/sathyam/media/media_files/3Wn7dBmlsrkU1IRN3P4N.jpg)
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയെ പരിഹസിച്ചും വിമര്‍ശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അൻവറിനെ നായകനാക്കി വലിയ നാടകങ്ങൾ അരങ്ങേറിയെന്നും, എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്നും ഗോവിന്ദന്‍ പരിഹസിച്ചു.
തന്റെ പാർട്ടി സമ്മേളനത്തിൽ ലക്ഷങ്ങളെ അണിനിരത്തുമെന്നായിരുന്നു അൻവറിന്റെ പ്രഖ്യാപനം. അതെല്ലാം പ്രഖ്യാപനത്തിലും പ്രചാരണത്തിലും ഒതുങ്ങി. കേരളത്തിൽ ഉടനീളം അൻവർ അലയുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂരിലെ അന്‍വറിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ജമാഅത്തെ ഇസ്ലാമി,എസ്ഡിപിഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവരെ അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണ് അന്‍വറിനുണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.
അൻവറിന്റെ ആരോപണങ്ങളിൽ നടപടി സ്വീകരിച്ചു. മലപ്പുറം മുൻ എസ്പിയെ സസ്പെൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരെ മാറ്റി. എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം നടക്കുന്നുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
മാത്യു കുഴൽനാടൻ എംഎൽഎ ചരിത്രം പഠിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗം വ്യക്തമാക്കുന്നത്. രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടാണ് രാഷ്ട്രീയ ലാഭത്തിനായി മാത്യു കുഴല്‍നാടന്‍ ഭാഗത്ത് നിന്നുണ്ടായത്. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി കുഴൽനാടൻ മാറിയെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
എം കെ മുനീറിന്റെ സ്വർണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമാന എംബ്രെസിലെ പങ്കാളികൾ സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രതികളാണ് എന്നും എം കെ മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.