കൊച്ചി: മുനമ്പത്തെ പ്രശ്നം ഒറ്റ ദിവസം കൊണ്ട് തീർക്കാമെന്നും കേരളത്തിലെ മുസ്ലീം സംഘടനകള്‍ എല്ലാം മുനമ്പത്തുകാർക്കൊപ്പമാണെന്നും മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്തുകാരോട് മുസ്ലീം സംഘടനകള്‍ക്ക് അനുഭാവ പൂർണമായ നിലപാടാണ് ഉള്ളത്.
ഈ കാര്യം എറണാകുളത്തെ ജനപ്രതിനിധികളെയും ബിഷപ്പുമാരെയും അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരെയും കുടിയിറക്കരുത്. നിലവില്‍ അവിടെ താമസിക്കുന്നവർക്ക് സ്വന്തം ഭൂമിയില്‍ നിയമപരമായ രേഖകള്‍ നല്‍കണമെന്നാണ് മുസ്ലീം സഘടനകളുടെയും ഫാറൂഖ് കോളജിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള പരിഹാരം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ വർഗീയ മുതലെടുപ്പ് നടത്തുന്നവർക്ക് വളമാവുകയാണെന്നും അദ്ദഹം ആരോപിച്ചു. വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെങ്കിലും അവരെ ബോധപൂർവം ചിലർ കുറ്റപ്പെടുത്തുന്നു.
പൂരമായാലും പെരുന്നാളായാലു കലക്കി വർഗീയ പ്രചരണത്തിന് ആയുധമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം കോടതിക്ക് പുറത്ത് വച്ച് ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.