/sathyam/media/media_files/pxLRfRg6Hw11IihrFaAl.jpg)
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അടിയന്തിരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടുചേർന്നിട്ടുണ്ടെന്ന എം.വി ഗോവിന്ദൻെറ പ്രസ്താവനയിൽ സി.പി.എമ്മിൽ സംശയങ്ങളുയരുന്നു.
നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം മത്സരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയിൽ നിന്ന് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുന്ന പ്രസ്താവന വന്നത് യാദൃശ്ചികമല്ലെന്നാണ് ഒരു വിഭാഗം സി.പി.എം നേതാക്കൾ കരുതുന്നത്.
ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടി യു.ഡി.എഫിനെ വിവാദത്തിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് അടിയന്തിരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി ചങ്ങാത്തം ഉണ്ടായിരുന്നുവെന്ന പ്രതികരണം ഉണ്ടായത്.
ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ ചലനം ഉണ്ടാക്കുമെന്ന് മറ്റാരെക്കാളും നന്നായറിയുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.സ്വരാജിൻെറ തോൽവി ഉറപ്പിക്കാനാണോ പ്രതികരണം നടത്തിയതെന്നാണ് സി.പി.എം നേതാക്കളുടെ സംശയം.
പാർട്ടി സെക്രട്ടറിയുടെ ലക്ഷ്യം സ്ഥാനാർത്ഥിയായ എം. സ്വരാജിൻെറ തോൽവി മാത്രമല്ല മുഖ്യമന്ത്രിയെ കൂടി ലക്ഷ്യംവെച്ചാണെന്ന സംശയവും നേതാക്കൾക്കിടയിൽ ശക്തമാണ്.
എം.സ്വരാജ് ജയിച്ചാൽ പാർട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രി കൂടുതൽ ശക്തനാകും. മൂന്നാമതും ഭരണം എന്ന ലക്ഷ്യം മുൻനിർത്തി മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയാൽ അദ്ദേഹമോ,അദ്ദേഹം നിർദ്ദേശിക്കുന്നയാളോ നായകനായി മാറും.
ഇതെല്ലാം മുന്നിൽ കണ്ടുളള ആസൂത്രിത നീക്കമാണ് ആർ.എസ്.എസ് ബന്ധം വെളിപ്പെടുത്തികൊണ്ടുളള ഗോവിന്ദൻെറ പ്രസ്താവനയിൽ തെളിയുന്നതെന്നാണ് ആക്ഷേപം.
സ്വതന്ത്രരെയോ ദുർബലരായ മറ്റേതെങ്കിലും ദുർബലനായ പാർട്ടി സ്ഥാനാർത്ഥിയേയോ നിർത്തി കൊണ്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദൻെറയും മണ്ഡലത്തിൻെറ ചുമതലക്കാരനായ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻെറയും നീക്കം.
മത്സരിക്കാൻ താൽപര്യമില്ലെന്ന സ്വരാജിൻെറ നിലപാട് ഇരുവരും അവസരമാക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്തപ്പോൾ മുഖ്യമന്ത്രിയാണ് സ്വരാജ് മത്സരിക്കുന്നതാണ് നല്ലതെന്ന് നിർദ്ദേശിച്ചത്.
ഇതോടെ അൻവറിൻെറ തട്ടകത്തിൽ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്താനുളള ഗോവിന്ദൻെറയും വിജയരാഘവൻെറയും മോഹം പൊലിഞ്ഞു.
പൊലിസ് ഭരണത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ പി.വി.അൻവർ ആക്ഷേപങ്ങൾ ഉന്നയിച്ച് ആദ്യം രംഗത്ത് വന്നപ്പോൾ ഈ നേതാക്കളുടെ പിന്തുണയുണ്ടെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
അൻവറിനെ കുരിശു യുദ്ധത്തിന് ഇറക്കിവിട്ടവർ മുഖ്യമന്ത്രി വാളെടുത്തപ്പോൾ പിൻവാങ്ങുക ആയിരുന്നു. അന്ന് പിൻവാങ്ങിയെങ്കിലും ഈ നേതാക്കൾക്കെല്ലാം ഇപ്പോഴും പി.വി അൻവറിനോട് ആഭിമുഖ്യം ഉണ്ടെന്നതിൻെറ തെളിവാണ് വോട്ടെടുപ്പിൻെറ തൊട്ടുതലേന്നുളള വിവാദ പ്രസ്താവനയിലൂടെ വെളിവാകുന്നതെന്ന് സി.പി.എമ്മിലെ സി.പി.എം നേതാക്കൾ ആരോപിക്കുന്നു.
ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് നടക്കുന്ന ദിവസം പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച സ്ഥിരീകരിച്ച ഇ.പി.ജയരാജൻെറ പ്രസ്താവനക്ക് സമാനമായ പ്രതികരണമാണ് നിലമ്പൂർ വോട്ടെടുപ്പിന് തൊട്ടുമുൻപ് എം.വി.ഗോവിന്ദനിൽ നിന്ന് ഉണ്ടായതെന്ന് പറയുന്നവരും സി.പി.എമ്മിലുണ്ട്.
ഇ.പി ജയരാജൻെറ പ്രസ്താവന വോട്ടെടുപ്പിനെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ മുൻകൈയ്യെടുത്തയാളാണ് എം.വി.ഗോവിന്ദൻ.
സമാനമായ കുറ്റം ചെയ്ത എം.വി.ഗോവിന്ദനെതിരെയും നടപടി വേണ്ടതല്ലേ എന്ന ചോദ്യവും ഇ.പി.ജയരാജൻ അനുകൂലികളിൽ നിന്ന് ഉയരുന്നുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടപ്പിൻെറ ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.എമ്മിൻെറ നേതൃയോഗങ്ങൾ ചേരുന്നുണ്ട്. ഈമാസം 25ന് സംസ്ഥാന സെക്രട്ടേറിയേറ്റും 26,27 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും.
ഈ യോഗങ്ങളിൽ എം.വി.ഗോവിന്ദൻെറ ആർ.എസ്.എസ് സഖ്യം സ്ഥീരികരിച്ചുകൊണ്ടുളള ടിവി അഭിമുഖത്തിലെ പരാമർശം ചർച്ചാ വിഷയമാകും.