കൊച്ചി: നടനും എംഎൽഎയുമായ എം മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെ സിപിഎമ്മിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ മുകേഷുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാകുമെന്നാണ് സൂചന. ഹേമാ കമ്മിറ്റി റിപ്പോർട്ടും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായേക്കും.
മുകേഷ് രാജിവെക്കേണ്ടെന്നാണ് പൊതുവേ സിപിഎമ്മിനുള്ളിലെ അഭിപ്രായം. സമാന ആരോപണങ്ങൾ പ്രതിപക്ഷത്തുള്ള എംഎൽഎമാർക്ക് നേരെ ഉയർന്നപ്പോൾ അവർ രാജിവെച്ചില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
അനാവശ്യമായ കീഴ്‌വഴക്കങ്ങൾ സ്രഷ്ടിക്കേണ്ടെന്നാണ് വ്യാഴാഴ്ച ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗവും വിലയിരുത്തിയത്.
മുകേഷ് രാജിവെക്കേണ്ടെന്ന് നിലപാടാണ് വ്യാഴാഴ്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാക്കളായ കെകെ ഷൈലജ എംഎൽഎ, പികെ ശ്രീമതി എന്നിവർ അഭിപ്രായപ്പെട്ടത്.
എന്നാൽ, പ്രതിപക്ഷം മുകേഷിന്റെ രാജിക്കായി സമ്മർദം ശക്തമാക്കിയ നിലയ്ക്ക് സ്വീകരിക്കേണ്ട നിലപാടുകൾ ഇന്നത്തെ സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.