സമസ്ത- ലീഗ് തർക്കം മുറുകുന്നതിനിടെ മഞ്ഞുരുക്കാൻ സ്നേഹ സദസ് സംഘടിപ്പിച്ച് പാണക്കാട് സാദിഖലി തങ്ങൾ. സ്നേഹ സദസിലേക്ക് സമസ്ത നേതൃത്വത്തിന് ക്ഷണം. ലീഗ് അദ്ധ്യക്ഷൻെറ ക്ഷണം സ്വീകരിച്ച് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ സ്നേഹ സദസിന് എത്തിയാൽ അനുരഞ്ജനത്തിന് കളമൊരുങ്ങിയേക്കും.പ്രശ്നങ്ങൾ ഉണ്ടായാലും അതെല്ലാം പരിഹരിക്കപ്പെടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാക്കാലത്തും സമുദായത്തിനകത്തുളള ഐക്യം നിലനിൽക്കും എന്നും കുഞ്ഞാലിക്കുട്ടി

New Update
sneha sadas.jpg

കോഴിക്കോട്: സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും തമ്മിലുളള ഏറ്റുമുട്ടലും സമസ്തയും ലീഗും തമ്മിലുളള ഭിന്നതയും അതിൻെറ പാരമ്യത്തിൽ എത്തി നിൽക്കേ മുസ്ളിം ലീഗിൻെറ സാമുദായിക സൗഹാ‍ർദ്ദ കൂട്ടായ്മ ഇന്ന്.ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്നേഹസദസ് എന്ന പേരിൽ സൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Advertisment

സമസ്തയുടെ പരമോന്നത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സദസിലേക്ക് ക്ഷണമുണ്ട്. ലീഗ് അദ്ധ്യക്ഷൻെറ ക്ഷണം സ്വീകരിച്ച് ജിഫ്രി തങ്ങൾ സ്നേഹ സദസിന് എത്തിയാൽ ലീഗിനും സമസ്തയ്ക്കും ഇടയിലുളള ഭിന്നത പരിഹരിക്കാൻ സഹായകരമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സമസ്തയ്ക്കൊപ്പം മുസ്ളിം സമുദായത്തിലെ മറ്റ് സംഘടനകൾക്കും സാദിഖലി തങ്ങളുടെ സ്നേഹ സദസിലേക്ക് ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം അറുപതാം പിറന്നാൾ അഘോഷിച്ച സാദിഖലി തങ്ങൾ ലീഗ് അദ്ധ്യക്ഷൻ എന്ന നിലയിലും സമുദായത്തിലെ ആത്മീയ നേതാവ് എന്ന നിലയിലും  സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാൻ ഉതകുന്ന പുതിയ പരിപാടിക്ക് തുടക്കമിടുകയാണ്. ആ ഉദ്യമത്തിൽ ആദ്യം ഐക്യം കൊണ്ടുവരേണ്ടത് പാർട്ടിയുമായി പൊക്കിൾകൊടി ബന്ധമുളള സമസ്തയ്ക്കും ലീഗിനും ഇടയിലാണെന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ കർശന നിലപാട് എടുക്കുമ്പോൾ തന്നെ പാർട്ടിക്ക് പിന്നിൽ അണിനിരക്കുന്ന അടിസ്ഥാന വിഭാഗത്തിൻെറ സംഘടന എന്നനിലയ്ക്ക് സമസ്തയെ പരിഗണിക്കണമെന്ന അഭിപ്രായവും ഉണ്ട്.

അതുകൊണ്ടുതന്നെ സ്നേഹസദസ് ലീഗ് - സമസ്ത ഭിന്നത തീർക്കാനുളള അനുരഞ്ജന നീക്കങ്ങൾക്ക് നാന്ദികുറിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രശ്നങ്ങൾ വരും അതെല്ലാം പരിഹരിക്കപ്പെടുമെന്ന് പ്രതികരിച്ച പി.കെ.കുഞ്ഞാലി കുട്ടി സമവായ ശ്രമങ്ങളുടെ സൂചന നൽകുന്നുണ്ട്. എല്ലാക്കാലത്തും സമുദായത്തിനകത്തുളള ഐക്യം നിലനിൽക്കും എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിട്ടുണ്ട്. സമുദായത്തിലെ ഐക്യം നിലനിർത്താൻ ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന സൂചനകൂടി ഈ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കാം.സമസ്തയിലെ എല്ലാവരെയും സ്നേഹസദസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാവരും പങ്കെടുക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൻെറ ഗൾഫ് എഡിഷൻ ഉൽഘാടന ചടങ്ങിൽ നിന്ന് ലീഗ് നേതാക്കൾ വിട്ടുനിന്നത് ചർച്ചയായിരുന്നു.

നേരത്തെ നിശ്ചയിച്ചതായിട്ടും ഉൾഘാടന ദിവസം തന്നെ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചാണ് സാദിഖലി തങ്ങൾ അടക്കമുളള ലീഗ് നേതാക്കൾ ഗൾഫിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഇതിൽ സമസ്ത നേതൃത്വത്തിന് നീരസം ഉണ്ടായിരുന്നു. ഈ നീരസമെല്ലാം തീർക്കാനുളള വേദിയെന്ന നിലയിലാണ് സമസ്ത നേതൃത്വത്തെ സ്നേഹസംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് ലീഗ് നേതാക്കൾ സൂചിപ്പിച്ചു.

വലിയ രാഷ്ട്രീയ വെല്ലുവിളികൾ നേരിടാനിരിക്കെ സമസ്തയുമായി ഏറ്റുമുട്ടി പോകണമെന്ന് ലീഗ് നേതൃത്വത്തിനും താൽപര്യമില്ല.എന്നാൽ സമസ്തയിലെ ചിലർ പാർട്ടി വിരുദ്ധരുടെ കോടാലിക്കൈയ്യായി മാറുന്നുവെന്നാണ് ലീഗ് നേതാക്കളുടെ പരാതി. മുസ്ളിം ജനസാമാന്യത്തെ പ്രതിനീധികരിക്കുന്ന പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ളീം ലീഗുമായി ഭിന്നിച്ച് പോകുന്നത് സംഘടനക്ക് ഗുണകരമല്ലെന്ന് കരുതുന്നവർ സമസ്ത നേതൃത്വത്തിലുണ്ട്. ഭിന്നത മൂർച്ഛിപ്പിച്ച് നേട്ടം കൊയ്യാൻ കാത്തിരിക്കുന്ന സി.പി.എമ്മിൻെറ കെണിയിൽ വീണാൽ സമസ്തയിൽ വീണ്ടുമൊരു പിളർപ്പ് ഉണ്ടാകുമോ എന്ന് അവർക്ക് ആശങ്കയുണ്ട്.1989ലാണ് സമസ്തയിൽ ഏറ്റവും ഒടുവിൽ പിളർപ്പുണ്ടായത്. ഈ പിളർപ്പിനെ തുടർന്നാണ് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ പുതിയ വിഭാഗം രൂപം കൊണ്ടത്.

അങ്ങനെയാണ് മുസ്ളിം സമുദായത്തിൽ രണ്ട് സുന്നി സംഘടനകൾ ഉണ്ടായത്. പഴയ പിളർപ്പിൻെറ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്തതിനാൽ പുതിയൊരു പിളർപ്പ് കൂടി താങ്ങാൻ സംഘടനക്ക് ശേഷിയില്ലെന്നാണ് സമവായ നീക്കം വേണമെന്ന് വാദിക്കുന്നവർ‍ പറയുന്നത്. സമസ്തയിലെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം സമസ്തയ്ക്കും മുസ്ളീംലീഗ് പാർട്ടിക്കും ഇടയിലുളള പ്രശ്നങ്ങൾക്കും പരിഹാരം വേണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.നേരത്തെ നടത്തിയ സമവായ ശ്രമങ്ങളൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെങ്കിലും വീണ്ടും അത് തുടരുക തന്നെ വേണമെന്നാണ് പ്രശ്നപരിഹാരത്തിന് വേണ്ടി ആഗ്രഹിക്കുന്നവരുടെ നിലപാട്.

 ഐക്യശ്രമങ്ങൾക്ക് വേണ്ടിയുളള മുറവിളി ഉയരുമ്പോഴും ആര് മുൻകൈയ്യെടുക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.എന്നാൽ സാദിഖലി ശിഹാബ് തങ്ങൾ സംഘടിപ്പിക്കുന്ന സ്നേഹ സദസിലേക്ക്, ക്ഷണം സ്വീകരിച്ച് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ എത്തുകയാണെങ്കിൽ അവിടെ വെച്ച് തന്നെ സമവായ ശ്രമങ്ങൾ തുടങ്ങുമെന്ന് കരുതുന്നവരുമുണ്ട്.

നേതൃത്വം ഒരുമിച്ച് ഒറ്റക്കെട്ടായി പോകാൻ തീരുമാനിച്ചാൽ അകത്തും പുറത്തും നിന്ന് ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ദുർബലരായി പോകാനാണ് സാധ്യത.നേതൃത്വത്തിന് എതിരെ പരസ്യവിമർശനം നടത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബാഹാവുദ്ദീൻ നദ്‌വിക്ക് ലീഗ് നേതാവിൻെറ പേരിലുളള അവാർ‍ഡ‍് നൽകി ആദരിക്കുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് ഫേസ് ബുക്കിൽ കുറിച്ചു. ഇതും സമവായ ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് സൂചന.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് കൊളത്തൂർ മുഹമ്മദ് മൗലവി എൻഡോവ്‌മെന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയരുന്ന വിവാദം അനാവശ്യമാണ്.ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന എൻഡോവ്‌മെന്റ്, റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാൽ ജൂണിലേക്ക് നീണ്ടുപോവുകയായിരുന്നു. സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ഇതിന് ബന്ധമില്ലെന്നും കെ,പി.എ മജീദ്, തൻെറ ഫേസ് ബുക്ക് കുറപ്പിൽ പറഞ്ഞു.

Advertisment