/sathyam/media/media_files/2024/12/03/dlILzG4GxU3lfeYxmmgr.jpg)
രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി 'ഉണര്‍വ്വ് 2024' ന്റെ ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: ഭിന്നശേഷിക്കാരുടെ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി 'ഉണര്‍വ്വ് 2024' ന്റെ ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ഭിന്നശേഷിയില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിശ്ചിതശതമാനം ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവയ്ക്കണമെന്ന് നിബന്ധനയുണ്ട്.
എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ബഡ്്സ് സ്‌കൂളുകള്‍ വേണമെന്നാണു സര്‍ക്കാര്‍ നയം. കോട്ടയം ജില്ലയില്‍ ഇതിനോടകം 20 തദ്ദേശ സ്ഥാപനങ്ങളില്‍ ബഡ്സ് സ്‌കൂളുകള്‍ സ്ഥാപിക്കാനായിട്ടുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്കു ബഡ്സ് സ്‌കൂളുകളോടു ചേര്‍ന്നു തൊഴില്‍ കണ്ടെത്തുന്നതിനുള്ള കൂടുതല്‍ സംരംഭങ്ങളുണ്ടാകണമെന്നും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ മാതൃകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
95 ശതമാനം കേഴ്വി പരിമിതിയുമായി ജനിച്ചിട്ടും ഇരുപത്തേഴാം വയസില്‍ യു.പി.എസ്.സി. പരീക്ഷയില്‍ ജയിച്ച് ഐ.എ.എസ്. നേടിയ കോട്ടയം സബ് കളക്ടര്‍ ഡി. രഞ്ജിത്തിനെ യോഗത്തില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആദരിച്ചു.
ജന്മനാ പരിമിതികളുണ്ടായിട്ടും 15 വര്‍ഷത്തോളം നീണ്ട തീവ്രപരിശീലനത്തിലൂടെയാണ് തനിക്കു സംസാരിക്കാന്‍ സാധിച്ചതെന്നു ആശംസാപ്രസംഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് പറഞ്ഞു.
സ്പെയിനില്‍ നടന്ന ഗോഥിയ കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സ്പെഷ്യല്‍ ഒളിമ്പിക് ദേശീയ ഫുട്ബോള്‍ ടീം അംഗങ്ങളായ കോട്ടയം സ്വദേശികളായ ആരോമല്‍ ജോസഫ്, അഭി ജോസ്, ബ്ളൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ടോമി ജോസഫ്, സാമൂഹികനീതിവകുപ്പിന്റെ വിജയാമൃതം പദ്ധതിയിലൂടെ എം.കോമിന് ഉന്നത വിജയം നേടിയ എന്‍. അബ്ദുള്‍ ബാസിത്, കലാകായിക മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്കു കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ ശ്രേഷ്ഠ പദ്ധതിയില്‍ പങ്കാളികളായ ആരോമല്‍ ജോസ്, സൗമ്യ സൈമണ്‍, വിറ്റോ പി. വില്‍സണ്‍, ഐറിന്‍ ആന്‍ സിബി, സനീഷ് മാത്യൂ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, നഗരസഭാംഗം ജയമോള്‍ ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ പി. പ്രദീപ്, സമഗ്ര ശിക്ഷാ കേരള ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ഭിന്നശേഷി ജില്ലാതലകമ്മിറ്റി അംഗവും ഡി.എ.ഡബ്ല്യൂ.എഫ്. സംസ്ഥാന പ്രസിഡന്റുമായ കെ.കെ. സുരേഷ്, സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവും കേരള എ.ഐ.ഡി. ചെയര്‍മാനുമായ ഫാ. റോയി വടക്കേല്‍, ഡി.എ.പി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സജിമോന്‍ ഇരവിനല്ലൂര്‍, ഹാന്‍ഡികാപ്പ്ഡ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് ളാക്കാട്ടൂര്‍, എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us