/sathyam/media/media_files/2025/11/24/muhammad-attoor-2025-11-24-16-34-16.jpg)
തിരുവനന്തപുരം: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചകൾ ഓരോന്നായി പുറത്തേക്ക്.
കോഴിക്കോട് നടക്കാവ് പോലീസിനാണ് ഗുരുതര വീഴ്ചകളുണ്ടായത്. മാമിയെ കാണാതായ ദിവസം സിസിടിവ് ക്യാമറ പോലും പരിശോധിച്ചില്ല. നടക്കാവ് എസ്.എച്ച്.ഒയായിരുന്ന ജിജീഷ് അടക്കം നാല് പോലീസുകാർക്കെതിരേ നടപടിക്കാണ് ശുപാർശ.
കേരളാ പോലീസിനാകെ നാണക്കേടുണ്ടാക്കുന്ന വീഴ്ചകളാണ് മാമിക്കേസ് അന്വേഷണത്തിലുണ്ടായത്. കോഴിക്കോട്ടെ വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്നു മാമി. 300 കോടിയുടെ വമ്പൻ റിയൽ എസ്റ്റേറ്റിടപാടിനിടെയാണ് 2023 ഓഗസ്റ്റിൽ മാമിയെ കാണാതായത്.
തനിക്ക് ഇരുപതുകോടി കമ്മിഷൻ കിട്ടുമെന്നും രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണെന്നും കുടുംബത്തോട് മാമി പറഞ്ഞിരുന്നു. മാമിയെ കാണാതായതിന് പിന്നാലെ രജിസ്ട്രേഷൻ നടന്നു.
സിസിടിവി ക്യാമറകളേറെയുള്ള പ്രദേശമായ അരയിടത്തുപാലത്തെ ഓഫീസിൽ നിന്ന് വൈകിട്ട് ആറിന് പള്ളിയിലേക്ക് പോയതാണ് മാമി. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. റിയൽഎസ്റ്റേറ്റിടപാടുകാർ തട്ടിക്കൊണ്ടുപോയതാണെന്നാണ് സംശയം. കർണാടകത്തിലും ദുബായിലും മാമിക്ക് ഇടപാടുകളുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/24/muhammad-attoor-2-2025-11-24-16-35-56.jpg)
കാണാതായതിന് രണ്ടാഴ്ച മുൻപ് ദുബായിലെത്തി ഇടപാടുകൾ നടത്തിയിരുന്നു. കോഴിക്കോട് ബൈപ്പാസിലെ പ്രോജക്ടിലാണ് ഒടുവിൽ ഇടനിലക്കാരനായത്. റിയൽ എസ്റ്റേറ്റിലും വ്യാപാരസമുച്ചയങ്ങളിലും നിക്ഷേപമുണ്ടായിരുന്ന മാമിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണിപ്പോൾ.
അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ കോടികളുടെ ഇടപാടുകൾ പിന്തുടർന്നുവേണം കേസിന് തുമ്പുണ്ടാക്കാൻ. മാമിയെ വകവരുത്താൻ 10 ലക്ഷത്തിന്റെ ക്വട്ടേഷനുണ്ടായെന്ന വിവരംകിട്ടിയെങ്കിലും തെളിവില്ലെന്നായിരുന്നു പൊലീസ്‌നിലപാട്.
അന്വേഷണത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഇടപെട്ടെന്നായിരുന്നു മകൾ അദീബ ആരോപിച്ചത്. പി.വി.അൻവറും ആരോപണമുന്നയിച്ചു.
ഇതിനിടയിലാണ് പോലീസിന്റെ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നത്. മാമിയെ കാണാതായ അരയിടത്തു പാലം സി ഡി ടവറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി.
ഏറെ വൈകിയാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. ടവർ ലൊക്കേഷനെടുക്കുന്നതിലും പിഴവുണ്ടായി. ഇതെല്ലാം കേസന്വേഷണത്തെ ഗുരുതരമായി ബാധിച്ചു. ലോക്കൽ പോലീസും പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
നടക്കാവ് സി.ഐയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമൊക്കെ അന്വേഷിച്ചെങ്കിലും മാമി എവിടേക്കോ ഓടിപ്പോയെന്നാണ് നിഗമനം. പൊലീസ് പരാജയപ്പെട്ടതിനാൽ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിടുമെന്നുറപ്പായതോടെ തിടുക്കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us