ആറളം ഫാം ഭൂമി പാട്ടത്തിന് നൽകിയ നടപടിക്കു പിന്നിൽ കളിച്ചത് ആരെന്ന കാര്യത്തിൽ ദുരൂഹത ബാക്കി, കോടതിയുടെ പരിഗണന കാത്ത് ഹർജിക്കാർ; സർക്കാർ ഭൂമി ഏതെങ്കിലും ഉദ്യോഗസ്ഥർ സ്വയം തീരുമാനിച്ചാൽ പാട്ടത്തിന് നൽകാൻ കഴിയുമോ എന്ന ചോദ്യം ശക്തം

New Update
ARALAM FARM

കണ്ണൂർ : ജില്ലയിലെ ആറളം ഫാം ഭൂമി പങ്കാളിത്ത കൃഷിയുടെ പേരിൽ സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കുമായി ദീർഘ കാലത്തേക്ക് പാട്ടത്തിനു നൽകാനുള്ള തീരുമാനത്തിനു പിന്നിൽ കളിച്ചത് ആരാണെന്ന കാര്യത്തിൽ ദുരൂഹത തുടരുന്നു.

Advertisment

പട്ടികവർഗ വികസന വകുപ്പോ സർക്കാറോ അനുമതി നൽകാതെ  വകുപ്പുമേധാവികളിൽ ചിലരുടെ  സ്വന്തം ഇഷ്ടപ്രകാരം ഭൂമി നൽകാൻ ദീർഘകാലത്തേക്ക് പാട്ടക്കരാർ  ഉണ്ടാക്കുകയായിരുന്നുവെന്നാണ് സിപിഎം സംഘടനയായ ആദിവാസി ക്ഷേമസമിതി ഫാമിൽ കുടിൽകെട്ടി സമരം നടത്തിയ ഘട്ടത്തിൽ പറഞ്ഞത്. 


എന്നാൽ സിപിഎം ഭരിക്കുമ്പോൾ അവർ കൈകാര്യം ചെയ്യുന്ന പട്ടിക വർഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥർ സ്വയം തീരുമാനിച്ച് പാട്ടത്തിന് നൽകാൻ പറ്റുമോ എന്ന മറു ചോദ്യവും ശക്തമാണ്.

ARALAM FARM12

മൂന്നു മാസം മുൻപാണ് ഭൂമി പാട്ടത്തിനു നൽകാനുള്ള നീക്കം വിവാദമാവുകയും പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത്.  ആദ്യം പ്രതിഷേധവുമായി രംഗത്ത് വന്നത് സിപിഐയുടെ സംഘടനയായ അഖിലേന്ത്യാ കിസാൻസഭയും എഐടിയുസിയും. എന്നാൽ അപ്പോൾ മൗനം പാലിച്ച സിപിഎം ഒരു മാസത്തിനു ശേഷം അവരുടെ സംഘടനയായ ആദിവാസി ക്ഷേമസമിതിയേ രംഗത്തിറക്കി കുടിൽ കെട്ടി സമരം പ്രഖ്യാപിച്ചു. 


സമരം ഉദ്ഘാടനം ചെയ്‍തത് ജില്ലാ സെക്രട്ടറി എം വി ജയരാജൻ. രണ്ടു ദിവസം സമരം പിന്നിട്ടപ്പോൾ വകുപ്പ് മന്ത്രി ഒ ആർ കേളു സമരക്കാരെ തിരുവനന്തപുരത്ത് ചർച്ചക്ക് വിളിച്ചു.  പങ്കാളിത്ത കൃഷിയുടെ പേരിൽ ഫാമിലെ 665 ഏക്കർ ഭൂമി പാട്ടത്തിന് നൽകാനുള്ള നടപടി റദ്ദാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.


പട്ടിക വർഗ വികസന  വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം ഭൂമി സർക്കാർ അധീനതയിൽ തന്നെ നിലനിർത്തി ആദിവാസികുടംബങ്ങൾക്ക്‌  ഉപജീവനം നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടത്.

ARALAM FARM13

മന്ത്രി നടത്തിയ ചർച്ചയോടെ സിപിഎം സംഘടന സമരം നിർത്തിയെങ്കിലും സിപിഐ സംഘടനകൾ വീണ്ടും പ്രക്ഷോഭവുമായി രംഗത്തു വന്നു. ഫാം സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിക്കുകയും ഫാം അധികൃതരുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ രണ്ടാഴ്ച സമയം ചോദിച്ചു. കഴിഞ്ഞ ഫിബ്രവരിയിലാണ് കോടതിയേ സമീപിച്ചതെങ്കിലും സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. എന്നാൽ കോടതി ഉടൻ തന്നെ ഹർജി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.


ഭൂമി പാട്ടത്തിനു നൽകാനുള്ള നടപടി ഉദ്യോഗസ്ഥർ സ്വീകരിച്ചതിനു പിന്നിലെ ദുരൂഹത അതേപടി തുടരുകയും ചെയ്യുന്നു. ഫാം ഭൂമി കൃഷി വകുപ്പിന് കൈമാറണമെന്ന ആവശ്യവും ഏറെ കാലമായി ഉയരുന്നതാണ്.


ആറളം ഫാമിലെ 665 ഏക്കർ ഭൂമി പങ്കാളിത്ത കൃഷിക്കായി സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും  30 വർഷം വരെ പാട്ടത്തിന് നൽകിയ നടപടി റദ്ദാക്കും എന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ ഇക്കാര്യത്തിൽ മറ്റൊരു നീക്കവും ഉണ്ടായില്ല എന്നാണ് പ്രതിഷേധിക്കുന്ന സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

Advertisment