മുട്ടിൽ മരംമുറി കേസ്: സർക്കുലറുകൾക്ക് നിയമത്തെ മറികടക്കാനാവില്ലെന്ന് ജില്ലാ കോടതിയുടെ കടുത്ത നിരീക്ഷണം. പ്രതികളാകുന്നത് കർഷകരും താഴേത്തട്ട് ഉദ്യോഗസ്ഥരും മാത്രം. വിവാദ ഉത്തരവുകൾ ഇറക്കിയ ഉന്നതർ ഇപ്പോഴും സുരക്ഷിതരെന്നും കോടതി വിമർശനം

New Update
images - 2026-02-06T000200.091

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച മുട്ടിൽ മരംമുറി കേസുകളിൽ സർക്കാരിനെ വെട്ടിലാക്കുന്ന നിയമ നിരീക്ഷണങ്ങളുമായി ജില്ലാ കോടതിയുടെ ഉത്തരവ്.

Advertisment

വന സംരക്ഷണത്തിനായുള്ള നിയമപരമായ ചട്ടങ്ങളെ മറികടക്കാൻ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ കഴിയില്ലെന്ന് കേരള വനം നിയമപ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി കൂടിയായ കൽപ്പറ്റ ജില്ലാ ജഡ്ജി വ്യക്തമാക്കി.


ഇതോടെ, വിവാദ ഉത്തരവുകളുടെ മറവിൽ മരംമുറിച്ച കർഷകരും അത് തടയാതിരുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരുംനിയമക്കുരുക്കിലായപ്പോൾ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്.


പട്ടയഭൂമിയിൽ നിന്ന് ഈട്ടിത്തടികൾ  മുറിച്ചു കടത്തിയ കേസിൽ വനംവകുപ്പിന്റെ കണ്ടുകെട്ടൽ നടപടികൾ ശരിവെച്ചു കൊണ്ടാണ് ജില്ലാ ജഡ്ജിയുടെ സുപ്രധാന ഉത്തരവ്. മരം മുറിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

സംരക്ഷിത മരങ്ങൾ വെട്ടാൻ സർക്കാർ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ അധികാരം നൽകാൻ ആവില്ല എന്നാണ് കോടതിയുടെ  നിരീക്ഷണം. നിയമ പരിരക്ഷയില്ലാത്ത ഉത്തരവുകളുടെ മറവിൽ വനസമ്പത്ത് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവാദമായ മരംമുറിക്ക് ആധാരമായത് റവന്യൂ വകുപ്പ് പുറത്തിറക്കിയ രണ്ട് ഉത്തരവുകളായിരുന്നു. അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഒപ്പിട്ടു നൽകിയ 2020 മാർച്ച് 11-ലെ സർക്കുലർ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി മുൻപേ ഉത്തരവിട്ടിരുന്നു.


എന്നാൽ ഒക്ടോബർ 24 ന് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഇറക്കിയ വിചിത്രമായ സർക്കാർ ഉത്തരവ് (G.O.(MS) No.261/2020/Rev) അതിനെയും കടത്തിവെട്ടി.


ഈ ഉത്തരവ് പ്രകാരം ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങൾ മുറിക്കാൻ അവകാശമുണ്ടെന്നും, ഇത് തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഈ ഭാഗം ഡോ. എ. ജയതിലക് സർക്കാർ ഉത്തരവിൽ എഴുതി ചേർത്തതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഈ ഉത്തരവ് മറയാക്കിയാണ് അഗസ്റ്റിൻ സഹോദരങ്ങൾ കോടിക്കണക്കിന് രുപയുടെ വിലപിടിപ്പുള്ള മരം മുറിച്ച് കടത്തിയത്. സർക്കാരിനെ വിശ്വസിച്ച് മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരും തുടർന്ന് മരംമുറിച്ച കർഷകരുമാണ് ഇപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്.

ഡോ. വേണു ഇറക്കിയ സർക്കുലർ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി ജില്ലാ ജഡ്ജിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും താഴേത്തട്ടിൽ ഈ ഉത്തരവ് നടപ്പിലാക്കിയവർ മാത്രമാണ് ഇപ്പോൾ ശിക്ഷാനടപടികൾ നേരിടുന്നത്.


സാധാരണക്കാരായ കർഷകർ, തടി വ്യാപാരികൾ, ലോറി ഉടമകൾ, വില്ലേജ് ഓഫീസർമാർ മുതൽ റേഞ്ച് ഓഫീസർമാർ വരെയുള്ള താഴേത്തട്ടിലെ ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ ഉണ്ട്.


കേരള വൃക്ഷ സംരക്ഷണ നിയമപ്രകാരം ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും. കൂടാതെ തടിയും വാഹനങ്ങളും കണ്ടുകെട്ടലുമാണ് ശിക്ഷ.

നിയമവിരുദ്ധമായ ഒരു പ്രവർത്തിക്ക് കളമൊരുക്കുന്ന രീതിയിൽ ഉത്തരവുകൾ പുറപ്പെടുവിച്ചത് ക്രിമിനൽ ഗൂഢാലോചനയുടെയോ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന്റെയോ പരിധിയിൽ വരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭാരതീയ ന്യായ് സംഹിത പ്രകാരം കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നതും തെറ്റായ രേഖകൾ ചമയ്ക്കുന്നതും ഗുരുതരമായ കുറ്റമാണ്. എന്നാൽ, വിജിലൻസ് അന്വേഷണത്തിലോ വനംവകുപ്പിന്റെ നടപടികളിലോ ഈ ഉത്തരവുകൾക്ക് പിന്നിൽ പ്രവർത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം പോലും ചെയ്തിട്ടില്ല.

ഭരണകൂടത്തിന്റെ ഉത്തരവുകൾ വിശ്വസിച്ച് പ്രവർത്തിച്ചവർ ജയിലിലേക്കും നിയമക്കുരുക്കിലേക്കും നീങ്ങുമ്പോൾ, ഉന്നതരുടെ ഒത്താശയോടെ ഉത്തരവുകൾ ഇറക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥർ സുരക്ഷിതരായി തുടരുന്നത് നീതിപീഠത്തിന് മുന്നിലും പൊതുസമൂഹത്തിന് മുന്നിലും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

മുഴുവൻ കേസിലും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതിന് പിന്നിലും ഉന്നത ഇടപെടൽ സംശയിക്കുന്നുണ്ട്.

Advertisment