/sathyam/media/media_files/2026/01/06/mk-muneer-pk-kunhalikutty-pk-basheer-2026-01-06-20-43-38.jpg)
കോഴിക്കോട്: നിയമസഭാ മണ്ഡലങ്ങൾ സ്ഥിരമായി കയ്യടക്കി വെച്ചിരിക്കുന്നവർക്കെതിരെ മുസ്ലിം ലീഗിൽ കടുത്ത വിമർശനം. രണ്ടും മൂന്നും ടേം കഴിഞ്ഞിട്ടും സീറ്റ് വിട്ട് കൊടുക്കാൻ തയ്യാറല്ലാത്തവർക്കെതിരെയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നത്.
മണ്ഡലം സ്വകാര്യ സ്വത്തുപോലെ കൊണ്ടുനടക്കണമെന്ന ചിന്താഗതിയുളളവരെ 'ക്ലീൻ ബൗൾഡ്' ആക്കണമെന്ന് മുതിർന്ന നേതാവ് യോഗത്തിൽ തുറന്നടിച്ചു.
താൻ തന്നെ തുടരുമെന്ന അഹങ്കാരം ആരും കൊണ്ടുനടക്കാൻ പാടില്ലെന്നും ഇത്തരക്കാരെ പാർട്ടി ക്ലീൻ ബൗൾഡ് ആക്കണമെന്നുമാണ് മലപ്പുറത്ത് നിന്നുളള മുതിർന്ന നേതാവ് ആവശ്യപ്പെട്ടത്.
ടേം വ്യവസ്ഥ പാലിക്കുന്നതിൽ സിപിഐയെ മാതൃകയായി കണക്കാക്കണമെന്നും ലീഗ് പ്രവർത്തകസമിതി യോഗത്തിൽ യോഗത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
മൂന്ന് ടേം വ്യവസ്ഥ കർശനമായി പാലിക്കുന്ന ഏക പാർട്ടി സിപിഐ ആണ്. നേതാക്കളുടെ വലിപ്പച്ചെറുപ്പം നോക്കാതെ സിപിഐ അത് നടപ്പിലാക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം മാതൃകയാക്കി പരമാവധി പുതുമുഖങ്ങളെ കൊണ്ടുവരാൻ ശ്രമിക്കണം. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെ മുഴുവൻ നേതാക്കളും മാറട്ടെയെന്നും യോഗത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്.
രണ്ടും മൂന്നും ടേം പൂർത്തിയായവർ പുതുതലമുറക്ക് വഴി മാറി കൊടുക്കുന്നതാണ് നല്ലത്. ലഭിക്കുന്ന എല്ലാ സീറ്റിലും മത്സരിക്കുകയല്ല പാർട്ടിക്ക് വേണ്ടത്. വിജയസാധ്യതയുളള സീറ്റിൽ വേണം മത്സരിക്കാൻ.
ലീഗ് മത്സരിക്കുന്ന സീറ്റിൽ ലീഗിനേക്കാൾ കോൺഗ്രസിനാണ് വിജയസാധ്യത എങ്കിൽ വിട്ടുകൊടുത്ത് വിജയിക്കുമെന്ന് ഉറപ്പുള്ള മറ്റൊരു സീറ്റ് കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കണം.
തിരിച്ച് ലീഗിന് സാധ്യതയുളള സീറ്റ് കോൺഗ്രസിൽ നിന്നും ഏറ്റെടുക്കുന്ന രീതിയും അവലംബിക്കണം. യു.ഡി.എഫ് ഇനിയും വിപുലീകരിച്ചാൽ ലീഗിന് ഇനിയും സീറ്റ് കുറയുമെന്നും യോഗത്തിൽ ആശങ്ക ഉയർന്നു.
ഇന്നലെ കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് സീറ്റും സ്ഥാനവും വിട്ട് നൽകാൻ വിമുഖത ഉളളവർക്കെതിരെ വിമർശനം ഉയർന്നത്.
മുന്നണിയെ നയിക്കാൻ പരമോന്നത നേതാക്കൾ നിയമസഭയിൽ വേണ്ടത് അനിവാര്യമാണെങ്കിലും മറ്റു ചില നേതാക്കൾ സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന പ്രവണതയ്ക്കെതിരെ മുസ്ലിംലീഗിൽ നിലനിൽക്കുന്ന കടുത്ത അസ്വസ്ഥതയാണ് വിമർശനങ്ങളിലൂടെ പുറത്തു വന്നത്.
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പോലും വീണ്ടും മത്സരിക്കാനും മന്ത്രി ആകാനും തയ്യാറെടുക്കുകയാണ്. ഇതുമൂലമാണ് പുതുമുഖങ്ങൾക്കും യുവാക്കൾക്കും തുടർച്ചയായി അവസരം നിഷേധിക്കപ്പെടുന്നത്. ഈ പ്രവണതയ്ക്ക് അന്ത്യം കുറിക്കാതെ പാർട്ടി വളരില്ലെന്നും ലീഗിനുള്ളിൽ അഭിപ്രായമുണ്ട്.
കാലങ്ങളായി യൂത്ത് ലീഗ് നേതൃത്വത്തിലുള്ളവർക്ക് ഉറച്ച സീറ്റ് ലഭിക്കുന്നില്ല. യൂത്ത് ലീഗ് നേതാക്കന്മാരായി പണ്ട് നിയമ സീറ്റ് ലഭിച്ചവർ ഇപ്പോഴും ഒഴിയാൻ തയ്യാറാകുന്നില്ല. ടേം വ്യവസ്ഥയുടെ കാര്യത്തിൽ നിലപാടെടുക്കാൻ പാർട്ടി ഉന്നത നേതൃത്വം തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
ഇതിൻറെ സൂചന എന്നോണം ആണ് പ്രവർത്തകസമിതി യോഗത്തിൽ സ്ഥിരമായി മണ്ഡലങ്ങൾ കയ്യടക്കി വച്ചിരിക്കുന്നവർക്ക് എതിരെ വിമർശനം ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പാർട്ടി പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിലപാട് എടുത്തിരുന്നു.
ഇതേ മാതൃക നിയമസഭയിലും പിന്തുടരണം എന്നാണ് ലീഗ് നേതാക്കൾക്കിടയിലെ ആവശ്യം. നിയമസഭ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി വൈകാതെ ഉഭയകക്ഷി ചർച്ച തുടങ്ങും. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ആവശ്യപ്പെടും. ഇക്കാര്യം പാണക്കാട് സാദിഖലി തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സീറ്റിൻ്റെ കാര്യത്തിൽ തർക്കിച്ച് പൊതു രാഷ്ട്രീയ അന്തരീക്ഷം നശിപ്പിക്കാൻ ലീഗ് തയ്യാറാകില്ല. 10 വർഷമായി അധികാരത്തിന് പുറത്തു നിൽക്കുന്ന മുന്നണി എന്ന നിലയിൽ ഭരണം പിടിക്കാൻ ആണ് മുൻഗണന നൽകുന്നത്.
തെക്കൻ കേരളത്തിൽ പാർട്ടിക്ക് സാന്നിധ്യം വേണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടും. ചില സീറ്റുകൾ വെച്ചു മാറുന്നതും നിർദ്ദേശമായി അവതരിപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാനും ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us