/sathyam/media/media_files/dTy4RroB7TfGKTyYoyKW.jpg)
തിരുവനന്തപുരം: മാധ്യമങ്ങളാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വി.ഡി.സതീശനൊന്നുമല്ല കേരളത്തിലെ പ്രതിപക്ഷമെന്നും യഥാർത്ഥ പ്രതിപക്ഷം മാധ്യമങ്ങളാണ്.
പാർട്ടിക്കും സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ എന്തെല്ലാം ചെയ്യാമോ അതെല്ലാം മാധ്യമങ്ങൾ ചെയ്യുന്നുണ്ട്. ഇന്ന് മനോരമ എഴുതുന്നതാണ് നാളെയോ മറ്റന്നാളോ പ്രതിപക്ഷ നേതാവ് സതീശൻ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾ ഉൽപാദിപ്പിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണ്. എന്നിട്ടും സി.പി.എം ഇവിടെ നിലനിൽക്കുന്നുണ്ട്.
കേൾക്കുന്നതിന് അപ്പുറം കേൾക്കാനും വരികൾക്കിടയിൽ വായിക്കാനും കേരളത്തിലെ ജനങ്ങൾക്ക് കഴിവുളളതുകൊണ്ടാണ് പാർട്ടി ഇവിടെ നിലനിന്നുപോകുന്നത്.
ഒരു മാധ്യമത്തിൻെറയും ശീട്ട് കൊണ്ടല്ല പാർട്ടി നിലിനിന്നുപോകുന്നത്. മാധ്യമങ്ങൾ പാർട്ടി പരിപാടിക്ക് ക്യാമറയുമായി വരുന്നത് തൻെറയോ മറ്റേതെങ്കിലും നേതാക്കളുടെയോ പ്രസംഗം നൽകാനല്ല.
തൻെറയടക്കം ഏതെങ്കിലും നേതാവിൻെറ വായിൽ നിന്ന് എന്തെങ്കിലും അബദ്ധം വീഴുന്നുണ്ടെങ്കിൽ അത് പിടിച്ചെടുക്കാനാണ് മാധ്യമങ്ങൾ കാത്തിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
സി.പി.എം പാളയം ഏരിയാ സമ്മേളനത്തിൻെറ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എം.വി.ഗോവിന്ദൻ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. പാർട്ടി സമ്മേളനങ്ങളെ ചുറ്റിപ്പറ്റി നെഗറ്റീവ് വാർത്തകൾ ഉണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. എന്നാൽ എല്ലാകാര്യങ്ങളിലും എന്നപോലെ അതിനൊരു പൊസിറ്റീവ് വശമുണ്ട്.
നെഗറ്റീവ് വാർത്ത കൊടുത്താലും സമ്മേളനങ്ങൾക്ക് നല്ല പബ്ളിസിറ്റി ലഭിക്കുന്നുണ്ട്. പാർട്ടി സമ്മേളനങ്ങളിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ചർച്ച നടക്കുന്നു എന്നതാണ് മഹാപാതകം പോലെ സി.പി.എം അവതരപ്പിക്കുന്നത്.
വിമർശനം ആകാശത്ത് നിന്ന് പൊട്ടി വീഴുന്നതല്ല. പാർട്ടി സമ്മേളനങ്ങളിലെ പ്രതിനിധികൾ ഉന്നയിക്കുന്നതാണ്. അതൊരു പാതകമാണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ട. വിമർശനത്തിലൂടെയും സ്വയം വിമർശനത്തിലൂടെയുമാണ് പാർട്ടി പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രി മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി വരെ ആരെയും വിമർശിക്കുന്നതിന് ഒരു വിലക്കുമില്ല. വിമർശനങ്ങൾ ഉണ്ടായാലും ചർച്ചക്ക് പാർട്ടി നേതൃത്വം നൽകുന്ന മറുപടിയാണ് അന്തിമ തീർപ്പെന്നും ഗോവിന്ദൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന കായംകുളത്തെ ജില്ലാ പഞ്ചായത്തംഗം ബിപിൻ.സി.ബാബുവിന് എതിരെ എം.വി.ഗോവിന്ദൻ രൂക്ഷമായ വിമർശനം നടത്തി. " ബിപിൻ.സി. ബാബുവിന് എതിരെ ഭാര്യയുടെ പരാതി ഉണ്ട്. പാർട്ടിക്കാണ് പരാതി നൽകിയത്. ഭാര്യയെ മർദ്ദിച്ചു ഉപദ്രവിച്ചു എന്നാണ് പരാതി.
ഞാൻ പങ്കെടുത്ത യോഗത്തിലും ആ പരാതി വന്നു. നമ്മുടെ കൂടെ നിൽക്കുമ്പോൾ എന്തു ചെയ്യാനാകും. അയാളുടെ അമ്മക്ക് എതിരെയും പരാതി ഉണ്ട്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടന്ന പരാതിയും അയാൾക്കെതിരെയുണ്ട്.
കെ.സുരേന്ദ്രന് ഇതൊന്നും ഒരു പ്രശ്നമല്ല. അവർക്ക് ഒക്കെ എന്തായാലും പ്രശ്നമില്ല. പക്ഷേ പാർട്ടിക്ക് മുന്നിൽ പരാതിവന്നപ്പോൾ കർശനമായ സമീപനം തന്നെ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത്.
ബിപിൻ അല്ല ആരായാലും തെറ്റായ ഒന്നിനെയും ഉൾക്കൊള്ളുന്ന പ്രശ്നമില്ല. ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുക ആണ് ചെയ്യുക.പാർട്ടിക്ക് പുതിയ ഊർജം ലഭിക്കും - എം.വി.ഗോവിന്ദൻ പറഞ്ഞു.
ഏരിയാ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോകുകയും ശേഷം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തുകയും ചെയ്ത മംഗലപുരത്തെ മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെയും
എം.വി.ഗോവിന്ദൻ കണക്കിന് വിമർശിച്ചു.കടകംപളളി സുരേന്ദ്രൻ നൽകിയ പ്രതികരണത്തിൽ പറഞ്ഞത് പോലെ മധു മുല്ലശേരിയെ ഒക്കെ ഏരിയാ സെക്രട്ടറിയാക്കിയതാണ് പാർട്ടിക്ക് പറ്റിയ അബദ്ധം. മധു ആയാലും ആരായാലും തെറ്റായ ഒന്നിനെയും വെച്ച് പൊറുപ്പിക്കുന്ന പ്രശ്നമില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.