കൊച്ചി: മുനമ്പം വിഷയത്തിൽ സമര സമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന ഉദ്ദേശം. സമരക്കാർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് ജുഡീഷ്യൽ കമ്മീഷൻ പഠനം നടത്തുന്നതെന്ന് മുഖ്യമന്ത്രി സമരസമിതിയെ അറിയിക്കും. പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും.
മുനമ്പത്തെ തദ്ദേശീയരായ ആളുകളുടെ ആശങ്കയും മുഖ്യമന്ത്രി കേൾക്കും. ഇന്നലെ നടന്ന ഉന്നതല യോഗത്തിലെ മറ്റ് തീരുമാനങ്ങളും സമരക്കാരെ അറിയിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ഓൺലൈനായി ആണ് സമരസമിതിയുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച. മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ എന്ന ആശയം മുന്നോട്ട് വെച്ചത്.
ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ളതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരിശോധനയിൽ വരിക. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. കൈവശ അവകാശമുള്ള ഒരാളെയും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.