സി.പി.എം സംസ്ഥാന ഘടകത്തിൽ ആധിപത്യം ഉറപ്പിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്.സതീഷിനെ നിയമിച്ചതോടെ സി.പി.എമ്മിൻെറ സംഘടനാതലത്തിൽ റിയാസ് പിടിമുറുക്കുന്നതിൻെറ പ്രഖ്യാപനമായി മാറി. എറണാകുളം ഉൾപ്പെടെ 3 ജില്ലകളിലെ നേതൃത്വം പൂർണമായും റിയാസിൻെറ നിയന്ത്രണത്തിൽ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും പാർട്ടിയിലെ സ്വാധീനം ശക്തമാക്കാൻ റിയാസ്

New Update
riyas Untitledtrump

തിരുവനന്തപുരം: ആഗ്രഹിച്ച കേന്ദ്ര കമ്മിറ്റി അംഗത്വം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടമായെങ്കിലും സി.പി.എം സംസ്ഥാന ഘടകത്തിൽ ആധിപത്യം ഉറപ്പിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Advertisment

എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷിനെ നിയമിച്ചത് സി.പി.എമ്മിൻെറ സംഘടനാതലത്തിൽ റിയാസ് പിടിമുറുക്കുന്നതിൻെറ പ്രഖ്യാപനമായി മാറി.


എറണാകുളം ഉൾപ്പെടെ 3 ജില്ലകളിലെ നേതൃത്വം പൂർണമായും റിയാസിൻെറ നിയന്ത്രണത്തിലാണ്. 


മത്സരത്തോളമെത്തിയ കാര്യങ്ങൾക്കൊടുവിൽ വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.റഫീഖ്, പി.മോഹനൻ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അവരോധിതനായ എം.മെഹബൂബ് എന്നിവരാണ് റിയാസിൻെറ നോമിനികളായ ജില്ലാ സെക്രട്ടറിമാർ. 

ഇവരെ കൂടാതെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ എന്നിവരും മന്ത്രി മുഹമ്മദ് റിയാസിൻെറ വരുതിയിൽ നിൽക്കുന്നവരാണ്.

muhammad riyas pinarai vijayan


ഫലത്തിൽ 14 ജില്ലകളുളള കേരളത്തിലെ സി.പി.എമ്മിൻെറ സംഘടനാ തലത്തിൽ 5 ജില്ലാ നേതൃത്വത്തെ ഒപ്പം നിർത്താൻ റിയാസിന് കഴിയുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായത് റിയാസിൻെറ സ്വാധീനമാണ്.


എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ പരസ്യ സ്ഥാപനമുടമയുമായ നിഖിൽ ജില്ലാ സെക്രട്ടേറിയേറ്റിൽ എത്തിയതാണ് ഇതിൻെറ തെളിവ്. സംസ്ഥാനത്തെമ്പാടുമുളള  പാർട്ടി പ്രവർത്തകരുമായി ബന്ധം പുലർത്തുന്ന മുഹമ്മദ് റിയാസിന് എല്ലാ ജില്ലകളിലും തന്നോടൊപ്പം നിൽക്കുന്ന അനുയായി വൃന്ദത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിലും പാർട്ടിയിലും ശക്തനായിരിക്കുന്നിടത്തോളം ഇവരാരും റിയാസിൻെറ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടെടുക്കാൻ സാധ്യതയുമില്ല. യുവജന നേതാക്കളാണ് കൂടുതലും റിയാസിനൊപ്പമുളളത്.

സാധാരണ പ്രവർത്തകനായി വളർന്നുവന്ന റിയാസിന് താഴെത്തട്ടിലുളള പ്രവർത്തകരെ എങ്ങനെ കൂടെ നിർത്തണമെന്നതിലും നല്ല നിശ്ചയമുണ്ട്. പ്രവർത്തകരെ പേരെടുത്ത് വിളിക്കാവുന്ന ബന്ധം സൂക്ഷിക്കുകയും ജില്ലകളിൽ എത്തുമ്പോൾ അവരെ ബന്ധപ്പെടുകയും ചെയ്യുന്നതാണ് റിയാസിൻെറ ശൈലി.

pinarayi riyas


മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും മുഖ്യമന്ത്രിയുടെ പ്രഭാവം കുറഞ്ഞാലും പാർട്ടിയിലെ സ്വാധീനം നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് റിയാസിൻെറ ശ്രദ്ധയോടെയുളള ഈ ഇടപെടലെന്ന് വ്യക്തമാണ്. 2017ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് പി.എ.മുഹമ്മദ് റിയാസ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്.


ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിലാണ് റിയാസിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. 2020ൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ വിവാഹം ചെയ്തതിന് പിന്നാലെ ബേപ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും മന്ത്രിയാകുകയും ചെയ്തു.

2021ലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയ മുഹമ്മദ് റിയാസ് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തോടെ കേരളത്തിലെ പാർട്ടിയിലെ അവഗണിക്കാനാകാത്ത ശക്തിയായി വളരുകയായിരുന്നു.

കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ എത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എന്നിവർ പൂർണമായും റിയാസിൻെറ നിയന്ത്രണത്തിൽ ഉളളവരാണ്. 


മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് എന്നത് റിയാസിൻെറ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ ആരേക്കാളും പാർട്ടി പ്രവർത്തകരുമായി ബന്ധവും അടുപ്പവും റിയാസിനുണ്ട്. സംഘടനാതലത്തിൽ ജനകീയനായി മാറാൻ റിയാസ് ബോധപൂർവം ശ്രമിക്കുന്നുമുണ്ട്.


മുഖ്യമന്ത്രിയുടെ പിന്തുണയുളളതിനാൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഹമ്മദ് റിയാസിൻെറ നിർദ്ദേശങ്ങൾ കണക്കിലെടുക്കുന്നുണ്ട്. എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗങ്ങളിൽ എല്ലാം റിയാസിൻെറ കൂടി താൽപര്യം കണക്കിലെടുത്താണ് ജില്ലാ സെക്രട്ടേറിയേറ്റുകൾക്ക് രൂപം കൊടുത്തത്.

mv govindan riyass.jpg

എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റിലെ മറ്റ് നേതാക്കൾക്ക് ഇതിൽ അതൃപ്തിയുണ്ട്. പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാനുളള ആസൂത്രിത നീക്കമാണ് റിയാസ് നടത്തുന്നത് എന്നാണ് അവരുടെ ആക്ഷേപം. 

സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി.ഗോവിന്ദനും ഇതേപ്പറ്റി ധാരണയുണ്ടെങ്കിലും തൽക്കാലം ഒന്നും ചെയ്യാനാകാത്ത നിവർത്തി കേടിലാണ്. എന്നാൽ പൊളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവൻ, തൻെറ തട്ടകമായ മലപ്പുറത്ത് റിയാസിൻെറ താൽപര്യങ്ങളെ അവഗണിച്ച് കൊണ്ടാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചത്.


2021ലെ നിയമസഭാ സീറ്റ് നിർണയ സമയത്ത് പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യമായി കലഹിച്ച് നടപടി നേരിട്ട സിദ്ദിഖിനെ ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചുകൊണ്ടുവന്നാണ് വിജയരാഘവൻ സ്വന്തം സ്വാധീനം ഉറപ്പിച്ചത്.


എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ വി.പി.സാനുവിൻെറ പിതാവ് വി.പി.സക്കരിയായെ അടക്കം ഒഴിവാക്കികൊണ്ടാണ് വിജയരാഘവൻെറ കാർമ്മികത്വത്തിൽ മലപ്പുറത്ത് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചത്.

ഇതിനെതിരെ വി.പി.സാനുവിൻെറ മുൻകൈയിൽ ചില മാധ്യമ ഇടപെടലും വാർത്തയും വന്നുവെങ്കിലും വിജയരാഘവൻ ചലിച്ചില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എ.വിജയരാഘവനും തമ്മിൽ നല്ല യോജിപ്പിലാണ്.

ഈ ബന്ധത്തിൻെറ ആത്മവിശ്വാസത്തിലാണ് വിജയരാഘവൻ മലപ്പുറത്ത് സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കിയത്.

Advertisment