മൂവി ഡസ്ക്
Updated On
New Update
/sathyam/media/media_files/y2Azt8b9Nbpeji4rMxxs.jpg)
കൊച്ചി: മോഹൻലാലിനെ അധിക്ഷേപിച്ച വ്ളോഗർക്കെതിരെ പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്ത നടപടിയെ ചൊല്ലി മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മയിൽ' ചേരിതിരിവ്. മോഹൻലാലിനെതിരെ അധിക്ഷേപം ഉണ്ടായപ്പോൾ പരാതി നൽകാൻ തിടുക്കം കാട്ടിയ നേതൃത്വം മമ്മൂട്ടിക്കെതിരെ സൈബറിടത്തിൽ ആക്രമണം നടന്നപ്പോൾ മൗനം പാലിച്ചെന്ന വിമർശനമാണ് 'അമ്മ' സംഘടനയിൽ ഭിന്നതക്ക് വഴിവെച്ചിരിക്കുന്നത്.
Advertisment
'പുഴു' സിനിമയുടെ പേരിൽ മമ്മൂട്ടിയെ മത തീവ്രവാദിയായി ചിത്രീകരിച്ചപോൾ സംഘടനാ തലപ്പത്ത് നിന്ന് ആരും തന്നെ അതിനെ പ്രതിരോധിക്കാനോ പരാതി നൽകുന്നത് പോലെയുളള നടപടിക്കോ തയാറായില്ലെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നേതൃത്വം മാറി. നിലപാടോ ?
എന്നിട്ടും അമ്മയുടെ പഴയതോ പുതിയതോ ആയ നേതൃത്വത്തിലുളള ആരും തന്നെ അതിനെ ഗൗരവമായി എടുത്ത് നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നും വിമർശനമുണ്ട്. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകളോ, സിനിമകളുടെ വിവരങ്ങളോ ചിത്രങ്ങളോ എന്തുതന്നെയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും അതിന് താഴെ അദ്ദേഹത്തെ മതതീവ്രവാദിയായി ചിത്രീകരിക്കുന്ന കമൻറുകൾ വന്നു നിറയുന്നതാണ് ഇപ്പോഴത്തെ പ്രവണത.
ബോധപൂർവ്വം തയാറാക്കിയ അജണ്ടയുടെ ഭാഗമാണിതെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തമാണ്. ഈ പ്രവണത അഭംഗുരം തുടർന്നിട്ടും 'അമ്മ' സംഘടന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മോഹൻലാലിനെ പട്ടാള വേഷം ഇട്ടതിന് വിമർശിച്ച യൂട്യൂബർ 'ചെകുത്താൻ' എന്ന പേരിൽ അറിയിപ്പെടുന്ന അജു അലക്സിനെതിരെ പരാതി നൽകാൻ കാണിച്ച ഉത്സാഹം മമ്മൂട്ടിയുടെ കാര്യത്തിൽ സംഘടനാ തലപ്പത്ത് നിന്ന് ഉണ്ടായിട്ടില്ല.
വിവേചനം മമ്മൂട്ടിയോടോ ?
യൂട്യൂബർ 'ചെകുത്താനി'ൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. എന്നിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്തത് വിവേചനപരമാണെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവരുടെ വിമർശനം.
മോഹൻലാലിനെ അധിക്ഷേപിച്ചവരെ മാത്രം പിടികൂടാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും താൽപര്യം കാണിക്കുന്ന 'അമ്മ' നേതൃത്വം മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബറാക്രമണം എന്തുകൊണ്ട് കാണുന്നില്ലെന്ന ചോദ്യം രാഷ്ട്രീയരംഗത്ത് നിന്നും ഉയരുന്നുണ്ട്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിൻെറ സംസ്ഥാന പ്രസിഡൻറ് എൻ.അരുണാണ് 'അമ്മ' യുടെ ഇരട്ടത്താപ്പ് സമീപനം ചോദ്യം ചെയ്ത് രംഗത്തുവന്നത്.
പ്രതികരിച്ച് രാഷ്ട്രീയ നേതൃത്വവും !
രണ്ട് മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന, അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണെന്നാണ് എൻ.അരുണിൻെറ പ്രതികരണം.
'യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ മതത്തിൻ്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ 'അമ്മ' പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു'' - ചലച്ചിത്ര പ്രവർത്തകൻ കൂടിയായ എൻ. അരുൺ ഫേസ് ബുക്കിൽ കുറിച്ചു.
ചലചിത്ര അഭിനേതാക്കളുടെ സംഘടനയിലും ഇതേ അഭിപ്രായക്കാര്‍ ഏറെ ഉണ്ട്. എന്നാല്‍ അവരാരും തല്‍ക്കാലം പരസ്യ വിമര്‍ശനത്തിന് തയ്യാറായിട്ടില്ല . എന്നാല്‍ മമ്മൂട്ടിക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ സംഘടന തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അമ്മയ്ക്കുള്ളില്‍ നിന്നു തന്നെ പരസ്യ വിമര്‍ശനങ്ങള്‍ ഉയരും എന്നാണ് സൂചന .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us