ കൊല്ലം സ്വദേശിയുടേത് ആണെന്നും മനസ്സിലായി. വാഹനം തുടര്‍ നടപടികള്‍ക്കായി ശൂരനാട് പോലീസിന് കൈമാറി.
കൃത്യമായ മൊബൈല്‍ നമ്പര്‍ റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനാല്‍ യഥാര്‍ത്ഥ ഉടമസ്ഥന്‍ വലിയ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവായി.