മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടേയും നിലപാടുകൾ സംബന്ധിച്ചു വലിയ ചർച്ചയാണ് നടക്കുന്നത്.
ഇരു സംഘടനകളെയും ചൊല്ലി മുന്നണികൾ തർക്കത്തിലുമാണ്. അതിനിടെ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്പോള്‍ എന്ത് അര്‍ത്ഥത്തിലാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
ഇങ്ങനെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ സെക്കുലർ രാഷ്ട്രത്തിനു പകരം മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും റിയാസ് കുറ്റപ്പെടുത്തി.
ഈ നിലപാട് ആർ എസ് എസ് ഉയർത്തുന്ന മതരാഷ്ട്ര വാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശക്തി കുറക്കുവാനുള്ള തന്ത്രമാണെന്നും യുഡിഎഫിനൊപ്പമുള്ള മതനിരപേക്ഷ മനസ്സുകൾ പോലും പ്രതിപക്ഷ നേതാവിന്റെ വാദം അംഗീകരിക്കുമോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
മതനിരപേക്ഷ കേരളത്തിലെ മനുഷ്യസാഹോദര്യം ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്നവർ
പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മറുപടി നൽകുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.