തിരുവനന്തപുരം: സസ്‌പെൻഷനിൽ തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഹിയറിംഗ് സംബന്ധിച്ച് അദ്ദേഹം മുന്നോട്ട് വെച്ച വ്യവസ്ഥകളിൽ തീരുമാനമെടുക്കാനാവാതെ ചീഫ് സെക്രട്ടറി.
ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് എൻ.പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ആലോചിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഹിയറിങ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
/sathyam/media/media_files/2024/11/11/GAGChx0rB5Uv87Z1gFcz.jpg)
സർവീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ല. തെളിവെന്ന നിലയിൽ വീഡിയോ റെക്കോർഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു.
സസ്‌പെൻഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക്‌പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. പ്രശാന്തിനെ ഇപ്പോൾ ഒരു ഹിയറിംഗിന് വിളിച്ചതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.
ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും നവമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ നവംബറി ലാണ് എൻ.പ്രശാന്തിനെ സസ്‌പെൻറ് ചെയ്തത്. സംഭവത്തിൽ ചീഫ് സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പ്രശാന്തിന്റെ മറുപടിയും വിവാദമായിരുന്നു.
ചീഫ് സെക്രട്ടറിയോട് തിരിച്ച് ചോദ്യങ്ങൾ ചോദിച്ച പ്രശാന്തിന്റെ നടപടി അസാധാരണമായി പരിഗണിക്കപ്പെട്ടിരുന്നു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമായിരുന്നു സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവിൽ ഉണ്ടായിരുന്നത്.
/sathyam/media/media_files/2024/11/11/qncyeIfD7dkV0UcogBDI.jpg)
സസ്‌പെൻഷൻ പരിശോധിക്കാൻ ചേർന്ന റിവ്യു കമ്മിറ്റി പ്രശാന്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ താൻ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്ന് കാട്ടി പ്രശാന്ത് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പും ചർച്ചയായിരുന്നു.