മുതുകാടും ടീമും വീണ്ടും ഒന്നിക്കുന്നു; മാന്ത്രികവിദ്യയുടെ വിസ്മയക്കാഴ്ചകളുമായി 'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ'

New Update
muthukad gfjy

കോഴിക്കോട്: നാല് വർഷങ്ങൾക്കുശേഷം ഗോപിനാഥ് മുതുകാടും അദ്ദേഹത്തിന്റെ പഴയ ടീമംഗങ്ങളും വീണ്ടും വേദിയിലെത്തുന്നു. ജാലവിദ്യയിലൂടെ ഒരുകാലത്ത് കേരളത്തെ അത്ഭുതപ്പെടുത്തിയ അതേ കൂട്ടുകെട്ട്, കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ 'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ' എന്ന പരിപാടിയിലൂടെ ഒരിക്കൽ കൂടി മാത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. തന്റെ പിതാവ് കുഞ്ഞുണ്ണിനായരോടുള്ള ആദരസൂചകമായാണ് മുതുകാട് ഈ മാന്ത്രികവിരുന്ന് ഒരുക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രൊഫഷണൽ മാന്ത്രികവിദ്യയിൽ നിന്ന് 2019-ൽ വിരമിച്ചതിന് ശേഷം മുതുകാടിന്റെ ടീമംഗങ്ങൾ പല വഴികളിലേക്ക് മാറിയിരുന്നു. പലരും മറ്റ് ജോലികളിലേക്കും വിദേശരാജ്യങ്ങളിലേക്കും ചേക്കേറി. എന്നാൽ, വർഷങ്ങൾക്കിപ്പുറം ഒരുമിച്ച് ഒരു വേദി പങ്കിടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടായ്മ. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ ഫന്റാസിയ വേദിയിൽ രാപ്പകലില്ലാതെ കഠിനപരിശീലനം നടത്തിയതിന് ശേഷമാണ് അവർ ഈ ഷോ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. മുതുകാടിനൊപ്പം വീണ്ടും മാജിക് ഷോ അവതരിപ്പിക്കുന്നതിന്റെ സന്തോഷം ടീമംഗങ്ങളായ പ്രഭാകരന്‍ (മുതുകാടിന്റെ സഹോദരന്‍), തോമസ് പാലച്ചുവട്ടില്‍, ആനന്ദ് മേഴത്തൂര്‍, ദിവ്യ രജീഷ്, താര സമീര്‍, പ്രമോദ്, സമീര്‍ പുന്നപ്ര, ദീപു മോഹന്‍, ഷാരൂഖ് ലത്തീഫ്, ഗഫൂർ പാപ്പാലി, ഷിജു വേണുഗോപാല്‍, വിനോദ് എം.എസ് എന്നിവര്‍ പങ്കുവെച്ചു.

1987-ൽ കോഴിക്കോട് വെച്ചാണ് മുതുകാട് തന്റെ ആദ്യ പ്രൊഫഷണൽ മാന്ത്രിക പ്രദർശനം നടത്തുന്നത്. പിന്നീട് അരനൂറ്റാണ്ടോളം നീണ്ട തന്റെ മാന്ത്രികയാത്രയിൽ, മാജിക്കിനോടുള്ള അഭിനിവേശം കാരണം നിയമപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഈ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകിയത് പിതാവാണ്. അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്താനും ഭിന്നശേഷിക്കാർക്കായുള്ള തന്റെ സന്ദേശം പങ്കുവയ്ക്കാനുമാണ് ഈ മാജിക് ഷോയിലൂടെ മുതുകാട് ലക്ഷ്യമിടുന്നത്.

'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ' എന്ന ഈ പരിപാടിക്ക് പിന്തുണ നൽകുന്നത് തിരുവനന്തപുരം ഡിഫറന്റ് ആർട്‌സ് സെന്റർ (DAC), ഓയ്സ്‌ക ഇന്റർനാഷണൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ എന്നിവരാണ്. കൂടാതെ, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കാസർഗോഡ് ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (IIPD) എന്ന പദ്ധതിക്ക് വേണ്ടിയുള്ള ധനസമാഹരണം കൂടിയാണ് ഈ പരിപാടി.  ഇന്ത്യൻ മാന്ത്രിക ലോകത്തെ പ്രമുഖനായ പി.സി. സർക്കാർ ജൂനിയർ ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Advertisment