അജിത് കുമാറിനെ മാറ്റിയത് ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിൽ. കൂടിക്കാഴ്ച സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാനില്ലെന്ന ഡിജിപിയുടെ റിപോർട്ട് അജിത് കുമാറിന് വിനയായി. വിജയം കണ്ടത് പൊലീസ് മേധാവിയുടെ കർശന ഇടപെടൽ. നടപടി വൈകിപ്പിച്ചത് അൻവറിൻെറ പൊതുസമ്മേളനം തീരാൻ. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ തെറിക്കുമ്പോൾ

എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് കാരണം ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ച തന്നെ

New Update
pv anvar vd satheesan pinarai vijayan mr ajith kumar-2

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് കാരണം ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ച തന്നെ. സംഘപരിവാർ നേതാക്കളുമായുളള കൂടിക്കാഴ്ച സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ അജിത് കുമാറിന് കഴിഞ്ഞില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്.

Advertisment

അജിത് കുമാറിനെ സംശയത്തിൽ നിർത്തുന്ന പൊലീസ് മേധാവിയുടെ ഈ പരാമർശം ആയുധമാക്കിയാണ് അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയത്. എന്നാൽ പി.വി.അൻവർ ഉന്നയിച്ച പരാതിയിലെ 9 ആരോപണങ്ങളിലും അജിത് കുമാറിനെ പൂർണമായും കുറ്റവിമുക്തനാക്കുന്ന റിപോർട്ടാണ് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

അതുകൊണ്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനം പി.വി.അൻവറിൻെറ പൊതുയോഗം തീരുന്നത് വരെ വൈകിച്ചതെന്നാണ് സൂചന. നേരത്തെ തീരുമാനം പ്രഖ്യാപിച്ചാൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന അൻവറിന് വലിയ ഊർജമാകുമെന്ന വിലയിരുത്തലിൽ ആണ് നടപടി പുറത്തുവിടുന്നത് വൈകിച്ചത്.


പൂരം കലക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു അൻവർ ആരോപിച്ചത്. എന്നാൽ ആർ.എസ്.എസ് നേതാക്കളുമായുളള കൂടിക്കാഴ്ച പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു.


ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആർ.എസ്.എസ് നേതാവിൻെറ കാറിലാണ് ആർ.എസ്.എസ് നേതാവിനെ കാണാൻ അജിത് കുമാർ പോയതെന്നും സതീശൻ ആരോപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്ര കുറിപ്പിൽ നടപടിക്ക് കാരണമെന്ത് എന്ന് വിശദീകരിക്കുന്നില്ല.

''എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ  നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു'' ഇതാണ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൻെറ പത്ര കുറിപ്പിലുളള പരാമർശം.


പത്രക്കുറിപ്പിൽ നടപടിയുടെ കാരണമെന്തെന്നത് അവ്യക്തമായി നിലനിർത്തുകയാണെങ്കിലും അജിത് കുമാറിനെ മാറ്റിയത് ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലാണെന്ന് പുറത്തുവരണമെന്നാണ് സർക്കാരിൻെറ താൽപര്യം. മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്ന അവിശ്വാസം പരിഹരിക്കാൻ ഇത് തീർത്തും അനിവാര്യമാണെന്നാണ് വിലയിരുത്തൽ.


ദിവസം മുഴുവൻ നീണ്ട കൂടിയാലോചനക്ക് ശേഷമാണ് മുഖ്യമന്ത്രി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. രാവിലെ 10 മണിയോടെ ക്ലിഫ് ഹൗസിലെത്തിയ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും ചർച്ചകളിൽ പങ്കാളിയായി.

സംസ്ഥാന പൊലീസ് മേധാവി കൂടി മുഖ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയിലേക്ക് എത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ വാർത്താ ചാനലുകളിൽ വാർത്ത പരന്നതോടെ പൊലീസ് മേധാവി ക്ലിഫ്‌ ഹൗസിലേക്ക് എത്തിയില്ല. നടപടി സംബന്ധിച്ച ചാനൽ വാർത്തകൾ മുറുകിയതോടെ ക്ലിഫ്‌ ഹൗസിലെ ചർച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പും ഇറക്കി.

എന്നാൽ സഭാ സമ്മേളനത്തിന് മുൻപ് നടപടി എടുക്കാൻ ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഉളളതിനാൽ നടപടി എടുക്കാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗമില്ലായിരുന്നു. അതാണ് രാത്രി 8.50ഓടെ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ട് തീരുമാനമെടുക്കാൻ കാരണം. അപ്പോഴേക്കും പി.വി.അൻവറിൻെറ മഞ്ചേരിയിലെ സംഘടനാ പ്രഖ്യാപന പരിപാടി പൂർത്തിയാകുകയും ചെയ്തിരുന്നു.

Advertisment