Advertisment

'ഈശ്വരാ, ഭഗവാനേ, ഈ കുഴികുത്തലും സ്റ്റേ കെട്ടലും ഒക്കെ ശരവേഗത്തിൽ ചെയ്ത ഉദ്യോഗസ്ഥന് നല്ലത് മാത്രം വരുത്തണെ' ! കെഎസ്ഇബിയിൽനിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് മുരളി തുമ്മാരുകുടി

"കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാൻ അഴിപ്പിക്കണോ?" എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
murali thummarukudy

കൊച്ചി: കെഎസ്ഇബിയിൽനിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി.  അനുവാദമില്ലാതെ പറമ്പില്‍ പ്രവേശിച്ച് കെഎസ്ഇബി കുഴിയെടുത്തിട്ടു പോയതാണു സംഭവങ്ങളുടെ തുടക്കം. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

Advertisment

കെ എസ് ഇ ബി: ശുഷ്കാന്തിയും കടന്നു കയറ്റവും

വെങ്ങോലയിൽ എനിക്കൊരു ചെറിയ പറമ്പുണ്ട്. പാരമ്പര്യമായി കിട്ടിയതാണ്.  റബ്ബർ ഒക്കെ വച്ചതാണ്, പക്ഷെ റബ്ബർ വെട്ടിയിട്ടു കൂലി കൊടുക്കാനുള്ള പണം കിട്ടാത്തത് കൊണ്ട് ടാപ്പിംഗ് ഒക്കെ മുറപോലെ ആണ്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ആണ്. അതുകൊണ്ട് അവധിക്ക് പോകുമ്പോൾ മാത്രമേ പോയി നോക്കാൻ സാധിക്കാറുള്ളൂ  

ഇന്നലെ (ഫെബ്രുവരി 15, 2024)   നാട്ടിലുള്ള സഹോദരൻ  വിളിച്ചു പറഞ്ഞു. "ചേട്ടാ, നമ്മുടെ പറമ്പിൽ കെ എസ് ഇ ബി ആളുകൾ വന്നു  കുഴി എടുത്തിട്ട് പോയി  എന്ന് അതിലെ പോയ  പരിചയക്കാർ വിളിച്ചു പറഞ്ഞു. അവിടെ അടുത്ത് എവിടെയോ ഒരു പുതിയ കമ്പനി വരുന്നുണ്ട്, അതിലേക്കുള്ള ഹൈ ടെൻഷൻ ലൈൻ ആണെന്നാണ് പറഞ്ഞത്. പഞ്ചായത്തിൽ അന്വേഷിച്ചിട്ട് അങ്ങനെ കമ്പനി വരുന്നതായുള്ള കൃത്യമായ വിവരം ഒന്നുമില്ല."

അവൻ  കെ എസ് ഇ ബി യിൽ വിളിച്ചിരുന്നു.  "ഞങ്ങൾ അവിടെ രണ്ടു ദിവസം  വന്നപ്പോൾ ആരെയും കണ്ടില്ല, അതുകൊണ്ടാണ്  കുഴിയെടുത്തത്‌ " എന്നാണ് അവർ  പറഞ്ഞത്.  "എന്താണെങ്കിലും ആ സ്ഥലം എൻ്റെ സഹോദരന്റെ  ആണ്. അദ്ദേഹം സ്ഥലത്തില്ല. ടാപ്പിംഗ് ഇല്ലാത്ത റബ്ബർ തോട്ടത്തിൽ ആരെങ്കിലും എല്ലാ സമയവും വന്നിരിക്കുമോ, സ്ഥലത്തിന്റെ ഉടമയെ റെവന്യൂ റെക്കോർഡ് നോക്കിയാൽ അറിയാമല്ലോ.  അദ്ദേഹത്തെ അറിയിക്കാതെയും സമ്മതം ഇല്ലാതെയും ചെയ്തത് ശരിയായില്ല. ഞങ്ങൾ ഒരു പരാതി നൽകുന്നുണ്ട്" എന്ന് കെ എസ് ഇ ബി യെ അറിയിച്ചു. 

"ശരി, ഇനി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ്  ഞങ്ങൾ അറിയിക്കാം" എന്ന് ഉറപ്പും നൽകി.  ഇന്നലെ വൈകീട്ടത്തെ കാര്യമാണ്. പരാതി നൽകണമെങ്കിൽ സർവ്വേ നമ്പർ ഒക്കെ വേണമല്ലോ. വീക്ക് എൻഡ് ആകുമ്പോൾ അതൊക്കെ തപ്പിയെടുത്ത് പരാതി ഉണ്ടാക്കി അയക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു.

ഇരുപത്തി നാലു മണിക്കൂർ കഴിഞ്ഞില്ല.

 ഇന്ന് (ഫെബ്രുവരി 16, 2024)   രാവിലെ സഹോദരൻ വീണ്ടും വിളിച്ചു. "ചേട്ടാ, ഇന്ന് രാവിലെ അവർ അവിടെ വന്നു വഴിയിൽ പോസ്റ്റിട്ടു, നമ്മുടെ പറമ്പിലേ ക്ക് രണ്ടു  സ്റ്റേ വലിച്ചു കെട്ടിയിട്ട് പോയി. ഇനി മരങ്ങൾ ഏതെങ്കിലും ഒക്കെ വെട്ടി മാറ്റേണ്ടി വരുമോ, ഭൂമിയുടെ ഉപയോഗത്തിൽ എന്തെങ്കിലും നിയന്ത്രണമോ ബുദ്ധിമുട്ടോ ഉണ്ടാകുമോ എന്നൊന്നും അറിയില്ല" 

ലൈൻ വലിക്കുന്ന കാര്യത്തിൽ എത്ര  കാര്യക്ഷമവും ശുഷ്കാന്തിയും ആണെന്ന് നോക്കൂ.  അതെ സമയം മറ്റൊരാളുടെ പറമ്പിൽ പോയി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് അയാളെ അറിയിക്കുകയോ സമ്മതം മേടിക്കുകയോ ഒക്കെ ചെയ്യുന്ന കാര്യത്തിൽ ഒരു ശുഷ്കാന്തിയും ഉത്തരവാദിത്തവും ഇല്ല. 

ഒരാൾ വിദേശത്ത് ഉണ്ട്, അയാളുടെ പറമ്പിൽ ഒരു തരത്തിലും ഉള്ള മുന്നറിയിപ്പും ഇല്ലാതെ കടന്നു കയറുന്നു. അക്കാര്യത്തിൽ പരാതി ഉണ്ടെന്ന് പറയുന്നു.  പരാതി കൊടുക്കുന്നതിന് മുൻപ് തന്നെ പണിയും തീർത്ത് ലൈനും വലിച്ചു സ്റ്റേയും കെട്ടി പോകുന്നു. അത് അയാൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളോ നഷ്ടങ്ങളോ ഉണ്ടാക്കുക എന്ന് ഒരു വിവരവും നൽകുന്നില്ല.

ഇതിനൊന്നും ഇവർക്ക് ഒരു നിയമവും ഇല്ലേ?. മറ്റൊരാളുടെ പറമ്പിൽ കയറി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് അവരെ അറിയിക്കേണ്ടേ ?, അവരുടെ സമ്മതം ആവശ്യമില്ലേ ?. ഒരു സ്ഥലത്തിന്റെ ഉടമ ആരാണെന്നറിയാൻ പറമ്പിലേക്ക് നോക്കി നിൽക്കുന്നതല്ലാതെ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇവരുടെ അടുത്തില്ലേ?. ഇതാണോ കെ എസ് ഇ ബി യുടെ എസ് ഓ പി ?

ഞാൻ വീടിനടുത്തുള്ള കെ എസ് ഇ ബി  ട്രാൻസ്ഫോർമ്മറിന്റെ അടുത്ത് പോയി അവിടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ  രണ്ടു ദിവസം കണ്ടില്ലെങ്കിൽ അത് അടിച്ചു മാറ്റിക്കൊണ്ട് പോയാൽ എന്തായിരിക്കും കെ എസ് ഇ ബി യുടെ പ്രതികരണം?

കെ എസ് ഇ ബി കാര്യം സാധിച്ചു പോയ സ്ഥിതിക്ക്  ഇനിയിപ്പോൾ എനിക്ക് എന്തെങ്കിലും പരിഹാര  മാർഗ്ഗമുണ്ടോ എന്നറിയില്ല. സ്റ്റേ കെട്ടിയതിന് സ്റ്റേ കിട്ടുമോ? അതിന് കോടതിയിൽ പോകേണ്ടി വരുമോ? 

ഇതിനൊന്നും  പ്രവാസികൾക്ക് സമയമുണ്ടാകില്ല എന്ന്  ഉദ്യോഗസ്ഥർക്ക് അറിയാം. അതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് തോന്നുന്നു. നാട്ടിൽ ഉള്ള ആളുകളുടെ പറമ്പിൽ ഇതുപോലെ കടന്നു കയറുമോ? കടന്നാൽ അവർ സമ്മതിക്കുമോ?

ആയിരക്കണക്കിന് കിലോമീറ്റർ ദൂരെ ഇരുന്ന് പ്രവാസികൾക്ക് എന്ത് ചെയ്യുവാൻ കഴിയും?. ഇതിപ്പോൾ ഞാൻ അറിയുകയെങ്കിലും ചെയ്തു. മറ്റിടത്ത് അറിഞ്ഞു വരുമ്പോഴേക്കും ലൈൻ ചാർജ്ജ് ചെയ്തിരിക്കും !

"കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാൻ അഴിപ്പിക്കണോ?" എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ. എന്താണെങ്കിലും  നിയമം അനുസരിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ  ഇക്കാര്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഇക്കാര്യത്തിലെ നിയമം അറിയാൻ താല്പര്യമുണ്ട്. 

ഇത്തരത്തിൽ പ്രവാസികൾ ആയവർക്കും അല്ലാത്തവർക്കും അനുഭവങ്ങൾ ഉണ്ടെങ്കിൽ അറിയാനും ആഗ്രഹം ഉണ്ട്.  പണിയെല്ലാം കഴിഞ്ഞു അവർ പോയെങ്കിലും ഇക്കാര്യത്തിൽ ഫോർമൽ ആയ പരാതി നൽകും. അത്രയും ചെയ്യാൻ  ഞാനും ബാധ്യസ്ഥനാണല്ലോ. എന്ത് സംഭവിക്കുമെന്ന് വഴിയേ പറയാം.

ഈശ്വരാ, ഭഗവാനേ, ഈ  കുഴികുത്തലും സ്റ്റേ കെട്ടലും ഒക്കെ ശരവേഗത്തിൽ ചെയ്ത ഉദ്യോഗസ്ഥന് നല്ലത് മാത്രം വരുത്തണെ! 

മുരളി തുമ്മാരുകുടി 

Advertisment