/sathyam/media/media_files/2025/12/16/untitled-design102-2025-12-16-17-50-16.png)
മുംബൈ: കടമായെടുത്ത ഒരു ലക്ഷം രൂപയുടെ കുടിശ്ശിക പെരുകി ലക്ഷങ്ങളായതോടെ തിരികെ നൽകാൻ സ്വന്തം വൃക്ക വിറ്റ് കർഷകൻ.
മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകളും കടക്കെണികളും അധികരിച്ചതായുള്ള വാർത്തകൾക്കിടയിലാണ് വായ്പാ കുടിശ്ശിക തിരിച്ചടക്കാൻ മാർഗമില്ലാത്തതിനാൽ വൃക്ക വിൽക്കാൻ നിർബന്ധിതനായ കർഷകന്റെ വാർത്ത പുറത്തുവരുന്നത്.
ചന്ദ്രപൂർ ജില്ലയിലെ കർഷകനായ റോഷൻ സദാശിവ് കുഡെ ദിവസം പതിനായിരം രൂപ പലിശ നിരക്കിൽ എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശിക കുമിഞ്ഞുകൂടി 74 ലക്ഷം രൂപയായി വർധിച്ചത്.
കൃഷിയിൽ തുടർച്ചയായി നഷ്ടം നേരിട്ട കുഡെ, ക്ഷീര വ്യവസായം തുടങ്ങാനായി പല പണമിടപാടുകാരിൽ നിന്നായി ഒരു ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു. എന്നാൽ, വാങ്ങിയ പശുക്കൾ പെട്ടെന്ന് ചത്തുപോവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തതോടെ അദ്ദേഹം കടക്കെണിയിലായി.
പ്രതിദിനം 10,000 രൂപ വരെ പലിശ ഈടാക്കിയതോടെ കടം നിയന്ത്രണാതീതമായി. പണമിടപാടുകാർ കുഡെയെയും കുടുംബത്തെയും നിരന്തരം വീടുകയറി ഉപദ്രവിക്കാൻ തുടങ്ങി.
കടം തീർക്കാനായി റോഷൻ കുഡെ സ്വന്തമായുള്ള ഭൂമി, ട്രാക്ടർ, മറ്റു വിലപിടിപ്പുള്ള വീട്ടുസാധനങ്ങൾ എന്നിവ വിറ്റഴിച്ചെങ്കിലും അത് മതിയായില്ല.
കടം തീർക്കാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ, ഒരു പണമിടപാടുകാരനാണ് അദ്ദേഹത്തോട് വൃക്ക വിൽക്കാൻ ഉപദേശിച്ചതെന്ന് കുഡെ പറയുന്നു.
തുടർന്ന്, ഒരു ഏജന്റ് മുഖേന കൊൽക്കത്തയിലെത്തി വൈദ്യപരിശോധനകൾക്ക് ശേഷം അദ്ദേഹം കംബോഡിയയിലേക്ക് പോവുകയും അവിടെ വെച്ച് എട്ട് ലക്ഷം രൂപയ്ക്ക് വൃക്ക വിൽപന നടത്തുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പണമിടപാടുകാരായ ബ്രഹ്‌മപുരി ടൗണിലെ കിഷോർ ബവൻകുലെ, മനീഷ് കാൽബന്ദേ, ലക്ഷ്മൺ ഊർക്കുഡെ, പ്രദീപ് ബവൻകുലെ, സഞ്ജയ് ബല്ലാർപുരെ, ലക്ഷ്മൺ ബോർക്കർ എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുഡെ ആരോപിച്ചു.
പൊലീസ് നടപടിയെടുക്കാത്തത് തന്റെ മാനസികവും ശാരീരികവുമായ ദുരിതം വർധിപ്പിച്ചു. നീതി ലഭിച്ചില്ലെങ്കിൽ, താനും കുടുംബവും മുംബൈയിലെ സംസ്ഥാന സർക്കാരിന്റെ ആസ്ഥാനമായ മന്ത്രാലയത്തിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് റോഷൻ സദാശിവ് കുഡെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us