/sathyam/media/media_files/DSH1KyPgq5MLTzAhrevq.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ടേംവ്യവസ്ഥ കർശനമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പ്രമുഖ നേതാക്കൾക്ക് ഇളവ് നൽകാൻ മുസ്ലിം ലീഗ്.
പ്രതിപക്ഷ ഉപ നേതാവ് വികെ കുഞ്ഞാലിക്കുട്ടിക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്ന ആവശ്യം ഉയരുമ്പോഴാണ് മൂന്നോ നാലോ നേതാക്കൾക്ക് കൂടി ടേം വ്യവസ്ഥയിൽ ഇളവ് നൽകി മത്സരിപ്പിക്കാൻ ആലോചിക്കുന്നത്.
ആർക്കൊക്കെ ഇളവ് നൽകണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തീരുമാനിക്കും.
15 കൊല്ലം തുടർച്ചയായി എംഎൽഎമാർ ആയിരുന്നവരെ ഒഴിവാക്കണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. ഇപ്പോഴത്തെ എം.എൽ.എമാരിൽ 8 നേതാക്കൾ നിയമസഭാംഗം എന്ന നിലയിൽ 15 കൊല്ലം പിന്നിട്ടവരാണ്.
/filters:format(webp)/sathyam/media/media_files/2026/01/06/mk-muneer-pk-kunhalikutty-pk-basheer-2026-01-06-20-43-38.jpg)
വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി, കൊടുവള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡോ. എം.കെ. മുനീർ, തിരൂരങ്ങാടിയെ പ്രതിനിധീകരിക്കുന്ന കെ.പി.എ മജീദ്, മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ ഷംസുദ്ദീൻ,
മങ്കട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞളാംകുഴി അലി, മലപ്പുറത്തെ പ്രതികരിക്കുന്ന പി ഉബൈദുള്ള, ഏറനാടിനെ പ്രതികരിക്കുന്ന പി കെ ബഷീർ, കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ.എ. നെല്ലിക്കുന്ന് എന്നിവരാണ് 15 കൊല്ലം പിന്നിട്ടത്.
ഇതിൽ പാർട്ടിയെ നയിക്കുന്ന നേതാവ് എന്ന നിലയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായും ഇളവ് നൽകും. ബാക്കിയുള്ളവരിൽ ഡോ. എം.കെ മുനീർ, കെ.പി.എ മജീദ്, എൻ. ഷംസുദീൻ, മഞ്ഞളാംകുഴി അലി എന്നിവർക്ക് കൂടി ഇളവ് ലഭിക്കാനാണ് സാധ്യത.
നിലവിലുള്ള എം.എൽ.എ -മാരിൽ അഞ്ച് പേർക്ക് വീണ്ടും സീറ്റ് ലഭിക്കാൻ സാധ്യതയില്ല എന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
/filters:format(webp)/sathyam/media/media_files/2025/01/23/ZHAIVCYrk9gXoCZoh6Ij.jpg)
കഴിഞ്ഞ തവണ ടേം വ്യവസ്ഥയുടെ ഭാഗമായി ആറുപേർ മാറി നിന്നിരുന്നു. ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചകെട്ടി ഇരിക്കുകയാണ്.
നിലവിലുള്ള ഏതെങ്കിലും എം.എൽ.എമാരെ മാറ്റാതെ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ കഴിയില്ല. സ്ഥിരമായി ഒരേ നേതാക്കൾ തന്നെ മത്സരിയുകയും ജയിക്കുകയും ചെയ്യുന്നതിൽ പാർട്ടിയ്ക്കകത്ത് അസംതൃപ്തി രൂക്ഷമാണ്.
ഇത് തിരിച്ചറിഞ്ഞാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ഈ നടപടിക്ക് പാർട്ടിക്കുള്ളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ രീതി അവലംബിക്കാനുള്ള സമ്മർദ്ദം നേതൃത്വത്തിന് മേൽ ഉണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഡോ എം കെ മുനീർ മത്സരിക്കുന്നതിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെ എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
ഇപ്പോൾ പ്രതിനിധീകരിക്കുന്ന കൊടുവള്ളിയിൽ നിന്ന് മാറി കോഴിക്കോട് സൗത്ത് ലേക്ക് എത്താൻ മുനീറിന് താല്പര്യമുണ്ട്. മുസ്ലിം ലീഗിന്റെ എക്കാലത്തെയും വലിയ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകൻ എന്നതാണ് മുനീറിനോട് നേതൃത്വം കാട്ടുന്ന ഉദാര സമീപനത്തിന്റെ അടിസ്ഥാനം.
മുനീറിനെ ഒഴിവാക്കിയാൽ മറ്റ് പ്രശ്നങ്ങളോ വിവാദങ്ങളോ ഉണ്ടാകുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.ഇതെല്ലാം കണക്കിലെടുത്താണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും മത്സരിക്കണോ എന്നത് മുനീറിന് വിടാൻ നേതൃത്വം ആലോചിക്കുന്നത്.
മുനീറിന് പുറമേ 15 കൊല്ലം എംഎൽഎ ആയിരുന്നവർക്ക് ഇളവ് ലഭിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഒന്നാമൻ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീനാണ്.
മണ്ണാർക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് ഷംസുദ്ദീന്റെ അനുകൂല ഘടകം. ഷംസുദ്ദീൻ മാറിയാൽ മണ്ണാർക്കാട് വിജയം എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.
/filters:format(webp)/sathyam/media/media_files/2026/01/10/images-1-2026-01-10-22-39-04.webp)
മുനീറിനും ഷംസുദ്ദീനും പുറമേ മഞ്ഞളാംകുഴി അലിക്കും ഇളവ് ലഭിച്ചേക്കും. സിപിഎം വിട്ട് മുസ്ലിംലീഗിലേക്ക് വന്ന നേതാവ് എന്നതാണ് മഞ്ഞളാംകുഴി അലിയുടെ പ്ലസ് പോയിൻറ്.
പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി കെപിഎ മജീദിനും ഏറനാട് എംഎൽഎയും പി കെ ബഷീറിനും ഇളവ് നൽകി മത്സരിപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്.
പലതവണ എംഎൽഎ ആയിട്ടുണ്ടെങ്കിലും കെപിഎ മജീദ് ഇതുവരെ മന്ത്രിയായിട്ടില്ല. ഇത്തവണ മത്സരിച്ച് ജയിച്ചാൽ മജീദിന് മന്ത്രിയാകാൻ അവസരം ലഭിക്കും എന്നാണ് അദ്ദേഹത്തിൻറെ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.
നിയമസഭാ ചീഫ് എന്ന പദവിയാണ് കെപിഎ മജീദ് ഇതിനുമുമ്പ് വഹിച്ച പ്രധാന പദവി. സീതിഹാജിയുടെ പാരമ്പര്യമാണ് പി കെ ബഷീറിന് ഇളവ് നൽകണമെന്ന് ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്.
പാണക്കാട് സാദിഖ് അലി തങ്ങൾ ആയിരിക്കും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.ടേം വ്യവസ്ഥ കർശനമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയസാധ്യതയാണ് ഓരോ മണ്ഡലത്തിലേയും പരിഗണനാ വിഷയങ്ങളെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ചില മണ്ഡലങ്ങളിൽ തൽസ്ഥിതി തുടരാൻ പാർട്ടി നിർബന്ധിതമായേക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us