തിരുവനന്തപുരം: സംസ്ഥാന സര്‍ക്കറിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം 2025 പ്രദര്‍ശന- വിപണനമേളയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) തീം പവലിയന്‍ സജ്ജീകരിക്കുന്നതിന് യോഗ്യരായ ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഏപ്രില്‍ 21 മുതല്‍ മെയ് 23 വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലായിട്ടാണ് പ്രദര്‍ശന- വിപണനമേള നടക്കുന്നത്.
നൂതന സ്റ്റാര്‍ട്ടപ്പ് എക്സിബിഷന്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ പരിചയസമ്പന്നരായ ഏജന്‍സികളാണ് അപേക്ഷിക്കേണ്ടത്. എല്ലാ ജില്ലകളിലും സ്റ്റാളുകള്‍ സ്ഥാപിക്കണം. കെഎസ് യുഎം നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ അനുസരിച്ചാണ് സ്റ്റാള്‍ തയ്യാറാക്കേണ്ടത്. സ്റ്റാളുകളില്‍ റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളും കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രതിനിധീകരിക്കുന്ന മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും.
ഏജന്‍സിയുടെ വിശദാംശങ്ങള്‍, പ്രൊജക്ട് പരിചയം, 14 ജില്ലകളിലും സ്റ്റാള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള പദ്ധതി, നിര്‍വ്വഹണ ചെലവ് തുടങ്ങിയ വിശദാംശങ്ങളോടെയാണ് അപേക്ഷിക്കേണ്ടത്. ഏജന്‍സിക്ക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ആവശ്യമാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 14. ഏജന്‍സികളുടെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: https://startupmission.kerala.gov.in/tendersസംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് കെഎസ് യുഎം .