/sathyam/media/media_files/IOzXnCAN7RynPtoif9ZM.jpg)
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എം.മുകേഷ് എം.എൽ.എ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് സി.പി.എം. രാജിക്കാര്യം ചർച്ച ചെയ്യാതെ വിട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം കൂടി കേട്ട ശേഷം നിലപാട് പരസ്യമാക്കും. കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം കൂടി കേൾക്കുന്നതിന് വേണ്ടിയാണ് വിഷയം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കുന്നത്.
എം. മുകേഷിന് പറയാനുളളത് കൂടി കണക്കിലെടുക്കാനും തീരുമാനമുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച നടന്നാലും എം. മുകേഷ് എം.എൽ.എ സ്ഥാനം രാജി വെയ്ക്കേണ്ടെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കാനാണ് സി.പി.എം നേതൃത്വത്തിലെ ധാരണ.
പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബലാത്സംഗ കുറ്റം ചുമത്തിയ സാഹചര്യത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം ഒഴിയണമെന്ന സി.പി.ഐയുടെ ആവശ്യം സി.പി.എം അംഗീകരിക്കില്ല. ദേശീയ നേതാക്കളുടെ ആവശ്യത്തിൻെറ ചുവടുപിടിച്ച് മുകേഷിൻെറ രാജി ആവശ്യപ്പെട്ട സി.പി.ഐ സംസ്ഥാന നേതൃത്വം, അനുകൂല നിലപാട് ഉണ്ടായില്ലെങ്കിലും സമ്മർദ്ദം കടുപ്പിക്കുന്ന സമീപനത്തിലേക്ക് പോകില്ല.
പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ഉൾപ്പെടെയുളള നേതാക്കൾ രാജിയാണ് അഭികാമ്യമെന്ന നിലപാട് പരസ്യമാക്കിയ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ രാജിയാവശ്യം വന്നാൽ മുകേഷിന് നിയമസഭാംഗത്വം ഒഴിയേണ്ടിവരും.
അതുകൊണ്ടുതന്നെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾ മുകേഷിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. സി.പി.എം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബൃന്ദാ കാരാട്ട് മുകേഷിനെതിരായ ലൈംഗികാരോപണത്തിൽ നിലപാട് വ്യക്തമാക്കിയത്. അവർ ചെയ്തു, നമ്മളും എന്ന വാദം തെറ്റ് എന്നാണ് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചില്ലല്ലോ എന്ന സംസ്ഥാന നേതൃത്വത്തിൻെറ നിലപാടിനുളള പരോക്ഷ മറുപടിയെന്നോണം ബൃന്ദാ കാരാട്ട് പറയുന്നത്.
കോൺഗ്രസ് നിലപാടിനോട് സമരസപ്പെടുന്ന സംസ്ഥാന നേതൃത്വത്തിൻെറ സമീപനത്തെയും ബൃന്ദയുടെ വാക്കുകൾ പരോക്ഷമായി വിമർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാർട്ടി വെബ് സൈറ്റിലെ ലേഖനത്തിലൂടെയുളള ബൃന്ദയുടെ പ്രതികരണം പാർട്ടി സംസ്ഥാന ഘടകത്തിനും മുകേഷിനു മുള്ള വ്യക്തമായ സന്ദേശമായാണ് വായിക്കപ്പെടുന്നത്.
മുകേഷ് രാജിവെയ്ക്കണമെന്ന ആവശ്യത്തെ ശക്തമായി പ്രതിരോധിക്കുന്ന സി.പി.എം നേതൃത്വം അതിനായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങളിൽ ഒന്ന് കീഴ്വഴത്തിൻെറ പ്രശ്നമാണ്. ലൈംഗിക പീഡന പരാതിയിൽ എം.എൽ.എമാർ രാജിവെയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ഐസ്ക്രീം പാർലർ പെൺവാണിഭകേസിലെ വെളിപ്പെടുത്തൽ വന്നപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ച ലീഗ് നേതാവ് പി.കെ .കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നില്ല. ജനതാദൾ എസ് എം.എൽ.എ ആയിരുന്ന ജോസ് തെറ്റയിലും ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന പീഡന പരാതിയിൽ രാജിവെച്ചില്ല. ഏറ്റവും ഒടുവിൽ കോൺഗ്രസ് എം.എൽ.എമാർ എം. വിൻസെന്റ്, എൽദോസ് കുന്നപ്പളളിയും ലൈംഗികാരോപണം നേരിട്ട് ജയിലിലായിട്ടും എം.എൽ.എ സ്ഥാനം രാജിവെച്ചില്ല. ഇപ്പോൾ നടിയുടെ പരാതിയിൽ മുകേഷ് രാജിവെക്കേണ്ടിവന്നാൽ അത് ഒരു കീഴ് വഴക്കമായി മാറുമെന്നും വ്യാജപരാതി വന്നാലും ജനപ്രതിനിധികൾ രാജിവെക്കേണ്ടി വരുമെന്നാണ് സി.പി.എം നേതൃത്വത്തിൻെറ വാദം.
രാജിയാവശ്യത്തെ പ്രതിരോധിക്കുന്ന സി.പി.എം കൊല്ലം നിയമസഭാ മണ്ഡലത്തിലെ ജയസാധ്യത കൂടി കണക്കിലെടുക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ മുന്നണി സ്ഥാനാർത്ഥി തോൽക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പുതിയൊരു ആഘാതം കൂടി ഏറ്റുവാങ്ങേണ്ടി വരുമോ എന്നാണ് സി.പി.എം നേതൃത്വത്തിൻെറ ആശങ്ക.