മുനമ്പത്ത് മുതലെടുപ്പ്: മുനമ്പം വിഷയത്തില്‍ സി.ബി.സി.ഐ, കെ.സി.ബി.സി നിലപാട് തള്ളി ലത്തീന്‍ സഭ. വിദ്വേഷ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്നും ജീവനാദത്തില്‍ മുഖപ്രസംഗം. മുനമ്പം പ്രശ്‌നത്തിനു പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മറുപടിയില്ലെന്നും വിമര്‍ശനം

നിലവിൽ ബിൽ പാസായി നിയമം നിലവിൽ വന്നിട്ടും മുനമ്പത്ത് ഭൂമി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്.

New Update
Untitledpiyushlatheen

കൊച്ചി: മുനമ്പം ഭൂപ്രശ്‌നം ക്രൈസ്തവ-മുസ് ലിം സാമുദായിക സംഘർഷ വിഷയമാക്കി കത്തിച്ചുനിർത്തി വിദ്വേഷ പ്രചാരണം കൊഴുപ്പിച്ച് അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണമെന്ന് ലത്തീൻ സഭയുടെ രൂക്ഷ വിമർശനം.

Advertisment

സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിന്റെ 'ഉമ്മീദിലെ നിയ്യത്ത്' എന്ന മുഖപ്രസംഗത്തിലാണ് സഭ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

മുനമ്പത്തെ ഭൂമിയിൽ വഖഫ് അവകാശവാദം ഉറപ്പിക്കുന്നതിന് ആധാരമായ 1995-ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകൾ എടുത്തുകാട്ടി, പൗരരുടെ സ്വത്തവകാശത്തിന്മേൽ കൈകടത്താനായി അത്തരം വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയണമെന്നും മുനമ്പം നിവാസികൾക്ക് നീതി ലഭിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകാനും വേണ്ട നിയമവ്യവസ്ഥ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെ.സി.ബി.സി അധ്യക്ഷനും സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, സി.ബി.സി.ഐ അധ്യക്ഷനും സീറോ മലബാർ സഭയുടെ തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ, വഖഫ് ഭേദഗതി ബില്ല് പുനഃപരിശോധിക്കാൻ ചുമതലപ്പെട്ട സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) അയച്ച നിവേദനങ്ങൾ ആദ്യം ദേശീയശ്രദ്ധയിലേക്കു കൊണ്ടുവന്ന കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, ജെ.പി.സിയുടെ ഭേദഗതി നിർദേശങ്ങൾ അടങ്ങിയ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴും കെ.സി.ബി.സിയും സി.ബി.സി.ഐയും ഈ വിഷയത്തിൽ ഇറക്കിയ പ്രസ്താവനകൾ അനുസ്മരിച്ചുകൊണ്ട്, മുനമ്പത്തെ ക്രൈസ്തവരുടെ പ്രശ്നം' ഹൈലൈറ്റ് ചെയ്യുകയുണ്ടായി'. 


655 പേജുള്ള ജെപിസി റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ല. മുൻകാല പ്രാബല്യമില്ലാത്തതാണ് 2025-ലെ വഖഫ് ഭേദഗതി നിയമം എന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രി റിജിജുവും ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലിൽ നിർദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് മുനമ്പം പ്രദേശം ഉൾപ്പെടുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് എം.പി ഹൈബി ഈഡൻ ചർച്ചയ്ക്കിടെ എടുത്തു ചോദിക്കുന്നുണ്ട്. 


അമിത് ഷായോ റിജിജുവോ അതിനു മറുപടി പറഞ്ഞില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോർജ് കുര്യനെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതായിരുന്നു എന്നും ജീവനാദം കുറ്റപ്പെടുത്തുന്നു.

munambam

കേരളത്തിന്റെ മലയോര കൂടിയേറ്റ മേഖലകളിൽ ചലനങ്ങൾ സൃഷ്ടിക്കാനായതുപോലെ തീരപ്രദേശത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാൻ മുനമ്പം കളമൊരുക്കുമെന്ന ഉമ്മീദിൽ ഊറ്റം കൊള്ളുന്നവർ പുതുമഴയിലെ ഈയാമ്പാറ്റകളെ പോലെ ഈ കടപ്പുറത്തു തന്നെ അടിഞ്ഞുകൂടുമെന്നുമെന്ന് വ്യക്തമാക്കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്. 

മുനമ്പം ഭുമി വിഷയത്തിൽ കേരള കത്തോലിക്ക മെത്രാൻ സമിതിയും (കെ.സി.ബി.സി) അഖിലേന്ത്യ കത്തോലിക്ക മെത്രാൻ സമിതിയും (സി.ബി.സി.ഐ) മുനമ്പം നിവാസികൾക്ക് നീതി ലഭിക്കാൻ നടപടിവേണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നു.


ഒപ്പം കേരളത്തിലെ കോൺഗ്രസ്, സി.പി.എം എം.പിമാർ വഖഫ് ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. കെ.സി.ബി.സി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസും സി.ബി.സി.ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തുമാണ് കേന്ദ്ര സർക്കാരിനും സംയുക്ത പാർലമെന്ററി കമ്മറ്റിക്കും പരാതി നൽകിയിരുന്നത്.


നിലവിൽ ബിൽ പാസായി നിയമം നിലവിൽ വന്നിട്ടും മുനമ്പത്ത് ഭൂമി സംബന്ധിച്ച തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തിട്ടുണ്ട്.

അവിടെ സ്ഥിരതാമസമാക്കിയവർക്ക് വഖഫ് ബിൽ പാസാവുന്നതോടെ ഭൂമി ലഭിക്കുമെന്ന ബി.ജെ.പി പ്രചാരണം വസ്തുതാവിരുദ്ധമാണോയെന്ന പരിശോധനയിലാണ് കത്തോലിക്ക സഭയുള്ളത്.