തിരുവനന്തപുരം: മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞു കയറി നാടോടി സംഘത്തിലെ അഞ്ചു പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമ്മീഷൻ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
തൃശൂർ ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
പുലര്‍ച്ചെ നാലോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര് തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്.
കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (നാല്), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചത്.
വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ.
ലോറി ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54) വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നു. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്. അലക്സും മദ്യപിച്ചിരുന്നു. അതേസമയം അലക്സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല.