വ്യാജരേഖ ചമയ്ക്കൽ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

രാജി സ്വീകരിക്കാൻ എൻസിപി പ്രസിഡന്റ് അജിത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർഥിച്ചു.

New Update
Manikrao Kokate

മുംബൈ: വ്യാജരേഖ ചമയ്ക്കൽ കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. എൻസിപി നേതാവ് മണിക്‌റാവു കൊകാതെ ആണ് രാജിവെച്ചത്. 

Advertisment

1995ൽ സർക്കാർ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിൽ കൊകാതെക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. 


രണ്ട് ദിവസം മുമ്പ് നാസിക് ജില്ലാ കോടതി ഈ ശിക്ഷാ വിധി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. കോകാതെയുടെ രാജി സ്വീകരിക്കാൻ എൻസിപി പ്രസിഡന്റ് അജിത് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർഥിച്ചു.


''ബഹുമാനപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മന്ത്രിയും എന്റെ സഹപ്രവർത്തകനുമായ മണിക്‌റാവു കൊകാതെ എനിക്ക് രാജി സമർപ്പിച്ചു. 

വ്യക്തികളെക്കാൾ നിയമവാഴ്ചക്ക് പ്രാധാന്യം കൊടുക്കുന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ നയം. ഇതിന്റെ ഭാഗമായി രാജി സ്വീകരിച്ചു. തുടർനടപടികൾക്കായി രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്''- അജിത് പവാർ പറഞ്ഞു.

Advertisment