മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു

New Update
photo 1

തിരുവനന്തപുരം: വിദേശ വിപണി വിപുലീകരിക്കുന്നതിനായി മില്‍മ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ആര്‍.ജി ഫുഡ്സ്, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ എന്നീ കമ്പനികളുമായാണ് മില്‍മ ത്രികക്ഷി കരാറില്‍ ഒപ്പുവച്ചത്.

മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയുടെ സാന്നിധ്യത്തില്‍ മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, ആര്‍.ജി ഫുഡ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വിഷ്ണു ആര്‍.ജി, മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഉടമ ബിന്ദു ഗണേഷ് കുമാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ധാരണപ്രകാരം മില്‍മ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആര്‍.ജി ഫുഡ്സ് നടത്തും. ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, ചരക്ക് കൈമാറ്റം എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇറക്കുമതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.

ഉല്‍പ്പന്നങ്ങളുടെ മേല്‍ ഉടമസ്ഥാവകാശമില്ലാതെ പ്രവര്‍ത്തന നിര്‍വഹണം, സൗകര്യങ്ങള്‍, ഏകോപനം എന്നിവയ്ക്കായി മിഡ്നൈറ്റ്സണ്‍ ഗ്ലോബല്‍ ഏകോപന പങ്കാളിയായി പ്രവര്‍ത്തിക്കും.

ഗുണനിലവാരത്തിന് പേരുകേട്ട മില്‍മ ഉല്‍പ്പന്നങ്ങളുടെ വിദേശ വിപണി വിപുലീകരണത്തിലെ നാഴികക്കല്ലാണ് ഈ കരാറെന്ന് കെ.എസ് മണി ചടങ്ങില്‍ പറഞ്ഞു. മില്‍മ ഉല്‍പ്പന്നങ്ങള്‍ ഇതിനകം തന്നെ പ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്. അവിടെ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രവാസി ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisment

 ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും നിരവധി മലയാളികള്‍ ഉണ്ടെന്നത് മില്‍മ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് ഗുണം ചെയ്യും. സഹകരണ പ്രസ്ഥാനം എന്ന നിലയില്‍ മില്‍മയുടെ വളര്‍ച്ചയുടെയും വിപണി വിപുലീകരണത്തിന്‍റെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ക്ഷീരകര്‍ഷകരാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മില്‍മയുടെ ലാഭവിഹിതത്തില്‍ 92.5 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പനീര്‍, പായസം മിക്സ്, ഡയറി വൈറ്റ്നര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യുകയെന്ന് ആസിഫ് കെ യൂസഫ് പറഞ്ഞു. മലയാളികള്‍ കൂടുതല്‍ ഉള്ള രാജ്യങ്ങളിലേക്ക് മില്‍മ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി സാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ജി ഫുഡ്സ് ചെയര്‍മാന്‍ ആര്‍.ജി രമേഷ്, എം.ഡി അംബിക രമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മില്‍മ മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്യു എ സീനിയര്‍ മാനേജര്‍ മുരുകന്‍ വി.എസ് നന്ദി പറഞ്ഞു.

മില്‍മയുടെ മാര്‍ഗനിര്‍ദേശങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും അനുസരിച്ചാണ് കയറ്റുമതിക്കായുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും പാക്ക് ചെയ്യുകയും ചെയ്യുക. കൂടാതെ ഉല്‍പാദനവും വില്‍പ്പനയും നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

നിര്‍ദ്ദിഷ്ട വിപണികളിലെ ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ആര്‍.ജി ഫുഡ്സ് വഹിക്കും. കയറ്റുമതി, ഗതാഗതം, കസ്റ്റംസ് ക്ലിയറന്‍സ്, വിദേശ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ പരിഹരിക്കേണ്ട ചുമതലയും ആര്‍.ജി ഫുഡ്സിനായിരിക്കും.

Advertisment