എംപിഇഡിഎയുടെ ദേശീയ മത്സ്യോത്പന്ന മൂല്യവര്‍ധിത ഒളിമ്പ്യാഡ്- ഒന്നാം സമ്മാനം പള്ളുരുത്തി സ്വദേശി തന്‍സീറിന്

New Update
NSO Finals 1
കൊച്ചി: എംപിഇഡിഎ ചെന്നൈയില്‍ സംഘടപ്പിച്ച സീഫുഡ് എക്‌സ്‌പോ ഭാരതിനോടനുബന്ധിച്ച നടന്ന പ്രഥമ ദേശീയ സമുദ്രോത്പന്ന മൂല്യവര്‍ധിത നൈപുണ്യ ഒളിമ്പ്യാഡില്‍ പള്ളുരുത്തി  സ്വദേശി തന്‍സീര്‍ കെ ആര്‍ വിജയിയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അബാദ് ഫുഡ്‌സ് ജീവനക്കാരനായ തന്‍സീറിന് ലഭിച്ച പുരസ്‌ക്കാരം.
Advertisment

ഇതാദ്യമായാണ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) ഇത്തരമൊരു നൈപുണ്യ ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ധനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.

ലോക്‌സഭാംഗവും എംപിഇഡിഎ അതോറിറ്റി അംഗവുമായ ഹൈബി ഈഡനും എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമിയും ചേര്‍ന്ന് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ഇദയം ഫ്രോസണ്‍ ഫുഡ്‌സ് തൂത്തുക്കുടിയിലെ ബാലമുരുഗന്‍ ഐ രണ്ടാം സ്ഥാനവും ആന്ധ്രപ്രദേശിലെ കോസ്റ്റല്‍ കോര്‍പറേഷനില്‍ നിന്നുള്ള സന്ധ്യ റാണി പാലപാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ആന്ധ്രപ്രദേശിലെ സന്ധ്യ അക്വ എക്‌സ്‌പോര്‍ട്ടിലെ ഡി അനിത നാലാമതുമെത്തി.

ചെമ്മീനിന്റെ വാല് നിലനിറുത്തി തൊലി പൊളിച്ച് വേവിക്കാനും, ചെമ്മീന്‍ റിംഗ് ഉണ്ടാക്കാനുമായിരുന്നു ഫൈനലില്‍ നല്‍കിയിരുന്ന ചലഞ്ച്. ഇത് 80 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണമായിരുന്നു. പ്രവൃത്തിയിലെ മികവ്, ശുചിത്വം, അവതരണം എന്നിവയാണ് വിധിനിര്‍ണയത്തില്‍ മാനദണ്ഡമാക്കിയത്.
 
രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്ക് യഥാക്രമം, 75,000, 50,000, 25,000 തുകയാണ് സമ്മാനമായി നല്‍കിയത്.  ഐസിഎആര്‍-സിഐഎഫ്ടി കൊച്ചിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. പാര്‍വതി യു, എന്‍ഐഎഫ്പിഎച്എടിടി വിശാഖപട്ടണത്തെ പ്രൊസസിംഗ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‌സ് സൂപ്പര്‍വൈസര്‍ ബി. കോടേശ്വര്‍, പാറയില്‍ സീഫുഡ്‌സിലെ പ്രൊഡക്ഷന്‍ മാനേജര്‍ ഫ്രാന്‍സിസ് അസീസി, സന്ധ്യ അക്വ എക്‌സ്‌പോര്‍ട്‌സിലെ ജനറല്‍ മാനേജര്‍ ജയന്‍ ജേക്കബ്, സാഗര്‍ ഗ്രാന്ധി എക്‌സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ കൃഷ്ണന്‍ കെ എന്നിവരായിരുന്നു വിധിനിര്‍ണയ സമിതിയംഗങ്ങള്‍.

ഇത്തരം വേറിട്ട നൈപുണ്യ ഒളിമ്പ്യാഡ് നടത്തിയതില്‍ എംപിഇഡിഎയെ ഹൈബി ഈഡന്‍ എം പി അനുമോദിച്ചു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ മത്സരാര്‍ഥികള്‍ കാണിച്ച പ്രതിബദ്ധതയെ എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പ്രകീര്‍ത്തിച്ചു. കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, വിദേശ ബയര്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയ വലിയ സദസ്സിന് മുന്നിലായിരുന്നു മത്സരം.
 
മൂല്യവര്‍ധിത സമുദ്രോത്പന്ന മേഖലയില്‍ രാജ്യം നടത്തുന്ന ഇടപെടലുകള്‍ക്ക് വലിയ പിന്തുണയാണ് ഒളിമ്പ്യാഡിലൂടെ ലഭിച്ചതെന്ന് ഡി വി സ്വാമി പറഞ്ഞു. വര്‍ഷം തോറും ഈ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്കും ഈ മത്സരം ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പരിശീലനം ലഭിച്ചവര്‍ക്കായി നൈപുണ്യ വികസന പരീക്ഷകള്‍ നേരത്തെ എംപിഇഡിഎ നടത്തിയിരുന്നു. പ്രാഥമിക റൗണ്ടുകള്‍ കൊച്ചിയിലും വിശാഖപട്ടത്തുമായി നടത്തിയിരുന്നു. സെമി ഫൈനലില്‍ നിന്നുള്ള പത്തു പേരില്‍ നിന്നുമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

മത്സരത്തിലൂടെ തയ്യാറാക്കിയ ചെമ്മീന്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതു കൂടാതെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെയുണ്ടായിരുന്നു
Advertisment