/sathyam/media/media_files/9fCWsM2wkwofxZ6omkn4.jpg)
തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) നിർദ്ദേശം നൽകി.
പിടിച്ചെടുക്കുന്ന എല്ലാ എയർഹോണുകളും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി തകർക്കണമെന്നാണ് കർശന നിർദ്ദേശം.
ഗതാഗത മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഈ മാസം 19 വരെ സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന തുടരും.
കോതമംഗലത്ത് വെച്ച് ഗതാഗത മന്ത്രിയുടെ മുന്നിൽ സ്വകാര്യ ബസ് നിരന്തരമായി എയർ ഹോൺ മുഴക്കിയ സംഭവത്തെ തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്.
അനുമതിയില്ലാതെ സ്ഥാപിച്ച എയർഹോണുകൾ കണ്ടെത്തിയാൽ നശിപ്പിക്കുക മാത്രമല്ല, ജില്ലാതല കണക്കുകൾ മാധ്യമങ്ങൾക്ക് കൈമാറണമെന്നും നിർദ്ദേശമുണ്ട്.
അവധിയായതിനാൽ ഔദ്യോഗിക ഉത്തരവോ സർക്കുലറോ ആയിട്ടല്ല, മറിച്ച് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലേക്ക് ഉന്നത ഉദ്യോഗസ്ഥർ വാട്ട്‌സ്ആപ്പ് സന്ദേശമായാണ് നിർദ്ദേശം കൈമാറിയത്.
കോതമംഗലം സംഭവത്തിൽ ഉച്ചത്തിൽ ഹോൺ അടിച്ച ബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.