മുപ്പതും കടന്ന് മുന്നോട്ട്; മേളയുടെ മൂന്ന് പതിറ്റാണ്ടുകൾ ഓർത്തെടുത്ത് ഓപ്പൺ ഫോറം

New Update
e82df377-1ec7-425b-bf1d-92818459d78d

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനം നടന്ന ഓപ്പൺ ഫോറം ഐഎഫ്എഫ്കെ പിന്നിട്ട ചരിത്ര നാൾവഴികളെ ഓർത്തെടുക്കുന്നതിനും, മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി.

Advertisment

ശരാശരിക്ക് മുകളിലുള്ളതും സാങ്കേതികപരമായും സൗന്ദര്യപരമായും ഏതെങ്കിലും വിധത്തിൽ പുതുമകൾ ഉൾക്കൊള്ളുന്നതുമായ സിനിമകളാണ് ആസ്വാദകർ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 
യുവാക്കളുടെ സജീവ സാന്നിധ്യം ചലച്ചിത്രമേളയെ കൂടുതൽ ജീവസുറ്റതാക്കുന്നുവെന്നും അടൂർ പറഞ്ഞു.

ഐഎഫ്എഫ്കെയുടെ വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ കേരള ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ  പങ്കിനെക്കുറിച്ച് സിനിമ നിരൂപകൻ വി കെ ജോസഫ് സംസാരിച്ചു. ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും ഉൾക്കൊണ്ട് തുറന്ന ചർച്ചകൾക്ക് വേദിയാകുന്ന ഓപ്പൺ ഫോറം  ഐഎഫ്എഫ്ക യെ മറ്റു ചലച്ചിത്രമേളകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളിയുടെ സിനിമാ കാഴ്ച്ചകളിലും അഭിരുചികളിലും സ്വാധീനം ചെലുത്തിയ ഐഎഫ്എഫ്കെ യുടെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന യാത്ര വിജയകരവും അതിശയിപ്പിക്കുന്നതുമാണെന്ന് സംവിധായകൻ ടി കെ രാജീവ് കുമാർ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മോഡറേറ്റ് ചെയ്ത ഓപ്പൺ ഫോറത്തിൽ അക്കാദമി മുൻ വൈസ് ചെയർപേഴ്സണും ചലച്ചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന ബീന പോൾ, സംവിധായകൻ കമൽ, മീര സാഹിബ്, സംവിധായകൻ വി ആർ ഗോപിനാഥ്, ഡോ. ബാബു ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ തുടങ്ങിയവരും പങ്കെടുത്തു.

Advertisment