വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അല്‍പ്പസമയത്തിനകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എത്തും.
വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു
ചൂരല്‍ മഴ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ എത്തിച്ച ആളുകളെ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. മുണ്ടക്കൈയില്‍ എന്‍ഡിആര്‍ഫിന് എത്താന്‍ കഴിയാത്ത സാഹചര്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ താല്‍ക്കാലിക യാത്ര സൗകര്യമൊരുക്കും. കൂളൂരില്‍ നിന്ന് മൂന്ന് ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടു. ബംഗളൂരില്‍ നിന്ന് രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി വയനാട്ടിലേക്ക് തിരിച്ചു. അഞ്ച് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി രാജന്‍ അറിയിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു.
വയനാടിലെ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി രാവിലെ മുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. എല്ലാ കേന്ദ്രസേനകളോടും ഇടപെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര പ്രതിനിധി വയനാട്ടിലേക്ക് പോകും. ആരാണ് പോകുക എന്ന സംബന്ധിച്ച് ഉടന്‍ അറിയിപ്പ് വരുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി.