നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ

New Update
PHOTO 2
കൊച്ചി: കൊച്ചി - മുസിരിസ് ബിനാലെയിൽ  ബംഗ്ലാദേശി ചലച്ചിത്രകാരൻ നയീം മൊഹൈമിൻ്റെ പുതിയ സിനിമയായ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' (2025) പ്രദർശിപ്പിച്ചു. ബംഗ്ലാദേശി സംവിധായകനും നോവലിസ്റ്റുമായ സഹീർ റൈഹാന്റെ തിരോധാനവും അദ്ദേഹം ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള  ഫിലിം റീലിനെക്കുറിച്ചുള്ള അന്വേഷണവുമാണ് ഇതിന്റെ പ്രമേയം.

1971-ലെ ബംഗ്ലാ വിമോചന യുദ്ധത്തിന് പിന്നാലെയാണ് സഹീർ റൈഹാനെ കാണാതാകുന്നത്. അദ്ദേഹത്തെ രക്തസാക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്.
Advertisment

PHOTO 1



പരീക്ഷണാടിസ്ഥാനത്തിലുള്ള ഡോക്യുമെന്ററി രീതിയിലാണ് മൊഹൈമിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബംഗ്ലാദേശ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിജനമായ സ്റ്റുഡിയോ ദൃശ്യങ്ങളും പഴയ ചരിത്രരേഖകളും  ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രരേഖകളുടെ അഭാവത്തെയും രാഷ്ട്രീയ ഓർമ്മകളുടെ തകർച്ചയെയും സൂചിപ്പിക്കാനാണ് കാണാതായ ഫിലിം റീലിനെ അദ്ദേഹം ഉപയോഗിക്കുന്നത്.

 ചരിത്രകാരനായ അഫ്‌സാൻ ചൗധരിയിൽ നിന്നാണ് സഹീർ റൈഹാന്റെ പൂർത്തിയാകാത്ത ചിത്രത്തെക്കുറിച്ച് താൻ അറിഞ്ഞതെന്ന് നയീം മൊഹൈമിൻ പറഞ്ഞു. വർഷങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ ആ ഫിലിം കണ്ടെത്തുക അസാധ്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ രീതിയിൽ ചിത്രം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

KMB 2025



ദക്ഷിണേഷ്യൻ രാഷ്ട്രീയ സാഹചര്യവും ചരിത്രരേഖകളുടെ അപൂർണ്ണതയുംസൃഷ്ടി ചർച്ച ചെയ്യുന്നു. ബംഗ്ലാദേശിലെ 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നുണ്ടായ അധികാരശൂന്യതയുടെ സമയത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആ സമയത്തെ സ്റ്റുഡിയോകളുടെ നിശബ്ദതയും വിജനതയും സഹീർ റൈഹാന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പശ്ചാത്തലമായി മാറുന്നു. കാണാതായ ഫിലിം റീൽ കേവലം ഒരു വസ്തുവല്ലെന്നും മറിച്ച് രേഖപ്പെടുത്താത്ത ഒട്ടേറെ ചരിത്രങ്ങളുടെയും ഓർമ്മകളുടെയും പ്രതീകമാണെന്നും മൊഹൈമിൻ വ്യക്തമാക്കി.
Advertisment