കാസർഗോഡ്: ഇടത് സർക്കാരിന്റെ നവ കേരള സദസിന് കാസർകോട്ട് തുടക്കം. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മഞ്ചേശ്വരത്തെ പൈ വളിഗയിലാണ് ഇടത് സർക്കാരിന്റെ നവ കേരള സദസിന് തുടക്കമായി. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയിൽ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു സ്വീകരിച്ചത്.
നവകേരള സദസ്സ് തീർത്തും സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎൽഎ ചടങ്ങിൽ പങ്കെടുക്കാത്തത് മുസ്ലിം ലീഗിന് താൽപ്പര്യമില്ലാത്തതിനാലല്ല മറിച്ച് യുഡിഎഫ്-കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർബന്ധം കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇടതുപക്ഷ സർക്കാരിന്റെ 7 വർത്തെ നേട്ടങ്ങൾ കൃത്യമായി പറഞ്ഞ മുഖ്യമന്ത്രി പക്ഷേ വരും ദിനങ്ങളിൽ എന്തൊക്കെ ചെയ്യും എന്ന കാര്യത്തിൽ മൗനം പാലിച്ചു. മന്ത്രിമാരുടെ സംഘം സമ്മേളന സ്ഥലത്തെത്തുന്നതിന് 3 മണിക്കൂർ മുൻപ് ജനങ്ങൾക്ക് പരാതി നൽകാം. ഇത് മേടിക്കാൻ പ്രത്യേക സംഘം ഉണ്ട്. 7 മുതൽ 45 ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രഖ്യാപനം. നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണണം