/sathyam/media/media_files/2025/08/31/untitled-2025-08-31-14-55-16.jpg)
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് മുന്നണി മാറുന്ന ശീലമുളള എം.വി.ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുളള ആര്‍.ജെ.ഡി വീണ്ടും ഒരു മുന്നണി മാറ്റത്തിനോ? ഇപ്പോള്‍ എല്‍.ഡി.എഫിലുളള ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാറിന്റെ രണ്ട് ഫേസ് ബുക്ക് പോസ്റ്റുകളാണ് സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
മുന്നണി മാറ്റ ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ നിഷേധിച്ച് കൊണ്ടു പത്ര സമ്മേളനം നടത്തിയ ശേഷവും കോണ്‍ഗ്രസ് അനുകൂല പോസ്റ്റ് പങ്കുവെച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സൈബര്‍ ഫോഴ്‌സ് എന്ന ഫേസ് ബുക്ക് ഐ.ഡിയില്‍ നിന്ന് റിപോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍ കുമാറിന് എതിരെ പങ്കുവെച്ച പോസ്റ്റാണ് എല്‍.ഡി.എഫിന്റെ രാജ്യസഭാംഗമായിരുന്ന എം.വി. ശ്രേയാംസ് കുമാര്‍ ഷെയര്‍ ചെയ്തത്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമകളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അനുകൂല ഫേസ് ബുക്ക് ഐഡികളില്‍ നിന്ന് പങ്കു വെച്ച മറ്റ് രണ്ട് പോസ്റ്റുകളും ശ്രേയാംസ് കുമാര്‍ സ്വന്തം ഫേസ് ബുക്ക് ഐ.ഡിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒരോ മണിക്കൂര്‍ ഇടവേളയിലാണ് ഈ പോസ്റ്റുകള്‍ ശ്രേയാംസ് കുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രേയാംസ് കുമാറിന്റെ ഉടമസ്ഥതയിലുളള മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്താ സമീപനരീതിയില്‍ അടുത്ത കാലത്തായി സംഭവിക്കുന്ന മാറ്റം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍.ജെ.ഡി കേരള ഘടകം യു.ഡി.എഫില്‍ എത്തുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്കും രാഹുല്‍ പുറത്തുവിട്ട വോട്ടര്‍ പട്ടിക ക്രമക്കേടിനും മാതൃഭൂമി ദിനപത്രം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ലേഖനങ്ങള്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയിലേക്ക് മാറാനുളള ആര്‍.ജെ.ഡിയുടെ ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത് കെ.സി. വേണുഗോപാലാണെന്ന് പ്രചരണമുണ്ട്.
കെ.സി വേണുഗോപാലിന്റെ ഭാര്യ ഡോ.കെ.ആശയുടെ കമലാ സുരയ്യയെ കുറിച്ചുളള പുസ്തകം മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ചതും ബന്ധം ശക്തമായതിന്റെ സൂചനയായി മാതൃഭൂമി ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.മാതൃഭൂമിയുടെ പി.ആര്‍.വിഭാഗത്തിലുളള ഉന്നത ഉദ്യോഗസ്ഥനാണ് ആര്‍.ജെ.ഡിയുടെ മുന്നണി മാറ്റചര്‍ച്ചകള്‍ക്ക് ഇടനില നില്‍ക്കുന്നത്.
കോഴിക്കോട് നിന്നുളള മന്ത്രിയായ പി.എ.മുഹമ്മദ് റിയാസുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥന്‍ ടൂറിസം വകുപ്പിന്റെ നയരൂപീകരണ നിര്‍വഹണ സമിതിയില്‍ അംഗവുമാണ്. മന്ത്രി റിയാസിന് വേണ്ടി മാതൃഭൂമിയില്‍ ഇടപെടുന്ന ഇദ്ദേഹം തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലേക്കും വഴിവെട്ടുന്നത്. എന്നാല്‍ പത്ര ജീവനക്കാരന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ ആര്‍.ജെ.ഡി നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ കെ.പി.മോഹനനും എതിര്‍പ്പ് ഉളളവരുടെ കൂട്ടത്തിലാണ്. കൂത്ത് പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.പി.മോഹനന് എല്‍.ഡി.എഫ് വിടുന്നതിനോടും യോജിപ്പില്ലെന്നാണ് സൂചന. എന്നാല്‍ വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ശ്രേയാംസ് കുമാറിന് ജയിക്കണമെങ്കില്‍ മുന്നണി മാറിയേ തീരു. അതാണ് കോണ്‍ഗ്രസിലേക്ക് അടുക്കാന്‍ എല്ലാ ഉപായങ്ങളും ഇറക്കുന്നത്.
എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് 2021ല്‍ കല്‍പ്പറ്റയില്‍ നിന്ന് മത്സരിച്ച ശ്രേയാംസ് കുമാര്‍, യു.ഡി.എഫിലെ ടി.സിദ്ദിഖിനോട് ദയനീയമായി തോറ്റിരുന്നു. സി.പി.എം വോട്ടുകള്‍ എതിരായതാണ് ശ്രേയാംസ് കുമാറിനെ സ്വന്തം തട്ടകമെന്ന് അവകാശപ്പെടുന്ന കല്‍പ്പറ്റയില്‍ വീഴ്ത്തിയത്.
2026ല്‍ മത്സരിക്കാന്‍ ഇറങ്ങിയാലും സി.പി.എമ്മുകാര്‍ പാലം വലിക്കുമെന്ന ആശങ്കയാണ് മുന്നണി മാറ്റത്തിന് ശ്രമിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം. 2016ല്‍ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോഴും ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ ദയനീയമായി തോറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നണി മാറിയാലും ശ്രേയാംസ് കുമാറിനും കുടുംബത്തിനും വയനാട്ടില്‍ നിന്ന് ജയിച്ചുവരാന്‍ പാടാണെന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ തന്നെ പറയുന്നത്.
റിപോര്‍ട്ടര്‍ ടിവിയോടും അതിന്റെ മാനേജ്‌മെന്റിനോടും സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പുലര്‍ത്തുന്ന അടുപ്പത്തിലുളള പ്രതിഷേധം കൂടിയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ശ്രേയാംസ് കുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
മരംമുറി കേസില്‍ ജയിലില്‍ കിടന്ന റിപോര്‍ട്ടര്‍ മാനേജ്‌മെന്റുമായി സി.പി.എം അടുത്തകാലത്തായി നല്ല ബന്ധത്തിലാണ്.കോണ്‍ഗ്രസ് ചാനല്‍ ബഹിഷ്‌കരിച്ചതിന് പിന്നാലെ പ്രകടമായി തന്നെ സി.പി.എമ്മിനെ പിന്തുണക്കുന്ന റിപോര്‍ട്ടര്‍ ടിവിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ ക്‌ളിപ്പ് പുറത്തുവിട്ടത്.
ബഹിഷ്‌കരണത്തിന് മുന്‍പ് തന്നെ റിപോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാര്‍ സി.പി.എം അനുകൂലിയാണ്.റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റിപോര്‍ട്ടര്‍ ടിവിയെ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പ്രചരണ പങ്കാളിയായാണ് സി.പി.എം കാണുന്നത്.ഇത് മനസിലാക്കി റിപോര്‍ട്ടര്‍ മാനേജ്‌മെന്റ് സി.പി.എം അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നുമുണ്ട്.
ഇതിലൊക്കെ കടുത്ത അമര്‍ഷമുളളയാളാണ് അര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍.റിപോര്‍ട്ടര്‍ ടിവി ഉടമകളും വയനാട്ടില്‍ നിന്നുളളവരാണ്.
വയനാട്ടില്‍ നിന്ന് മറ്റൊരു മാധ്യമ ഉടമകള്‍ വളര്‍ന്നുവരുന്നതില്‍ താല്‍പര്യമില്ലാതിരിക്കുന്നതിന് ഇടയിലാണ് അവര്‍ക്ക് സി.പി.എം പിന്തുണ കൂടി ലഭിക്കുന്നത്. ഇതും ശ്രേയാംസ് കുമാറിനെ മുന്നണി മാറ്റം സൂചിപ്പിച്ചുളള പോസ്റ്റുകള്‍ ഇടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.