വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിച്ചു; താല്‍ക്കാലിക ആശുപത്രിയും ആരംഭിച്ചു; ഇനിയും കണ്ടെത്താനുള്ളത് നിരവധി പേരെ

വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. ഇത് ഇനിയും ഉയർന്നേക്കാം. എൺപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്

New Update
1 mundakai landslide

വയനാട്: മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം. നിലവില്‍ രക്ഷാദൗത്യം തുടരുന്നുണ്ടെങ്കിലും, രാത്രിയില്‍ ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ, ഇന്ന് എത്ര നേരം രക്ഷാദൗത്യം തുടരുമെന്ന് വ്യക്തമല്ല. സാധ്യമായ തരത്തിലെല്ലാം ശ്രമങ്ങള്‍ തുടരുകയാണ് അധികൃതര്‍.

Advertisment

വടം ഉപയോഗിച്ചും ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം താൽക്കാലിക പാലം നിർമിച്ചുമാണ് രക്ഷാപ്രവർത്തനം. ചൂരൽമലയിൽ പരുക്കേറ്റവരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചിരുന്നു.

താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കുകൾ സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രിയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു.

വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. ഇത് ഇനിയും ഉയർന്നേക്കാം. എൺപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.  

Advertisment