ആരോപണത്തെ പ്രതിരോധിക്കാന്‍ ഇറക്കിയ നിഷേധക്കുറിപ്പ് മുകേഷിനെ തിരിഞ്ഞുകൊത്തുന്നു. ആരോപണം രണ്ടുവർഷമായി നടക്കുന്ന ബ്ലാക്ക്‌ മെയിലിങ്ങിന് വഴങ്ങാത്തത് കൊണ്ടെന്ന് വാദിക്കുന്ന മുകേഷിന് നേർക്കുയരുന്നത് നിർണായക ചോദ്യങ്ങൾ. ബ്ലാക്ക്‌ മെയിലിങ്ങ് നടന്നിട്ടും പൊലീസിൽ പരാതി നൽകാതിരുന്നത് എന്തുകൊണ്ട് ? നിഷേധക്കുറിപ്പിൽ മുകേഷിനൊപ്പം കുഴപ്പത്തിൽ ചാടി സി.പി.എമ്മും സർക്കാരും

രാജ്യത്തിന് ആകെ മാതൃകയാകുന്ന മാറ്റത്തിന് കേരളത്തിൽ നിന്ന് തുടക്കം കുറിക്കുമ്പോഴും പലവട്ടം ലൈംഗികാരോപണം നേരിട്ട മുകേഷിനെ പ്രതിരോധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിന് വൻവിലകൊടുക്കേണ്ടിവരും

New Update
m mukesh

തിരുവനന്തപുരം: ലൈംഗികാരോപണം നിഷേധിച്ചു കൊണ്ട് എം. മുകേഷ് എം.എൽ.എ പുറത്തിറക്കിയ കുറിപ്പും അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.
രണ്ട് വർഷമായി തുടരുന്ന ബ്ലാക്ക്‌ മെയിലിങ്ങ് തന്ത്രത്തിന് വഴങ്ങാത്തതുകൊണ്ടാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്ന മുകേഷിൻെറ വാദമാണ് അദ്ദേഹത്തെയും സി.പി.എമ്മിനെയും ഇടത് മുന്നണിയേയും കുഴപ്പത്തിലാക്കിയിരിക്കുന്നത്.

Advertisment

മൂന്ന് ലൈംഗികാരോപണങ്ങൾ നേരിടുന്ന കൊല്ലം എം.എൽ.എ  എം.മുകേഷ് രണ്ടാമതായി ഉയർന്നുവന്ന നടിയുടെ ആരോപണത്തെയാണ് ബ്ലാക്ക്‌ മെയിലിങ്ങ് എന്ന് പറഞ്ഞ് തളളുന്നത്.


എന്നാൽ നടിയിൽ നിന്ന് 2022 മുതൽ ബ്ലാക്ക്‌ മെയിൽ നേരിടുകയാണെന്ന് അവകാശപ്പെടുന്ന മുകേഷിന് നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. 2022 മുതൽ നടിയും സംഘവും ബ്ലാക്ക്‌ മെയിൽ ചെയ്തിട്ട് എന്തുകൊണ്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നത് എന്നതാണ് പ്രധാന ചോദ്യം.


2016 മുതൽ സി.പി.എം എം.എൽ.എയായി പ്രവർത്തിക്കുന്ന മുകേഷ് നിയമപരമായ രീതികളെ കുറിച്ച് അറിവില്ലാത്ത ആളല്ല. ബ്ലാക്ക്‌ മെയിലിങ്ങ് പരാതിയിൽ എം.എൽ.എയായ മുകേഷിന് പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ പിന്നെ സാധാരണക്കാരായ ആർക്കെങ്കിലും അത് ലഭിക്കുമോയെന്ന ചോദ്യവും ഉയരുന്നു. ബ്ലാക്ക്‌ മെയിലിങ്ങ് നിശബ്ദം സഹിച്ചതിലും മുകേഷിന് നേരെ  ചോദ്യങ്ങൾ ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ പൊലിസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണോ മുകേഷ് പരാതി കൊടുക്കാതിരുന്നത് എന്നതാണ് ആദ്യത്തെ ചോദ്യം. അതോ ലൈംഗികാരോപണം ഉന്നയിച്ച നടി  മീനു മുനീറിനെതിരെ പൊലീസിൽ കേസ് കൊടുക്കാൻ മുകേഷിന് ഭയമുണ്ടോ ? ലൈംഗികാരോപണ പരാതി നിഷേധിക്കുന്നതിനായി ബ്ലാക്ക്‌ മെയിലിങ്ങ് തന്ത്രമെന്ന പരാതി ഉന്നയിച്ച മുകേഷ് എം.എൽ.എക്ക് ഈ രണ്ട് ചോദ്യത്തിനും ഉത്തരം പറയാൻ ബാധ്യതയുണ്ട്.


മേൽപ്പറഞ്ഞ രണ്ട് ചോദ്യങ്ങളിൽ ഏതിന് ഉത്തരം നൽകിയാലും മുകേഷ് കുഴയുമെന്ന് ഉറപ്പാണ്. അതാണ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ കുറിപ്പ് മുകേഷിനെ തിരിഞ്ഞുകൊത്തുന്നതെന്ന് പറയാൻ കാരണം. എന്നാൽ നിഷേധക്കുറിപ്പ് സൃഷ്ടിക്കുന്ന അപകടം അത്ര ചെറുതല്ല.


സ്വയം കുഴപ്പത്തിൽ ചാടിയ മുകേഷ് ഒപ്പം സി.പി.എമ്മിനെയും സർക്കാരിനെയും കുഴിയിലേക്ക് തളളിവിടുകയും ചെയ്തു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഇത് തിരിച്ചറിഞ്ഞാകും ബ്ലാക്ക് മെയിലിങ്ങ് തന്ത്രമെന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിന് ഒപ്പം ആദ്യം ഉണ്ടായിരുന്ന ചെങ്കൊടി പിടിച്ചുനിൽക്കുന്ന ചിത്രം പിന്നീട് പിൻവലിച്ചത്.

ഞാൻ കേടീശ്വരൻ ടെലിവിഷൻ ഷോയുടെ കാസ്റ്റിങ്ങ് ഡയറക്ടർ ടെസ് ജോസഫാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മുകേഷിനെതിരെ ആദ്യം ലൈംഗികാരോപണം ഉന്നയിച്ചത്. അതിനെ സി.പി.എമ്മിനെ മറയാക്കിയാണ് മുകേഷ് പ്രതിരോധിച്ചത്. ടെസ് ജോസഫിൻെറ ആരോപണം തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സി.പി.എം എം.എൽ.എയായത് കൊണ്ടാണ് ഇതെല്ലാം കേൾക്കേണ്ടി വരുന്നതെന്നുമായിരുന്നു മുകേഷിൻെറ ആരോപണം.

തനിക്ക് നേരെ വന്ന ആക്ഷേപത്തെ പാർട്ടി ശരീരത്തെ പരിചയാക്കി പ്രതിരോധിക്കുമ്പോൾ പാർട്ടി നേതാക്കളെയും പ്രവർത്തകരുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയും ഇന്ന് മുകേഷിന് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നു.സന്ധ്യയുടെ സഹപ്രവർത്തക ആയിരുന്ന മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിൻെറ വീട് തേടിപ്പിടിച്ചെത്തി വീട്ടിൽ തനിച്ചായിരുന്ന അവരുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ടെലിവിഷൻ ചാനലുകളിലൂടെ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തെ കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


തുടർച്ചയായി ലൈംഗികാരോപണം നേരിടുന്ന മുകേഷിനെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പീഡന കേസുകളിൽ ഉൾപ്പെട്ടിരുന്ന കോൺഗ്രസ് എം.എൽ.എരായ എം.വിൻസന്റും എൽദോസ് കുന്നപ്പളളിയും രാജിവെച്ചില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം മുകേഷിനെ സംരക്ഷിക്കുന്നത്.


പുതിയ കാലത്തെ മൂല്യബോധത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തകയും ചെയ്യുന്ന പുതിയ തലമുറയിൽപ്പെട്ടവരോട് ഈ ന്യായങ്ങളൊന്നും നിരത്തി വിജയിക്കാനാവില്ല എന്നത് പാർ‍ട്ടി തിരിച്ചറിയുന്നില്ലെന്ന് ഇടത് നേതാക്കളും സഹയാത്രികരും ചൂണ്ടിക്കാട്ടുന്നുണ്ട്. സത്യസന്ധമായും സുതാര്യമായും രാഷ്ട്രീയം പറഞ്ഞു മാത്രമേ പുതിയ തലമുറയോട് സംവദിക്കാനാവൂ.

അതിന് കഴിയുന്ന ഇടതുപക്ഷത്തിന് ആരോപണങ്ങളിൽ ശരവ്യനായി കിടക്കുന്ന  മുകേഷിനെ എം.എൽ.എയായി നിലനിർത്തി കൊണ്ടുപോകുന്നത് ദോഷകരമാകും.അത് സി.പി.എം തിരിച്ചറിഞ്ഞില്ലെങ്കിൽ വൻതിരിച്ചടിയാകും പാർട്ടിയെ കാത്തിരിക്കുകയെന്ന് നേതാക്കൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

രാജ്യത്തിന് ആകെ മാതൃകയാകുന്ന മാറ്റത്തിന് കേരളത്തിൽ നിന്ന് തുടക്കം കുറിക്കുമ്പോഴും പലവട്ടം ലൈംഗികാരോപണം നേരിട്ട മുകേഷിനെ പ്രതിരോധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിന് വൻവിലകൊടുക്കേണ്ടിവരും.

Advertisment