കാസർഗോഡ്: മഞ്ചേശ്വരത്ത് നടന്ന നവകേരള സദസ്സിന്റെ ഉദ്ഘാടനം വൻ ജനാവലിയാൽ ഗംഭീരം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗം അര മണിക്കൂർ പിന്നിട്ടപ്പോഴെക്കും കസേരകൾ ഭൂരിഭാഗവും ഒഴിഞ്ഞ നിലയിലായത് സർക്കാറിന്റെ പ്രൗഢി ഉയർത്തുന്ന പരിപാടിക്ക് തുടക്കത്തിലെ മങ്ങലേൽപ്പിക്കും വിധത്തിലായി. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും വേദിയിൽ ഉണ്ടാകുമ്പോഴാണ് ആളുകൾ ഒഴിഞ്ഞത്.
കനത്ത സുരക്ഷാ വലയത്തിൽ വൻ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു നവകേരള സദസ്സിന്റെ ഉദ്ഘാടനം മഞ്ചേശ്വരം പൈവളിഗയിൽ നടന്നത്. ഉദ്ഘാടനത്തിനായി എത്തി ചേർന്ന മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും കുഴൽ വിളികളോടെയാണ് തുളുനാടൻ മണ്ണിലേക്ക് വരവേറ്റത്.
നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി പതിവ് പോലെ പ്രതിപക്ഷത്തെയും കേന്ദ്ര സർക്കാറിനെയും വിമർശിച്ച് സംസ്ഥാന സർക്കാർ നടത്തിയ വികസന കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് പ്രസംഗം തുടർന്ന് ഏതാണ്ട് അര മണിക്കൂർ പിന്നിട്ടപ്പോൾ നിറഞ്ഞ സദസിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകുന്നതാണ് കാണാൻ സാധിച്ചത്.
നേരത്തെ അറിയിച്ചത് പ്രകാരം സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന വികസന കാര്യങ്ങളുടെ പ്രഖ്യാപനങ്ങളും മഞ്ചേശ്വരത്ത് നടന്ന നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിൽ ഉണ്ടായില്ല.
അതേ സമയം നവകേരള സദസ്സിന്റെ യാത്രക്കായി ഒരു കോടി രൂപ ചിലവിൽ ഒരുക്കിയ ബസ്സ് ആഢംബരമെന്ന് പറഞ്ഞ മാധ്യമങ്ങളെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു.
നാളെ രാവിലെ 9 മണിക്ക് കാസർകോട് വച്ച് മുഖ്യമന്ത്രി പൗര പ്രമുഖരുമായി കൂടി കാഴ്ച നടത്തും.