/sathyam/media/media_files/2025/12/11/narendra-modi-rapid-rail-2025-12-11-22-00-30.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരിക്കും തെക്കു- വടക്ക് റാപ്പിഡ് റെയിൽ പദ്ധതി.
ജനങ്ങളെ ദ്രോഹിക്കാതെയും വളരെ കുറച്ച് ഭൂമിയേറ്റെടുത്തും പരമാവധി റെയിൽവേ ഭൂമിയുപയോഗിച്ചും അതിവേഗ ട്രെയിൻ യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നും അതുവഴി കേരളത്തിന്റെ വികസനം വേഗത്തിലാവുമെന്നും ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായി ഉൾപ്പെടുത്തും.
മാത്രമല്ല, സംസ്ഥാന സർക്കാർ ജനങ്ങളെ ദ്രോഹിച്ച് നടപ്പാക്കാനൊരുങ്ങിയ സിൽവർ ലൈനിന് പകരമായി ജനങ്ങൾക്ക് ഉപകാരമുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കാനും ഇടയുണ്ട്.
വികസിത കേരളം എന്ന മുദ്രാവാക്യവുമായിട്ടായിരിക്കും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. പിണറായി സർക്കാർ നടപ്പാക്കാൻ ഒരുങ്ങിയതു പോലെ ജനങ്ങളുടെ വീടിനകത്തു കൂടിയാവില്ല റാപ്പിഡ് റെയിലിന്റെ പാത.
നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായി തൂണുകളിലൂടെയും പാലങ്ങളിലൂടെയും വളരെ കുറച്ച് സ്വകാര്യ ഭൂമി ഏറ്റെടുത്തുള്ളതായിരിക്കും.
വിഴിഞ്ഞം തുറമുഖത്തെ മംഗലാപുരം തുറമുഖവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന റാപ്പിഡ് റെയിൽ കേരളത്തിന്റെയാകെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ടുവയ്ക്കും.
വന്ദേഭാരത് വന്നതോടെ കേരളത്തിൽ അതിവേഗ ട്രെയിൻ യാത്രയ്ക്ക് ഡിമാന്റായിട്ടുണ്ട്. കാസർകോട്, മംഗളുരു, ബംഗളുരു എന്നിവിടങ്ങളിലേക്ക് നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നുണ്ട്.
എന്നാൽ 180കിലോമീറ്റർ വരെ വേഗത്തിൽ നിരന്തരം ട്രെയിനുകളോടിക്കാവുന്നതായിരിക്കും റാപ്പിഡ് റെയിൽ പാത. ഇതിലൂടെ ഗുഡ്സ് ട്രെയിനുകളും വേഗത്തിലോടിക്കാം.
നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഇന്റർസിറ്റി ട്രെയിനുകളും വേഗത്തിലോടിക്കാം. ഇതോടെ കേരളത്തിൽ അതിവേഗ ട്രെയിൻ യാത്ര എല്ലാവർക്കും ലഭ്യമാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ 4-6 മണിക്കൂറിൽ എത്താൻ പറ്റുന്ന യാത്രാസംവിധാനത്തിന് ജനങ്ങളെ വൻതോതിൽ സ്വാധീനിക്കാനാവുമെന്നാണ് വിലയിരുത്തൽ.
അഭ്യസ്തവിദ്യരായ യുവാക്കൾ വിധിയെഴുതുമെന്ന് വിലയിരുത്തപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിവാദ വിഷയങ്ങളും വർഗീയതയും ഹിന്ദുത്വ അജൻഡയുമൊക്കെ മാറ്റിവച്ച് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ നീക്കം.
കേരളത്തിലെ യുവാക്കൾ വികസനം ആഗ്രഹിക്കുന്നെന്നും അതിലൂടെയുണ്ടാവുന്ന തൊഴിലവസരങ്ങൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും യുവാക്കൾ വിലയിരുത്തുന്നു.
മാത്രമല്ല, സിൽവർലൈൻ പദ്ധതി കാരണം ദ്രോഹമേറ്റുവാങ്ങുകയും മഞ്ഞക്കുറ്റിയിടൽ തടഞ്ഞതിന് കേസുകളിൽ പ്രതികളാക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിന് ആളുകളുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു.
പ്രകൃതിയെ നശിപ്പിക്കാതെയും പ്രളയം പോലുള്ള ദുരന്തങ്ങൾക്ക് വഴിവയ്ക്കാതെയുമുള്ള വികസനമെന്ന വാഗ്ദാനം യുവാക്കളെ മാത്രമല്ല, വലിയ വിഭാഗം ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ലോകമെങ്ങും അതിവേഗ റെയിൽ യാത്രയും അതിലൂടെയുള്ള വികസനവും തൊഴിൽ അവസരങ്ങളുമെല്ലാം യുവാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.
നിലവിലെ റെയിൽ പാളങ്ങളേക്കാൾ ചെറുതായ പാളങ്ങളിലൂടെ പദ്ധതിയിട്ട സിൽവർലൈൻ വെറും കളിപ്പാട്ട ട്രെയിൻ പോലെയായിരുന്നെന്നും കോടികൾ കമ്മീഷൻ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നതെന്നുമൊക്കെ ബിജെപി പ്രചരിപ്പിക്കാനൊരുങ്ങുകയാണ്.
മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ 2029ൽ പൂർത്തിയാവും. 350 കിലോമീറ്ററാണ് വേഗത. ലോകത്ത് ഇരുപതോളം രാജ്യങ്ങളിൽ ഇപ്പോൾ ഹൈ സ്പീഡ് റെയിൽ ഉണ്ട്.
മണിക്കൂറിൽ 600കിലോമീറ്റർ വേഗത്തിലുള്ള ട്രെയിനിനായി ട്രയൽ നടക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാവും റാപ്പിഡ് റെയിലുമായി ബിജെപിയുടെ വികസന വാഗ്ദാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us