മുണ്ടക്കയത്തെ പഞ്ചായത്ത് വക കെട്ടിടത്തിന് തീ പിടിച്ച സംഭവം, പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നടപടി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന്

സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി കണ്ട ആളെ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

New Update
mundakkayam

മുണ്ടക്കയം: മുണ്ടക്കയത്തെ പഞ്ചായത്ത് വക കെട്ടിടത്തില്‍ ഹരിത കര്‍മ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കുന്ന കെട്ടിടത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്.

Advertisment

സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി കണ്ട ആളെ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശി അല്ലാത്തതും കുറച്ചു ദിവസങ്ങളായി ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതുമായ ആളാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.


കോസ് വേയുടെ സമീപമുള്ള പഞ്ചായത്ത് വക കെട്ടിടത്തില്‍ രണ്ടാം നിലയില്‍ ആണ് ഹരിത കര്‍മ സേനയുടെ പ്ലാസ്റ്റിക് കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

പ്ലാസ്റ്റിക്കുകളില്‍ തീ ആളിപ്പടര്‍ന്നതിനാല്‍ വലിയ പുക പ്രദേശത്ത് വ്യാപിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണു തീയണച്ചത്. പ്ലാസ്റ്റിക് ശേഖരണത്തിന്റെ പകുതിയോളം കത്തി നശിച്ചതൊഴിച്ചാല്‍ മറ്റ് അപകടങ്ങളില്ല.


തീപിടിത്തം ഉണ്ടായ രണ്ടാം നില വൈദ്യുതീകരിച്ചതല്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായി തീപടരാന്‍ സാധ്യതയില്ല എന്നതിനാല്‍ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഞായര്‍ അവധി ദിവസമായതിനാല്‍ താഴത്തെ നിലയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിരുന്നില്ല.


റോഡ് കുറുകെ കടന്ന് എത്തിയ ആള്‍ താഴത്തെ നിലയുടെ തൂണിന്റെ അരികില്‍ മറഞ്ഞിരുന്നു. തുടര്‍ന്ന് മുകള്‍ നിലയിലേക്കു കയറി പോകുന്നതും സിസിടിവിയില്‍ വ്യക്തമാണ്. ഇയാള്‍ ഇറങ്ങി പോകുന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് പറഞ്ഞു.