മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽ ഓവർബ്രിഡ്ജ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ ഗതാഗതത്തിന് തുറന്ന് കൊടുക്കും

author-image
സുഭാഷ് ടി ആര്‍
Updated On
New Update
WATSAPP

മുളന്തുരുത്തി. ഒടുവിൽ മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നു. അര നൂറ്റാണ്ടിലേറെയായുള്ള ജനങ്ങളുടെ ആവശ്യമാണ് നാളെ സാക്ഷാത്കരിക്കാൻ പോകുന്നത്. 

Advertisment

നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്, അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. എം പി മാരായ ഫ്രാൻസിസ് ജോർജ്ജും, ജോസ് കെ മാണിയും വിശിഷ്ട അതിഥികളാവും.

ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് അതിഥികളെ സ്വാഗതം ചെയ്ത് സംസാരിക്കും. ആർ ബി ഡി സി കെ അഡീഷണൽ ജനറൽ മാനേജർ ഐസക് വർഗീസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തും.  ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാരിന്റെയും സംയുക്ത പങ്കാളിത്തത്തിലാണ് മേൽപ്പാലം പണി പൂർത്തീകരിച്ചത്.

മേൽപ്പാലം തൂണിൽ നിന്നത് ആറുവർഷത്തിലേറെ

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആവണം നിർമ്മാണ പ്രവർത്തനങ്ങൾ. എങ്കിലേ അതിനെ വികസനം എന്ന് വിളിക്കാൻ പറ്റൂ.! കോട്ടയം ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്കും, ഇൻഫോപാർക്കിലേയ്ക്കും, സിവിൽ സ്റ്റേഷനിലേയ്ക്കും, സെസ്സിലേയ്ക്കും മറ്റും എത്തിച്ചേരാനുള്ള എളുപ്പ പാതയാണ്, മുളന്തുരുത്തി ചെങ്ങോലപ്പാടം ലെവൽ ക്രോസ് കടന്ന്, കരിങ്ങാച്ചിറയിൽ  ആരംഭിക്കുന്ന സീപോർട്ട് എയർപോർട്ട് റോഡിൽ ചെന്ന് ചേരുന്നത്. ഈ വഴി കടന്നു പോകുന്ന വാഹനങ്ങളുടെ തിരക്ക്   അഭൂതപൂർവമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

WATSAPP

ശബരിമല സീസൺ ആയാൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ ലെവൽ ക്രോസിന് ഇരുഭാഗത്തും നീണ്ട നിരകൾ ഉണ്ടാക്കും. അതിന്റെ കൂടെ, ലൈൻ ബസ്സുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ, ഓയിൽ ടാങ്കറുകൾ കണ്ടെയ്നറുകൾ,  തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ വാഹനങ്ങൾ ഈ നിരകളിൽ അക്ഷമയോടെ കാത്തു കിടക്കുന്നുണ്ടാകും.  

ലോക്സഭയിലേക്കും നിയമസഭയിലേക്കും അനവധി തെരഞ്ഞെടുപ്പുകൾ നടന്നിട്ടും ചെങ്ങോലപ്പാടം റെയിൽ ഓവർ ബ്രിഡ്ജിന് വേണ്ടിയുള്ള മുറവിളി അടങ്ങുന്നില്ലായിരുന്നു.

അനൂപ് ജേക്കബ് എംഎൽഎയുടെ ആശ്രാന്ത പരിശ്രമവും എംപിയായ ജോസ് കെ  മാണിയുടെ അകമഴിഞ്ഞ പിന്തുണയും ഒത്തുചേർന്നപ്പോൾ ചെങ്ങോലപ്പാടം റെയിൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ ഏകദേശം പത്തുവർഷം മുമ്പ് ധാരണയായി. 

റെയിൽവേയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിന്റെ പണി വലിയ കാലതാമസമില്ലാതെ പൂർത്തിയായെങ്കിലും. അപ്രോച്ച് റോഡുകളുടെ പണി ആരംഭിയ്ക്കാനായില്ല. ആറു വർഷത്തിലധികമായിരുന്നു മേൽപ്പാലത്തെ തൂണുകൾ താങ്ങി നിർത്തിയത്. അപ്രോച്ച് റോഡുകൾ ഇല്ലാതെ പാലം മാത്രം റെയിൽ ലൈനിന് മുകളിൽ  ഉയർന്നുനിൽക്കുന്നത് അതുവഴി പോകുന്ന ആളുകൾ കൗതുകത്തോടെയാണ് കണ്ടിരുന്നത്.  മാധ്യമങ്ങളെല്ലാം തന്നെ മേൽപ്പാലവുമായി ബന്ധപ്പെട്ട്, നിരവധി വാർത്തകൾ നിരന്തരം  ചെയ്തിരുന്നു. ഒടുവിൽ ഇതാ മേൽപ്പാലം യാഥാർത്ഥ്യത്തിലേക്ക്. 

ഒരു പദ്ധതി ആരംഭിക്കുവാൻ മറ്റെങ്ങും ഇല്ലാത്ത  കാലതാമസമാണ് കേരളത്തിൽ കണ്ടുവരുന്നത്. അനാവശ്യ നിയമങ്ങളും, തടസ്സ വാദങ്ങളും ഉയർത്തി പദ്ധതികളെ വെച്ച് താമസിപ്പിക്കുന്നത് ഒരു കീഴ്‌വഴക്കമാക്കുന്ന ചിലർ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നത് വികസനത്തിന് കാല താമസമുണ്ടാക്കുന്നു എന്ന് ജനങ്ങൾക്ക് ആക്ഷേപമുണ്ട്.

WATSAPP

നാടിന്റെയും ജനങ്ങളുടെയും വികസനത്തിനും ആവശ്യത്തിനും ഉതകുന്ന പദ്ധതികൾ നടപ്പിലാക്കാൻ തടസ്സമായി നിൽക്കുന്ന നീതികരണമില്ലാത്ത നിയമങ്ങളെ പണ്ടേ തന്നെ തിരുത്തേണ്ടതായിരുന്നു. ഔദ്യോഗിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന    നിയമത്തിലെ  നൂലാമാലകൾ ചൂണ്ടിക്കാണിക്കാതെ സർവീസിൽ ഇരുന്ന് പെൻഷൻ പറ്റി പോവുകയും, അവർക്ക് പകരം ആ പദവിയിൽ എത്തുന്നവർ മുൻഗാമി ചെയ്തത് തന്നെ  വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്.

ഇവരുടെ  കൈപ്പിഴയ്ക്കും അനാസ്ഥയ്ക്കും ഉത്തരവാദികൾ ആകുന്നതും, പഴികേൾക്കുന്നതും, മറുപടി പറയേണ്ടതും ജനപ്രതിനിധികൾ തന്നെയാണ് എന്ന്, ജനപ്രതിനിധികളും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം. 

അതുപോലെ, രാഷ്ട്രീയ വൈരം മൂലം പദ്ധതികൾക്ക് പണം അനുവദിക്കാത്തതും വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാവുന്നു. നാടിൻെറ വികസനത്തിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാമല്ലോ. 

മേൽപ്പാലത്തിന്റെ മുളന്തുരുത്തി ഭാഗം അപകടമേഖലയാകുമോ.?

ചെങ്ങോലപ്പാടം ലെവൽ ക്രോസിലെ തിരക്ക് ഒഴിവാക്കാൻ ആണല്ലോ മേൽപ്പാലത്തിന് വേണ്ടി ജനങ്ങൾ കാത്തിരുന്നത്. എന്നാൽ ദീർഘവീക്ഷണം ഇല്ലാത്തതായിപ്പോയി  മേൽപ്പാലം പദ്ധതി എന്ന് ജനങ്ങൾ    ചിന്തിച്ചു തുടങ്ങിയത് പാലം പണി തുടങ്ങിയതിനുശേഷമാണ്. 

മേൽപ്പാലത്തിന്റെ രൂപരേഖ ചമച്ചപ്പോൾ വിശദമായ പഠനങ്ങളും, ചർച്ചകളും അതിന്മേൽ ഉണ്ടായിട്ടില്ല എന്നുള്ളത് വലിയ പിഴവ് തന്നെയായി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. മുളന്തുരുത്തി  റോഡിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്നും അപ്രോച്ച് റോഡ് ആരംഭിച്ചിരുന്നുവെങ്കിൽ, നെൽസൺ മണ്ടേല റോഡ് അപ്രോച്ച് റോഡിന്റെ അടിയിലാകുമായിരുന്നു. യാതൊരു തടസ്സവും ഇല്ലാതെ വാഹനങ്ങൾക്ക് നെൽസൺ മണ്ടേല റോഡിലേക്ക്    പോകാനും വരാനും പറ്റുമായിരുന്നു. 

നെൽസൺ മണ്ടേല റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പാലത്തിൽ കയറണമെങ്കിൽ പാലത്തിൻെറ ഇടതുവശത്ത് കൂടിയുള്ള സർവീസ് റോഡിലൂടെ പോയി തിരിഞ്ഞ് മുളന്തുരുത്തി ഭാഗത്തുള്ള മീഡിയനിൽ നിന്നും യൂടേൺ എടുത്ത് വേണം പാലത്തിൽ കയറാൻ. ചോറ്റാനിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നെൽസൺ മണ്ടേല റോഡിലേക്ക് പോകണമെങ്കിൽ പാലം ഇറങ്ങി യൂടേൺ എടുത്ത് നെൽസൺ മണ്ടേല റോഡിലേക്ക് പ്രവേശിക്കാം. നെൽസൺ മണ്ടേല റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ നേരിട്ട് മേൽപ്പാലത്തിലേക്ക് പ്രവേശിക്കാൻ പാടില്ല എന്ന് അധികൃതർ നിർദ്ദേശിക്കുന്നു. 

ഈ ട്രാഫിക് പരിഷ്കാരത്തിലൂടെ മേൽപ്പാലത്തിന്റെ മുളന്തുരുത്തി ഭാഗത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡ് പരിചയമില്ലാത്തവർ നെൽസൺ മണ്ടേല റോഡ് ഇറങ്ങിവന്ന് പഴയതുപോലെ മുളന്തുരുത്തി റോഡിലേക്ക് പ്രവേശിച്ചാൽ   പാലത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ വാഹനങ്ങൾ ബ്ലോക്ക് ആകുകയും, കൂട്ടിയിടിക്കാനും ഉള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല എന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു.

Advertisment