/sathyam/media/media_files/TooKr3D8DHgRWM2UvbKS.jpg)
കോഴിക്കോട്: സംസ്ഥാനത്തെ മതമൈത്രിക്കും സമാധാനാന്തരീക്ഷത്തിനും ഹാനികരമാകുമെന്ന് ആശങ്കയുയർന്നിരിക്കുന്ന മുനമ്പം പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ മുസ്ലീം ലീഗ് മുൻകൈയ്യെടുക്കുന്നു.
മുനമ്പത്ത് നിന്ന് മുസ്ലീം ഇതര വിഭാഗങ്ങളിൽ നിന്നുളളവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുമെന്ന പ്രചരണങ്ങൾ സാമുദായിക ഐക്യത്തിന് ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് മുസ്ലീം ലീഗിൻെറ നിർണായകമായ ഇടപെടൽ.
മുനമ്പം-വഖഫ് വിഷയത്തിന് രമ്യമായ പരിഹാരം കാണാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
വിഷയത്തെ സാമുദായിക സ്പർധയിലേക്ക് നയിക്കരുതെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ സർക്കാരാണ് മുൻകൈ എടുക്കണ്ടതെന്ന് സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. മുനമ്പത്തെ പ്രശ്നത്തെ വിവാദങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലീഗിൻെറ മുൻകൈയിൽ കോഴിക്കോട്ട് നടന്ന മുസ്ലീം സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് മുനമ്പം വഖഫ് വിഷയത്തിൽ ലീഗ് അധ്യക്ഷൻ സർക്കാരിൻെറ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.
പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയവും കോർഡിനേഷൻ കമ്മിറ്റി യോഗം അംഗീകരിച്ചു. വിവിധ വിഭാഗങ്ങൾ ഉൾപ്പെട്ട വിഷയം ആയതിനാലാണ് സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
'' വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരിനാണ് കഴിയുക. അതിനുളള എല്ലാ പിന്തുണയും മുസ്ലീം സംഘടനകൾ നൽകും. മുനമ്പത്ത് ഉള്ളവരെ ഒഴിപ്പിക്കണം എന്ന് ഒരു മുസ്ലീം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. നിയമപരമായ വഴികൾ കണ്ടെത്തി പ്രശ്നം പരിഹരിക്കണം''-പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മുനമ്പം വിഷയം സംഘപരിവാർ സംഘടനകളും ബി.ജെ.പിയും വലിയ തോതിൽ പ്രചരണ വിഷയമാക്കുന്നുണ്ട്. വഖഫ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ 404 ഏക്കർ ഭൂമിയില്‍ താമസിക്കുന്ന 600ലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് പ്രചരണം.
കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ ഗണ്യമായ വിഭാഗം ക്രൈസ്തവരാണെന്നും ബാക്കിയുളളത് ഹൈന്ദവരാണെന്നുമുളള പ്രചരണം വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാലക്കാട്, ചേലക്കര മണ്ഡലത്തിലെ ക്രൈസ്തവ വോട്ടർമാർക്കിടയിൽ ഈ വിഷയത്തിൽ വലിയ പ്രചരണമാണ് നടക്കുന്നത്.
ഫാറൂഖ് കോളജ് അധികൃതർ നൂറ് വർഷം മുൻപ് പണം വാങ്ങി കൈമാറിയ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾ കുടിയൊഴിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതി സർക്കാരിൻെറ അഭിപ്രായം തേടും. അപ്പോൾ നിലപാട് വ്യക്തമാക്കാൻ സർക്കാരും നിർബന്ധിതമാകും.
എറണാകുളം ജില്ലയിലെ മുനമ്പത്തെ തർക്കം നിലനിൽക്കുന്ന 404 ഏക്കർ ഭൂമി വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകടിപ്പിക്കുന്നത്. ഫാറൂഖ് കോളജ് പണം വാങ്ങിയാണ് ഇപ്പോഴത്തെ താമസക്കാർക്ക്
ഭൂമി കൈമാറിയിരിക്കുന്നതെന്നും വഖഫ് ഭൂമി പണം വാങ്ങി കൈമാറാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സതീശൻ ഈ നിലപാട് സ്വീകരിച്ചത്.
ഭൂമി പ്രശ്നത്തിന് പരിഹാരം കാണാൻ നിയമ നടപടികൾക്കൊപ്പം പ്രദേശവാസികൾ സമരപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുനമ്പം,വൈപ്പിൻ
പ്രദേശത്തെ കുടുംബങ്ങൾ സമരം ആരംഭിച്ചിട്ട് മൂന്നാഴ്ചയോളമായി. എന്നിട്ടും പ്രശ്ന പരിഹാരത്തിന് സർക്കാരിൻെറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകളില്ല. ഇതാണ് തെറ്റായ പ്രചരണങ്ങൾക്ക് വഴിവെച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.