പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ അംഗീകരിക്കില്ല; നേതാക്കൾ മാധ്യമങ്ങളോട് ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി എം.വി. ഗോവിന്ദൻ. സജി ചെറിയാൻ, എ.കെ. ബാലൻ പരാമർശങ്ങൾ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനവിധേയം

New Update
mv govindan-2

തിരുവനന്തപുരം: സി.പി.എം നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 

Advertisment

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകിയത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും അത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെതിരെ വിമർശനം ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അകറ്റുന്ന തരത്തിൽ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ, മുതിർന്ന നേതാവ് എ.കെ. ബാലൻ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു സെക്രട്ടറിയുടെ പരാമർശങ്ങൾ. 

മലപ്പുറത്തെയും കാസർകോട്ടെയും തെരഞ്ഞെടുപ്പ് ഫലത്തെ വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെടുത്തി സജി ചെറിയാൻ നടത്തിയ പ്രസംഗം പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്ന് യോഗം വിലയിരുത്തി. മന്ത്രിയുടെ വാക്കുകൾ അനവസരത്തിലുള്ളതാണെന്ന് ചില നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നടത്തിയ ഭവനസന്ദർശനങ്ങളിലെ ജനകീയ പ്രതികരണങ്ങൾ യോഗം ചർച്ച ചെയ്തു. 

എൽ.ഡി.എഫിന്റെ തെക്ക്, വടക്ക്, മധ്യ മേഖല ജാഥകൾ വൻ വിജയമാക്കാനുള്ള കർമ്മപദ്ധതികൾക്കും സംസ്ഥാന സമിതി രൂപം നൽകി. 

നേരത്തെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സജി ചെറിയാന്റെ വിഷയം ചർച്ച ചെയ്തിരുന്നില്ലെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഇത് സജീവ ചർച്ചയായി മാറുകയായിരുന്നു.

Advertisment