/sathyam/media/media_files/2025/12/19/muslim-league-congress-2025-12-19-14-40-49.jpg)
തിരുവനന്തപുരം: മലപ്പുറം പാർട്ടി എന്ന വിളിപ്പേരിന് പുറത്തേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി കടന്ന് കയറുന്ന കാഴ്ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്.
യുഡിഎഫിലെ പ്രബല കക്ഷി മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിനും കോൺഗ്രസിനും പിന്നിൽ മൂന്നാമത്തെ രാഷ്ട്രീയ ശക്തി എന്ന നിലയിൽ ലീഗ് വളർച്ച നേടുമ്പോൾ അത് അടിത്തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കികൊണ്ട് തന്നെയാണ്.
യുഡിഎഫിൽ കോൺഗ്രസിൻ്റെ ബലം ലീഗ് തന്നെയാണ് എന്നതിൽ സംശയമില്ല. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി, ഐ.എൻ.എൽ തുടങ്ങിയ മുസ്‌ലിം രാഷ്ട്രീയത്തിൽ ഇടം നേടുന്ന പാർട്ടികളുടെ കടന്ന് കയറ്റത്തെ ചെറുക്കുന്നതിനും ലീഗിന് കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
2148 ഗ്രാമ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തിൽ 300 അംഗങ്ങൾ, 51 ജില്ലാ പഞ്ചായത്തംഗങ്ങൾ, കോപ്പറേഷനുകളിൽ 34 ഉം മുനിസിപ്പാലിറ്റികളിൽ 568 ഉം അംഗങ്ങളെയാണ് ലീഗിന് വിജയിപ്പിക്കാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 865 പേരെയാണ് കൂടുതലായി ഇക്കുറി ലീഗിന് വിജയിപ്പിക്കാനായത്. മലപ്പുറമെന്ന കോട്ട കാത്ത ലീഗ് കാസർകോഡും കോഴിക്കോടും വയനാടും കോട്ടയത്തു വരെയും സ്വാധീനം അരക്കിട്ടുറപ്പിച്ചു.
പാലക്കാടും നഗര - ഗ്രാമ മേഖലകളിൽ ലീഗ് കരുത്ത് കാട്ടി. തിരുവിതാംകൂർ, മധ്യ തിരുവിതാംകൂർ മേഖലയിൽ ലീഗ് ചരിത്ര വിജയം സ്വന്തമാക്കിയതും എടുത്ത് പറയേണ്ടതാണ്. യുഡിഎഫിൻ്റെ കെട്ടുറപ്പും കോൺഗ്രസ് നൽകിയ പിന്തുണയും ഈ മേഖലയിൽ ലീഗിന് തുണയായി.
ബിജെപി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ മെനഞ്ഞ തന്ത്രമെന്ന പേരിൽ സിപിഎം സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടും ലീഗിൻ്റെ വളർച്ചയ്ക്ക് സഹായകമായി എന്ന് തന്നെ പറയാം. ബിജെപി കൈവരിക്കുന്ന വളർച്ചയും മുസ്ലിം വിഭാഗത്തെ ലീഗിലേക്ക് എത്തിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
മുസ്ലിം ലീഗ് സ്വാധീന ശക്തിയായി മാറുമ്പോൾ അത് അവരുടെ വിലപേശൽ ശേഷിയും വർദ്ധിപ്പിക്കും . നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാർ മേഖലയ്ക്ക് പുറത്ത് ചില സീറ്റുകൾ ലീഗിന് താല്പര്യമുണ്ട്.
സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുമ്പോൾ മലപ്പുറം പാർട്ടി എന്നതിൽ നിന്ന് മാറി സംസ്ഥാന പാർട്ടിയാകാനുള്ള ലീഗിൻ്റെ ശ്രമം മുന്നണി നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
എന്തായാലും ലീഗിൻ്റെ കരുത്ത് യുഡിഎഫിന്‍റെ ശക്തി വർദ്ധിപ്പിക്കുമ്പോൾ അത് സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ലീഗിൻ്റെ പരാജയം യുഡിഎഫിനെ തകർക്കുമെന്ന് സിപിഎമ്മിന് നന്നായറിയാം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന മുസ്ലിം ലീഗും യുഡിഎഫും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ മലബാർ മേഖലയ്ക്ക് പുറത്ത് കോട്ടയം ഇടുക്കി ഉള്‍പ്പെടെ ഇനി സംഘടനാ സംവിധാനംകൂടി ശക്തമാക്കാനാണ് ലീഗ് തയ്യാറെടുക്കുന്നത്. ലീഗ് പ്രകടിപ്പിക്കുന്ന പോരാട്ട വീര്യമാണ് മുന്നണിയുടെ കരുത്തെന്ന് യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന് ബോധ്യമുണ്ട്.
അതുകൊണ്ട് തന്നെ ലീഗിൻ്റെ കരുത്തിനെ ബഹുമാനിച്ച് ശക്തിയെ ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്ന തന്ത്രമാകും കോൺഗ്രസ് സ്വീകരിക്കുക. ലീഗ് ആകട്ടെ മത നിരപേക്ഷത മുറുകെ പിടിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി മാറുക എന്ന ലക്ഷ്യത്തിനാണ് ഊന്നൽ നൽകുന്നത്.
മലബാർ എന്ന പച്ചക്കോട്ട കാക്കുന്നതോടൊപ്പം മറ്റിടങ്ങളിൽ പച്ച കൊടി വീശുകയും ചെയ്താൽ മാത്രമേയുഡിഎഫ് മുന്നേറ്റം സാധ്യമാകൂ എന്ന വിശ്വാസത്തോടെയാണ് ലീഗിൻ്റെ പ്രവർത്തനം.
കൃത്യസമയത്ത് വിലപേശൽ എന്ന തന്ത്രമാകും ലീഗ് സ്വീകരിക്കുക എന്നുറപ്പാണ്. ലീഗിൻ്റെ തോളിലേറിയുള്ള വിജയമാകണം യു ഡി എഫ് സ്വന്തമാക്കുകയെന്ന ആഗ്രഹമാണ് ലീഗ് നേതൃത്വത്തിനും അണികൾക്കും ഉള്ളത്.
അതിനാല്‍ തന്നെ ഒറ്റക്കെട്ടായി കയ്യ് മെയ്യ് മറന്ന് സർവ്വ ശക്തിയും സമാഹരിച്ച് യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് പ്രവര്‍ത്തനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us