/sathyam/media/media_files/2024/12/10/Hw3ux045QvrBJm1aoGb8.jpg)
മലപ്പുറം : പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശന വിഷയത്തിൽ പാർട്ടി നേതാക്കളുടെ മധ്യസ്ഥത വിജയിക്കാത്തതിൽ മുസ്ലിം ലീഗിന് പരിഭവം. ലീഗ് നേതൃ യോഗത്തിലാണ് മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കാത്തതിൽ കോൺഗ്രസിനെതിരെ പരാതികൾ ഉയർന്നത്.
മുന്നണിയിലെ തർക്ക വിഷയങ്ങളിൽ മധ്യസ്ഥരാകുന്ന ലീഗ് നേത്യത്വത്തിൻ്റെ ഇടപെടൽ ഒരുകാലത്തും പരാജയപ്പെട്ടിട്ടില്ല. എന്നാൽ പി.വി അൻവറിൻെറ യുഡിഎഫ് പ്രവേശന വിഷയത്തിൽ അത് വിജയിച്ചില്ല.
കോൺഗ്രസ് സ്വീകരിച്ച കടുത്ത സമീപനമാണ് അനുരഞ്ജനം സാധ്യമാക്കുന്നതിന് തടസ്സമായി നിന്നതെന്നാണ് ലീഗ് നേതൃയോഗത്തിലെ വിമർശനം.
പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഭഗീരഥ പ്രയത്നം ഫലം കാണാതെ പോയത് ലീഗിന് വലിയ നാണക്കേടായി.
ലീഗ് ഇടപെട്ടാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പി വി അൻവറും കരുതിയിരുന്നു. എന്നാൽ അൻവർ പാർട്ടിയിൽ അർപ്പിച്ച വിശ്വാസം കാക്കാൻ ലീഗിന് കഴിഞ്ഞില്ല. ഇതിലുള്ള വികാരമാണ് നേതൃയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനമായി മാറിയത്.
പി.വി അൻവർ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ അതേദിവസം തന്നെയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ലീഗ് നേതൃയോഗത്തിൽ നിന്ന് വിമർശനം ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
അൻവറിനെ കൂട്ടുപിടിച്ച് വിഷയം വഷളാക്കിയത് കോൺഗ്രസിലെ ചില നേതാക്കൾ തന്നെയാണെന്നും വ്യാപക വിമർശനമുണ്ട്.
ഇന്ന് മലപ്പുറത്ത് നടന്ന നേതൃ യോഗത്തിലാണ് പതിവിനു വിപരീതമായി കോൺഗ്രസിന് എതിരെ വിമർശനം നടന്നത്. ലീഗ് നേതാക്കളും നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള എംഎൽഎമാർ ഉൾപ്പെടെ ഉള്ളവരുമാണ് നേതൃയോഗത്തിൽ പങ്കെടുത്തത്.
പി.വി അൻവറിന്റെ മുന്നണി പ്രവേശനം മുടങ്ങി പോയതാണ് ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിയാൻ കാരണം. ഇതിൽ ലീഗ് നേതാക്കൾക്ക് പരാതിയുമുണ്ട്.
കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും വിമർശനമുണ്ട്. ലീഗിലെ തീപ്പൊരി നേതാവ് കെ.എം ഷാജിയാണ് ഈ ആക്ഷേപം ഉന്നയിച്ചത്.
മുസ്ലിം ലീഗ് മധ്യസ്ഥത വഹിച്ചാൽ പ്രശ്നം തീരുമെന്ന സ്ഥിതി ഇല്ലാതായതിലാണ് അൻവറുടെ മുന്നണി പ്രവേശനം സാധ്യമാകാത്തതിനേക്കാൾ ലീഗ് നേതാക്കൾക്ക് വേദനയുള്ളത്.
പി. വി.അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാമെന്ന് യു.ഡി.എഫ് യോഗത്തിൽ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകിച്ചു എന്നതാണ് ലീഗിന്റെ പരാതി.
മെയ് രണ്ടിന് എടുത്ത തീരുമാനം പരസ്യമാക്കിയിരുന്നെങ്കിൽ ഇപ്പോൾ അൻവർ മത്സരിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നാണ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അനാവശ്യ പിടിവാശി വിഷയം വഷളാവാൻ കാരണമായെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
പി.വി.അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം നിലപാട് എടുത്തശേഷം അർധരാത്രി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ചക്ക് പോയത് വലിയ നാണക്കേട് ഉണ്ടാക്കിയെന്നും ലീഗ് യോഗത്തിൽ വിമർശനം ഉയർന്നു. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് എതിരായ വിമർശനത്തെ പിന്തുണച്ചു.
ഇങ്ങനെ പോയാൽ മാറി ചിന്തിക്കേണ്ടിവരുമെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ വിളിക്കുമ്പോൾ ബാക്കി കാര്യങ്ങൾ പറയുമെന്നുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി നേതൃയോഗത്തിൽ പറഞ്ഞിരിക്കുന്നത്.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉപതിരഞ്ഞെടുപ്പിനെ മോശമായി ബാധിയ്ക്കുമെന്ന ആശങ്കയും ലീഗ് നേതാക്കൾ പ്രകടിപ്പിച്ചു. പി.വി അൻവറിന് നേരെയും ലീഗ് നേതൃയോഗത്തിൽ വിമർശനം ഉയർന്നു.
മുന്നണിയുടെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച ശേഷം പി.വി അൻവർ നടത്തിയ പരസ്യ പ്രതികരണങ്ങൾ ഉചിതം ആയില്ല. ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്ന് അൻവറിന്റെ പ്രതികരണം അതിരുകടന്നതായിപ്പോയെന്നും നേതാക്കൾ വിമർശിച്ചു.
വി.എസ് ജോയിയുടെ പേര് പ്രഖ്യാപിക്കാൻ പി.വി.അൻവർ ഒരിക്കലും തയ്യാറാകരുതായിരുന്നുവെന്നും ലീവി യോഗത്തിൽ അഭിപ്രായമുയർന്നു.
പി.വി അൻവർ ഒറ്റയ്ക്ക് മത്സരിക്കുന്നതിൽ ലീഗ് അപകടം കാണുന്നില്ല. അൻവർ മത്സരിച്ചാലും നിലമ്പൂരിൽ യുഡിഎഫിന് വിജയസാധ്യത ഉണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തൽ.
ഇന്ന് മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, തിരഞ്ഞെടുപ്പ് ചുമതലകൾക്കായി ലിസ്റ്റ് ചെയ്ത പോഷക സംഘടനകളുടെ അടക്കം വിവിധ തലങ്ങളിലെ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗമാണ് മലപ്പുറം ലീഗ് ഹൗസിൽ നടന്നത്.
തിരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ചു നൽകുക എന്നതായിരുന്നു പ്രധാന അജണ്ട. നിലമ്പൂരിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു ഇരുത്തത്തിന്റെ മറ്റൊരു പ്രധാന ഉദ്ദേശം.
നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവ് ആയ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായത്. അല്ലാതെ ഏതെങ്കിലും നേതാക്കളെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല.
ആ രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.