നാഗ്പൂരിലെ മലയാളി വൈദികൻ്റെ അറസ്റ്റ്'. കടുത്ത പ്രതിഷേധം രേഖപെടുത്തി പ്രതിപക്ഷ നേതാവിൻ്റെ കത്ത് പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും. പ്രാർത്ഥനാ യോഗത്തിന് നേരെ മതപരിവർത്തനം ആരോപിച്ച് കേസ് എടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വി.ഡി സതീശൻ. സഭാ നേതൃത്വത്തെ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ്

സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.

New Update
jasmine

തിരുവനന്തപുരം:നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ
 എന്നിവർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 

Advertisment

സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവർക്കും അദ്ദേഹം കത്തയച്ചത്.

സമാധാനപരമായി നടന്ന പ്രാർത്ഥനാ യോഗത്തിന് നേരെ മതപരിവർത്തനം ആരോപിച്ച് കേസ് എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. 

ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള പൗരന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിത്. 

ജനാധിപത്യ-മതേതര മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും വി.ഡി സതീശൻ നൽകിയ കത്തിൽ പറയുന്നു. 

കത്ത് നൽകിയതിന് പുറമേ സി.എസ്.ഐ സഭാ നേതൃത്വത്തെ പ്രതിപക്ഷ നേതാവ്  തൻ്റെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. 

ബജറംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 

തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാദർ സുധീർ കഴിഞ്ഞ അഞ്ച് വർഷമായി നാഗ്പൂരിൽ സേവനം അനുഷ്ഠിച്ചു വരികയാണ്

അറസ്റ്റിലായവരെ ഉടൻ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.ഡി സതീശൻ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നാഗ്പൂരിൽ നടന്നതെന്ന് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നാഗ്പൂരിൽ പ്രാർത്ഥനാ യോഗം നടക്കുമ്പോഴാണ് പോലീസ് സംഘം സ്ഥലത്തെത്തി വൈദികനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്. 

ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ പത്തോളം പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. 

നിലവിൽ ബനോഡ പോലീസ് സ്റ്റേഷനിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. 

സ്റ്റേഷൻ ജാമ്യം അനുവദിക്കാത്തതിനാൽ കോടതിയെ സമീപിക്കാനാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

Advertisment