/sathyam/media/media_files/kAFtqFCptaZnIIQyB6Mq.jpg)
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയിട്ടും ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ തൊടാതെ സർക്കാർ. പി.വി. അൻവറിൻെറ പരാതിയിൽ പരാമർശിച്ച മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്. ശശിധരനെയും മാറ്റിയിട്ടും ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആക്ഷേപം നേരിടുന്ന അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് അനക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല.
ഗുരുതരമായ ആരോപണം നേരിടുന്ന അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടും ചെവിക്കൊളളാത്തത് ഭരണമുന്നണിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.
പൂരം കലക്കലും ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ചയും എല്ലാമായി വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്ന അജിത് കുമാറിനെ വെച്ചുകൊണ്ട് മുന്നോട്ട് പോകരുതെന്നാണ് സി.പി.ഐയുടെ നിലപാട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ സി.പി.ഐക്ക് കടുത്ത അമർഷമുണ്ട്.
നാളെ നടക്കുന്ന മുന്നണി യോഗത്തിൽ ഇത് പ്രതിഫലിച്ചേക്കും. പൊലീസ് തലപ്പത്ത് അഴിച്ചുപണി നടന്നിട്ടും അജിത് കുമാറിനെ തൊടാതിരിക്കുന്നത് മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് പ്രത്യേക മമതയും കരുതലും ഉണ്ടെന്നതിൻെറ തെളിവായിട്ടാണ് ഘടകകക്ഷികൾ വായിച്ചെടുക്കുന്നത്.
ഇത് തന്നെയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണവും. നിരവധി ആക്ഷേപങ്ങൾ ഉയരുകയും അതെല്ലാം സർക്കാരിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയിട്ടും പിന്നെയും അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്തിനാണെന്ന ചോദ്യം സി.പി.എമ്മിലുമുണ്ട്. അതിന് ഉത്തരം കിട്ടാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വം. ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ പെട്ടെന്ന് സസ്പെൻഡ് ചെയ്യുന്നതിന് സാങ്കേതിക തടസങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പാർട്ടിക്ക് അകത്ത് ഉന്നയിക്കുന്ന വാദം.
ഈ വാദം മുഖവിലയ്ക്ക് എടുത്താൽ തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നതിന് ഈ വാദങ്ങളൊന്നും തടസമല്ല. എന്നിട്ടും നടപടി ക്രമങ്ങൾ പാലിക്കണമെന്ന വാദം ഉന്നയിച്ച് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുതലുളളവർക്ക് യുക്തി സഹമായ ഉത്തരം നൽകാനാവുന്നില്ല.
അജിത് കുമാറിനോട് കാണിക്കുന്ന ഈ സൗമനസ്യം സവിശേഷമായ താൽപര്യമല്ലെങ്കിൽ പിന്നെയെന്താണെന്ന ചോദ്യത്തിനും മറുപടി പറയനാവാതെ കുഴങ്ങുകയാണ് സി.പി.എം നേതൃത്വം.
സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുകയും മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്. ശശിധരനെ ജില്ലയിൽ നിന്ന് മാറ്റുകയും ചെയ്തിട്ടും അജിത് കുമാറിനെതിരെ നടപടി എടുക്കുന്നതിന് മാത്രം അന്വേഷണം പൂർത്തിയാകട്ടെ എന്ന കടുംപിടുത്തത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
വ്യക്തിപരമായി മുഖ്യമന്ത്രി കാണിക്കുന്ന ഈ കടുംപിടുത്തം സമൂഹമധ്യത്തിൽ സർക്കാരിൻെറയും മുന്നണിയുടെയും പ്രതിഛായ ഇടിക്കുന്നു എന്നതാണ് വസ്തുത. എന്നിട്ടും ഒരു തിരുത്തലിന് മുഖ്യമന്ത്രി തയാറാകാതിരിക്കുന്നത് പാർട്ടിയിലും മുന്നണിയിലും ഒരുപോലെ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിയമിതനായിട്ടും സ്ഥാനം ഏറ്റെടുക്കാതിരുന്ന ഐ.ജി എ. അക്ബറിന് പകരം ഐ.ജി സി.എച്ച് നാഗരാജുവിനെ നിയമിച്ചതാണ് ഐ.പി.എസ് തലത്തിലെ അഴിച്ചുപണിയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്ബർ ഗതാഗത കമ്മീഷണർ പദവി ഏറ്റെടുക്കാതിരുന്നത്.
എ. അക്ബറിനെ എറണാകുളം ഐ.ജിയായി മാറ്റി നിയമിച്ചു. ഡി.ഐ.ജി പുട്ട വിമലാദിത്യയെ കൊച്ചി സിറ്റിപൊലിസ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. സുജിത് ദാസിൻെറ ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട ഡി.ഐ.ജി ജെ. ജയനാഥിനെ വീണ്ടും സ്ഥലം മാറ്റി. ഒരുമാസം മുൻപ് കേരളാ പൊലിസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയായി നിയമിതനായ ജയനാഥിനെ പൗരാവകാശ സംരക്ഷണത്തിൻെറ ചുമതലയിലേക്കാണ് മാറ്റിയത്.